Flash News

കേരളത്തില്‍ മണ്‍സൂണ്‍ വൈകും; 18 വരെ കനത്ത മഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി/തിരുവനന്തപുരം: ചൂട് തുടരുന്ന കേരളത്തില്‍ ഇത്തവണ കാലവര്‍ഷം വൈകും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഏഴിന് മാത്രമേ കേരളത്തില്‍ എത്തുകയുള്ളൂവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു. ഈ മാസം 28നും 30നും ഇടയ്ക്ക് കാലവര്‍ഷം എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
കാലവര്‍ഷം ഏഴിന് കേരള തീരത്ത് എത്തുമെങ്കിലും ഇതു നാലുദിവസം മുന്നോട്ടോ പിറകോട്ടോ ആവാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്നു രാവിലെ തമിഴ്‌നാട്  തീരത്തെത്തും. അതിനാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അടുത്ത ദിവസം  മഴ പെയ്യും. മണ്‍സൂണ്‍ വൈകുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിങ് റാത്തോഡ് വ്യക്തമാക്കി. അതേസമയം, അടുത്ത രണ്ടുദിവസം കേരളത്തില്‍ കനത്ത വേനല്‍മഴയ്ക്ക് സാധ്യതയുള്ളതായി സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴു മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഇടിയോടുകൂടിയ മഴ പെയ്യാനാണു സാധ്യത. കേരളത്തിലും ലക്ഷദ്വീപിലെ ചിലയിടങ്ങളിലും 19 വരെ കനത്ത മഴ പെയ്യും. ശക്തമായ കാറ്റ് വീശുമെന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ക്കും മുന്നറിയിപ്പുണ്ട്.
45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ പടിഞ്ഞാറന്‍ കാറ്റ് വീശുന്നതിനാല്‍ 18 വരെ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. പ്രധാന കേന്ദ്രങ്ങളിലെല്ലാം 18 വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ പലയിടത്തും 9 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചു.
Next Story

RELATED STORIES

Share it