കേരളത്തില്‍ പ്രായോഗികമല്ലെന്ന് വിലയിരുത്തല്‍

നിഷാദ് എം ബഷീര്‍
തിരുവനന്തപുരം: പൊതുപ്രവേശനപ്പരീക്ഷ നടത്തണമെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം കേരളത്തില്‍ പ്രായോഗികമല്ലെന്ന് വിലയിരുത്തല്‍. സംസ്ഥാനത്ത് അടുത്ത വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനവും നിര്‍ണായകമാണ്. സംസ്ഥാനത്ത് മെഡിക്കല്‍ പൊതുപ്രവേശനപ്പരീക്ഷ എഴുതുന്നവരുടെ ലിസ്റ്റില്‍നിന്നാണ് എം.ബി.ബി.എസ്, ഹോമിയോ, ആയുര്‍വേദ, സിദ്ധ, യുനാനി, അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഫിഷറീസ് എന്നിവയിലേക്കുള്ള വിദ്യാര്‍ഥികളെ അലോട്ട് ചെയ്യുന്നത്. എന്നാല്‍, അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതിയാല്‍ ഇത്രയും കോഴ്‌സുകളിലേക്കുള്ള 1,679 സീറ്റ് നികത്താനാവില്ല. 2013ലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരം അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ നടന്നത്. ഇതിനൊപ്പം കേരളത്തിലും പ്രത്യേക പ്രവേശനപ്പരീക്ഷ നടത്തിയാണ് മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തിയത്. കേന്ദ്ര പരീക്ഷയുണ്ടെങ്കില്‍പ്പോലും സംസ്ഥാനത്ത് ആയുര്‍വേദം, ഹോമിയോ, അഗ്രികള്‍ച്ചര്‍ തുടങ്ങിയ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്കും പ്രവേശനപ്പരീക്ഷ നടത്തേണ്ടിവരും. എം.സി.ഐയുടെ നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടു പരീക്ഷ എഴുതേണ്ടിവരും. കേന്ദ്രപരീക്ഷയില്‍ യോഗ്യത നേടിയവരില്‍നിന്നു പ്രത്യേകം അപേക്ഷ ക്ഷണിച്ച് ഇപ്പോഴത്തേതുപോലെ തന്നെ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തണം. അഖിലേന്ത്യാ പ്രവേശനപ്പരീക്ഷ മാത്രം ആശ്രയിച്ച് സംസ്ഥാനത്ത് ആയുര്‍വേദം ഉള്‍പ്പെടെയുള്ള മറ്റു കോഴ്‌സുകളിലേക്കു പ്രവേശനം നടത്താനാവില്ലെന്ന് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി പറഞ്ഞു. അഖിലേന്ത്യാ എന്‍ട്രന്‍സിന് നാല് സെന്ററുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെയെത്തി പരീക്ഷയെഴുതാന്‍ കഴിവുള്ള വിദ്യാര്‍ഥികള്‍ക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളൂവെന്നതും തിരിച്ചടിയാണ്. ഇതുവരെയായും എം.സി.ഐയുടെ നിര്‍ദേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്തിട്ടില്ല. അടുത്ത വര്‍ഷത്തെ പ്രവേശനപ്പരീക്ഷയുടെ തിയ്യതി പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മീഷണറേറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുപരീക്ഷാ നിര്‍ദേശം റദ്ദാക്കിയ സുപ്രിംകോടതി വിധി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങളോടെയാണ് എം.സി.ഐ. ഇത്തവണ ശുപാര്‍ശ സമര്‍പ്പിച്ചത്.പ്രവേശനപ്പരീക്ഷയ്ക്ക് അധികാരം നല്‍കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിലെ 32ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് എം.സി.ഐ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it