Districts

കേരളത്തില്‍ പ്രഗല്‍ഭരുണ്ട്; ഇനി താനില്ലെന്ന് എ കെ ആന്റണി

കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രഗല്‍ഭരുണ്ടെന്നും നേതൃപരമായ പങ്ക് വഹിക്കാന്‍ ഇനി താനില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കണ്ണൂരില്‍ യുഡിഎഫ് പ്രചാരണത്തിനെത്തിയ അദ്ദേഹം ഡിസിസി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ സുന്ദരമായ നേതൃത്വമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. എന്റെ കാലം കഴിഞ്ഞു. ഇനിയും ഇവിടേക്കില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിയെ ആര് നയിക്കുമെന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട. അക്കാര്യം അപ്പോള്‍ പറയാം. ബിജെപി ഭരണം നാടിന്നാപത്താണെന്നു തെളിയുകയാണ്. മോദി ഭരണം 5000 വര്‍ഷത്തെ പാരമ്പര്യമുള്ള ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പാവനത്വമാണ് നശിപ്പിച്ചത്. വിലക്കയറ്റത്തിനു കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ്. കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമാണ് ഇന്ത്യ. മലയാളികളുടെ ഭക്ഷണരീതി മാറ്റാന്‍ ആര്‍എസ്എസ് വിചാരിച്ചാല്‍ നടക്കില്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കുമെതിരേ തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതണം. ജില്ലയില്‍ ബോംബ് രാഷ്ട്രീയമാണ് സിപിഎം ഇപ്പോഴും തുടരുന്നത്.
സിപിഎം സ്റ്റാനിലിസ്റ്റ് രീതി ഇനിയെങ്കിലും ഉപേക്ഷിക്കണം. നാട്ടില്‍ സമാധാനം വേണം. ഇല്ലെങ്കില്‍ ആര്‍ക്കും രക്ഷയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി സുമ ബാലകൃഷ്ണന്‍, കെ പി നൂറുദ്ദീന്‍, സതീശന്‍ പാച്ചേനി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it