കേരളത്തില്‍ നിന്നു 18 ദിവസം ഹജ്ജ് വിമാനങ്ങള്‍

കരിപ്പൂര്‍: കേരളത്തില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ 18 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. നെടുമ്പാശ്ശേരിയില്‍ നിന്നു ജൂലൈ 29 മുതല്‍ ആരംഭിക്കുന്ന ഹജ്ജ് തീര്‍ത്ഥാടന സര്‍വീസുകള്‍ ആഗസ്ത് 15നാണു പൂര്‍ത്തീകരിക്കുക. കേരളത്തിനു പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും നെടുമ്പാശ്ശേരി വഴിയാണു പുറപ്പെടുക.
ഹജ്ജ് വിമാന ടെന്‍ഡറിലാണ് 18 ദിവസം കൊണ്ട് തീര്‍ത്ഥാടകരെ മുഴുവന്‍ എത്തിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചത്. കേരളത്തിലേക്കായി 11,700 പേര്‍ക്കുള്ള വിമാന സീറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതുവരെയായി 10,850 പേര്‍ക്കാണു കേരളത്തില്‍ നിന്ന് അവസരം ലഭിച്ചത്. അവസരം ലഭിച്ചവര്‍ യാത്ര റദ്ദാക്കുന്ന പക്ഷം കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. ഹജ്ജ് വിമാനം നേരിട്ടു ജിദ്ദയിലേക്കും മടക്കം മദീന വഴിയുമാണ്. അതിനിടെ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ഹജ്ജ് തീര്‍ത്ഥാടകരുടെയും യാത്ര ഇത്തവണ മദീന വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വേണ്ടി വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച ഒമ്പത് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് 66,090 തീര്‍ത്ഥാടകര്‍ക്കാണു മദീന വഴി ഹജ്ജ് വിമാനം ക്രമീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 11 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് ഹജ്ജ് വിമാനങ്ങള്‍ ജിദ്ദയിലാണ് എത്തുക.
കേരളത്തില്‍ നിന്നടക്കമുള്ള 61,060 പേര്‍ക്കാണ് ജിദ്ദ വഴി യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാണു ഹജ്ജ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിലുള്‍പ്പെട്ടവര്‍ മദീനയിലേക്ക് ജൂലൈ 14 മുതലും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടവര്‍ ജിദ്ദ വഴി ജൂലൈ 29 മുതലുമാണു തീര്‍ത്ഥാടനത്തിനു പുറപ്പെടുക. ഡല്‍ഹി, ഗയ, ഗോവ, ഗുവാഹത്തി, കൊല്‍ക്കത്ത, ലഖ്‌േനാ, മാംഗ്ലൂര്‍, ശ്രീനഗര്‍, വാരണസി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുമായുള്ള വിമാനമാണു മദീനയിലേക്കു പുറപ്പെടുന്നത്. ഇവര്‍ ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങുന്നതിനു മുമ്പായി തന്നെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കും.
ഇവരുടെ മടക്ക യാത്ര ജിദ്ദ വഴിയാണു ക്രമീകരിച്ചിരിക്കുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്കു ശേഷം ജിദ്ദയിലെത്തി നാട്ടിലേക്കു മടങ്ങും. നെടുമ്പാശ്ശേരി, അഹ്മദാബാദ്, ഔറംഗാബാദ്, ബംഗളൂരു, ഭോപാല്‍, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, മുംബൈ, നാഗ്പൂര്‍, റാഞ്ചി എന്നീ 11 എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുളള ഹജ്ജ് വിമാനങ്ങള്‍ ജിദ്ദയിലേക്കാണു പുറപ്പെടുക. കേരളത്തില്‍ നിന്നടക്കമുളള 61,060 പേരാണു ജിദ്ദ വഴി യാത്രയാവുക. ഇവര്‍ മക്കയിലെത്തി ഹജ്ജ്കര്‍മം കഴിഞ്ഞ ശേഷമാണു മദീനയിലേക്കു പോവുക. തുടര്‍ന്നു മദീനയില്‍ നിന്നു നാട്ടിലേക്കു മടങ്ങും. ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഡല്‍ഹിയില്‍ നിന്നാണ്.


Next Story

RELATED STORIES

Share it