kannur local

കേരളത്തില്‍ നടക്കുന്നത് ജനകീയ ഭരണം : കോടിയേരി



കണ്ണൂര്‍: ഇഎംഎസ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭുപരിഷ്‌കരണ നിയമം വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്നും ജനകീയ ഭരണമാണ് കേരളത്തില്‍ ഇന്ന് ഇടതു സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇഎംഎസിന്റെ ലോകം എന്ന സെമിനാര്‍ ശിക്ഷക് സദനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തട്ടിലുള്ള പിന്നോക്കക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു. ഭിന്നലിംഗക്കാര്‍ക്കും ന്യൂനപക്ഷ വിഭാഗത്തിനും മല്‍സ്യത്തൊഴിലാളികള്‍ക്കും പുതിയ ബജറ്റിലൂടെ മികച്ച ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസും മുതലാളിത്തത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സര്‍ക്കാരിന് താല്‍ക്കാലിക നേട്ടം മാത്രം നോക്കിയാല്‍ പോര. അതിലുപരിയായി മുതലാളിത്തവല്‍ക്കരണത്തിനെതിരേ പൊരുതുകയും വേണം. ഇതിന് മാതൃകയാണ് ഇടത് സര്‍ക്കാറെന്നും കോടിയേരി വ്യക്തമാക്കി. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഇഎംഎസിന്റെ നാമധേയത്തില്‍ അറിയപ്പെടുന്ന ലൈബ്രറികളിലെ പ്രവര്‍ത്തകരുടെ സംഗമം പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ലോഗോ പ്രകാശനം ചെയ്തു. മേയര്‍ ഇ പി ലത, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, ഡോ.സി ബാലന്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, ഡോ. വി പി പി മുസ്്തഫ, എം മോഹനന്‍, പി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it