കേരളത്തില്‍ ദാരിദ്ര്യം പിടിമുറുക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ദാരിദ്ര്യം വിട്ടകലുന്നില്ലെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സാമ്പത്തിക അവലോകന രേഖ. ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കൂടുതലുള്ളത് പട്ടികവര്‍ഗ വിഭാഗത്തിലും തുടര്‍ന്ന് പട്ടികജാതി വിഭാഗത്തിലുമാണ്. മൊത്തം ഗ്രാമീണ കുടുംബങ്ങളില്‍ 19.16 ലക്ഷം (30.33 ശതമാനം) ദാരിദ്ര്യത്തിലാണ്. ദാരിദ്ര്യത്തിന്റെ ഉയര്‍ന്ന തോത് പാലക്കാട് (42.33 ശതമാനം) ജില്ലയിലാണ്. തൊട്ടു പിറകില്‍ തിരുവനന്തപുരം (38.36 ശതമാനം), വയനാട് (36.33 ശതമാനം) എന്നീ ജില്ലകളാണ്. എറണാകുളം (20.30 ശതമാനം), കോട്ടയം (23.02 ശതമാനം), കണ്ണൂര്‍ (24.25 ശതമാനം) എന്നീ ജില്ലകളിലാണ് ദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞുകാണുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. മൊത്തം ഗ്രാമീണ പട്ടികവര്‍ഗ കുടുംബങ്ങളില്‍ 61.68 ശതമാനവും ദരിദ്രവിഭാഗത്തിലാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. കൃഷിയും അനുബന്ധ മേഖലകളും 25 ശതമാനം വളര്‍ച്ചാനിരക്ക് കൈവരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഗുണകരമായ ലാഭം കൈവരിച്ചുവെന്നും അവലോകന റിപോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തെ സാമ്പത്തിക അവലോകനത്തില്‍ വയോജനങ്ങള്‍ക്കു വേണ്ടി പുതിയ ഭാഗവും അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ കാര്‍ഷികമേഖല നിരവധി വെല്ലുവിളികള്‍ നേരിടുകയാണ്. നെല്‍കൃഷി വിസ്തൃതി 1.96 ലക്ഷം ഹെക്ടറില്‍ നിന്ന് 1.71 ശതമാനമായി കുറഞ്ഞു. പയറുവര്‍ഗങ്ങളുടെ വിസ്തൃതി പകുതിയോളവും കപ്പയുടെ വിസ്തൃതി 1000 ഹെക്ടറും കുറഞ്ഞു. നാളികേര ഉല്‍പാദനത്തിലും കുറവുണ്ടായി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കാര്‍ഷിക വായ്പകള്‍ ഗണ്യമായി വര്‍ധിച്ചു. 2012- 13ല്‍ 37,710 കോടി രൂപയായിരുന്നത് 2017 മാര്‍ച്ച് ആയപ്പോഴേക്കും 54,270 കോടി രൂപയായി വര്‍ധിച്ചു (43.9 ശതമാനം). ഇത് ദേശീയ കാര്‍ഷിക വായ്പയുടെ 5.64 ശതമാനമാണ്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവ് 78,689.47 കോടിയില്‍ നിന്ന് 15.76 ശതമാനം വര്‍ധിച്ച് 91,096.31 കോടിയായെന്നും റിപോര്‍ട്ട് പറയുന്നു. ഇന്നലെ ശൂന്യവേളയ്‌ക്കൊടുവില്‍ ധനമന്ത്രി തോമസ് ഐസക്കാണ് സഭയുടെ മേശപ്പുറത്തു വച്ചത്.
Next Story

RELATED STORIES

Share it