കേരളത്തില്‍ താമര വിരിയില്ല; ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി രഹസ്യബന്ധം: കോടിയേരി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇക്കുറിയും ബിജെപി അക്കൗണ്ട് തുറക്കില്ല. അതിനാല്‍ ബിജെപിയെ നേരിടാന്‍ സിപിഎമ്മും ലീഗും വോട്ട് മറിക്കേണ്ട സാഹചര്യം ഉണ്ടാവില്ല. എന്നാല്‍, തെക്കും വടക്കും ബിജെപിയും കോണ്‍ഗ്രസ്സും രഹസ്യ ധാരണയിലാണ്. തിരുവനന്തപുരത്ത് ഒ രാജഗോപാലും ആരോഗ്യമന്ത്രി വി എസ് ശിവകുമാറും തമ്മില്‍ ധാരണയായിട്ടുണ്ട്. ഉദുമയില്‍ കെ സുധാകരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും ധാരണയാക്കിയതായും അദ്ദേഹം ആരോപിച്ചു. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ കേരള ജനത പരാജയപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നശേഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയുള്ള നാടായി കേരളം മാറും. മതന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ച് നീങ്ങുന്ന ബിജെപി അജണ്ട തകരുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കെ ഇന്ത്യന്‍ മോഡല്‍ രാഷ്ട്രീയ പരീക്ഷണം കേരളത്തിലും നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട്ടെ ഒരു ചാനല്‍ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് റിയാസിനെ പാകിസ്താനിലേക്ക് പോവണമെന്നാവശ്യപ്പെട്ട് ആക്രമിച്ചത്. പേരാമ്പ്രയില്‍ കന്നുകാലികടത്തുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഡ്രൈവറേയും ക്ലീനറേയും അക്രമിച്ചു. ഈ കേസിലെ പ്രതികളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിക്കുകയായിരുന്നു. സംഘപരിവാരത്തിന് മുന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ മൗനാനുവാദവും നല്‍കി. അഞ്ചു വര്‍ഷത്തെ യുഡിഎഫ് ഭരണം എല്ലാ മേഖലയിലും കനത്ത പരാജയമാണ്. ജനവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. യുബി ഗ്രൂപ്പിന്റെ വിജയ് മല്യക്ക് പോലും കോടികള്‍ വിലമതിക്കുന്ന 20 ഏക്കര്‍ സ്ഥലം പതിച്ചുനല്‍കി. സംസ്ഥാനത്തെ 12 മന്ത്രിമാര്‍ വിജിലന്‍സ് കേസില്‍ പ്രതികളാണ്. അഴിമതി തടയല്‍ നിയമം കാര്യക്ഷമമല്ലെന്നും അദ്ദേഹം പറഞ്ഞു. പി കരുണാകരന്‍ എംപി, കെ പി സതീഷ് ചന്ദ്രന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it