കേരളത്തില്‍ കാലവര്‍ഷമെത്തി; വ്യാപക നാശനഷ്ടങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തി. കേരളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. തെക്കന്‍ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി. മലയിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പൊന്‍മുടി അടക്കമുള്ള ഹില്‍ സ്‌റ്റേഷനുകളിലേക്കു പോവരുതെന്നു വിനോദസഞ്ചാരികള്‍ക്കു മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
കടലില്‍ പോവുന്നതിനു മല്‍സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 7 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചു. തിരുവനന്തപുരത്ത് വരും മണിക്കൂറുകളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്‍കി. ഞായറാഴ്ച വരെ 12 മുതല്‍ 20 സെന്റീമീറ്റര്‍ മഴയാണു പ്രതീക്ഷിക്കുന്നത്. കാറ്റിനു ശക്തി കൂടുന്നതോടെ കാലവര്‍ഷവും കനക്കും. ഈവര്‍ഷം 16 ശതമാനം അധികം മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സംസ്ഥാനത്ത് പലഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പുനലൂരിലും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. ഇടുക്കി വാഴവരയ്ക്കു സമീപം വീടിനു മുകളിലേക്കു പാറയും മണ്ണും ഇടിഞ്ഞുവീണ് എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജോബി ജോണി മരിച്ചു.
കോട്ടയം താഴത്തങ്ങാടിയില്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി കെട്ടിടം തകര്‍ന്നുവീണു. അപകടത്തിനു നിമിഷങ്ങള്‍ മുമ്പ് കുട്ടികളെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൊട്ടാരക്കര എംസി റോഡില്‍ വെള്ളംകയറി ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞദിവസം ആഞ്ഞടിച്ച തിരയില്‍ വിഴിഞ്ഞം തുറമുഖത്ത് അടുപ്പിച്ചിരുന്ന നൂറോളം വള്ളങ്ങള്‍ക്ക് കേടുപറ്റി. കനത്ത മഴയും കടല്‍ക്ഷോഭവുംമൂലം തിരുവനന്തപുരം ജില്ലയില്‍ മാത്രം 100ലധികം വീടുകള്‍ തകര്‍ന്നു. 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രണ്ടിടത്തു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.
Next Story

RELATED STORIES

Share it