കേരളത്തില്‍ ആര്‍എസ്എസ് ശാഖകള്‍ ക്രമാതീതമായി വളരുന്നത് ആശങ്കാജനകം: ടീസ്ത

തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസ് ശാഖകള്‍ ക്രമാതീതമായി വളരുന്നത് ആശങ്കാജനകമാണെന്ന് പ്രമുഖ സാമൂഹികപ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദ്. സംസ്ഥാനത്ത് 6,800 ആര്‍എസ്എസ് ശാഖകളുണ്ട്. കേരളം പോലൊരു സമൂഹത്തില്‍ ഇതെങ്ങനെ സംഭവിച്ചു എന്നുതന്നെ അദ്ഭുതപ്പെടുത്തുന്നെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന യുവജന കമ്മീഷന്റെ ദേശീയ സെമിനാറില്‍ സിറ്റിസണ്‍ വേഴ്‌സസ് സ്‌റ്റേറ്റ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആര്‍എസ്എസുകാര്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല. മനുസ്മൃതി തിരികെ കൊണ്ടുവരാനാണ് അവരുടെ  ശ്രമം. രോഹിത് വെമുലയെ പോലുള്ളവരുടെ മരണംപോലും ഒരു ചെറുത്തുനില്‍പ്പാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ പെണ്‍ ഭ്രൂണഹത്യ വര്‍ധിച്ചുവരുകയാണ്. ഇത് സമ്പന്നരുടെയും സവര്‍ണരുടെയും ഇടയിലാണെന്ന് സെന്‍സസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു. അതിനെതിരേ പ്രതികരിക്കുകയോ ബോധവല്‍ക്കരണം നടത്തുകയോ ചെയ്യാതെ മുത്ത്വലാക്കിനെ മാത്രം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല. കേരളത്തില്‍ ഗ്രാമങ്ങളില്‍ പോലും ജ്വല്ലറികളുടെ ധാരാളം പരസ്യം കണ്ടു. ഇവിടെ സ്ത്രീധനത്തിനൊപ്പം സ്വര്‍ണവും ഭൂമിയും നല്‍കുമെന്ന് അറിയാന്‍ കഴിഞ്ഞു. ഇന്ത്യക്ക് തന്നെ മാതൃകയായ കേരള സമൂഹത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും തന്നെ നിരാശയാക്കിയെന്നും അവര്‍ പറഞ്ഞു.
എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെയും യുക്തിഭദ്രമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെയും കേന്ദ്രസര്‍ക്കാരും സംഘപരിവാരവും ആക്രമിക്കുകയാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകയായശബ്‌നം ഹഷ്മി പറഞ്ഞു. എതിര്‍ ശബ്ദങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന ഭീഷണി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം സ്വാഗതം പറഞ്ഞു. ഡോ. അജിത്കുമാര്‍ അധ്യക്ഷനായി. കമ്മീഷന്‍ അംഗങ്ങളായ ദീപു രാധാകൃഷ്ണന്‍, ടി മഹേഷ്, വിദ്യ കെ കെ വിനില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it