കേരളത്തിലോടുന്ന 13 ട്രെയിനുകളില്‍ കൂടി ഡിസംബര്‍ മുതല്‍ ഡീ റിസര്‍വ്ഡ് കോച്ചുകള്‍

കൊല്ലം: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 13 ദീര്‍ഘദൂര ട്രെയിനുകളില്‍ കൂടി ഡീ റിസര്‍വ്ഡ് കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നു. ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ സീസണ്‍ ടിക്കറ്റ് എടുത്ത യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യവും യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണു റെയില്‍വേയുടെ തീരുമാനം.
ഡിസംബര്‍ ഒന്നുമുതല്‍ കൂടുതല്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി കേന്ദ്ര റെയില്‍വേ മന്ത്രി രജന്‍ ഗൊഹൈന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ രേഖാമൂലം അറിയിച്ചു.
രപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ്, അഹല്യനാഗരി, കോര്‍ബ സൂപ്പര്‍ഫാസ്റ്റ്, ഷാലിമാര്‍ എക്‌സ്പ്രസ്, നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എന്നി ട്രെയിനുകള്‍ക്ക് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മൂന്നു കോച്ചുകള്‍ വീതം ഡി-റിസര്‍വ് ചെയ്യുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ശബരി എക്‌സ്പ്രസ്സിന് കോട്ടയം മുതല്‍ തിരുവനന്തപുരം വരെയും നേത്രാവതി എക്‌സ്പ്രസ്സിന് ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയും ജയന്തി ജനത എക്‌സ്പ്രസ്സിന് കൊല്ലം മുതല്‍ കന്യാകുമാരി വരെയും കന്യാകുമാരി എക്‌സ്പ്രസ്സിന് എറണാകുളം മുതല്‍ കന്യാകുമാരി വരെയും കേരള സമ്പര്‍ക്ക്രാന്തി സൂപ്പര്‍ഫാസ്റ്റിന് ഷൊര്‍ണൂര്‍ മുതല്‍ കൊച്ചുവേളി വരെയും ലോക്മാന്യതിലക്-കൊച്ചുവേളി ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റിന് എറണാകുളം മുതല്‍ കൊച്ചുവേളി വരെയും നിസ്സാമുദീന്‍-തിരുവനന്തപുരം വീക്കിലി സൂപ്പര്‍ഫാസ്റ്റിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയും മൂന്നു കോച്ചുകള്‍ വീതം ഡി-റിസര്‍വ്ഡാക്കാനും നിസാമുദ്ദീനില്‍ നിന്നു യാത്ര പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിന് ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയും ഡീറിസര്‍വ്ഡ് കോച്ച് അനുവദിക്കാനാണു ദക്ഷിണ റെയില്‍വേ ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സോണലുകള്‍ക്ക് ശുപാര്‍ശ നല്‍കിയത്.
ട്രെയിനുകളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്നതിനുള്ള അധികാരം ട്രെയിനുകള്‍ പുറപ്പെടുന്ന സോണലുകളിലെ ജനറല്‍ മാനേജര്‍ക്കാണ്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ നടപ്പാക്കണ്ടേതും ഈ സോണലുകളിലെ ജനറല്‍ മാനേജര്‍മാരാണ്.

Next Story

RELATED STORIES

Share it