കേരളത്തിലേക്ക് 'സുനാമി ബീഫ്' എത്തുന്നു

കോഴിക്കോട്: റമദാന്‍ കാലത്ത് ബീഫിനുള്ള പ്രിയം മുതലെടുത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സുനാമി ഇറച്ചി എന്നറിയപ്പെടുന്ന ബീഫ് അവശിഷ്ടങ്ങള്‍ വന്‍തോതില്‍ കേരളത്തിലെത്തുന്നതായി സംശയം ബലപ്പെടുന്നു. ബീഫ് വിദേശത്തേക്കു കയറ്റിഅയക്കുന്ന അയല്‍ സംസ്ഥാനങ്ങളിലെ വന്‍കിട സ്ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് സുനാമി ഇറച്ചിയെന്ന ഓമനപ്പേരില്‍ കേരളത്തില്‍ എത്തുന്നത്.
ഇറച്ചിയുടെ പ്രധാനഭാഗങ്ങള്‍ കയറ്റുമതി ചെയ്തശേഷം ബാക്കിയായ കരള്‍, ഹൃദയം, നാവ്, തരുണാസ്ഥി തുടങ്ങിയ ഭാഗങ്ങളാണ് ഇത്തരത്തില്‍ കൊത്തിനുറുക്കിയ രൂപത്തില്‍ കേരളത്തിലെത്തുന്നത്. സാധാരണ ഇറച്ചിക്കു നല്‍കേണ്ടതിന്റെ നാലിലൊന്നു വിലയ്ക്ക് ഇത് കേരളത്തില്‍ എത്തിക്കാന്‍ പ്രത്യേക ഏജന്റുമാരുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ ഇത്തരമൊരു ഏജന്റ് പിടിയിലായതോടെയാണ് സുനാമി ഇറച്ചിയെന്ന പേരു പുറത്തറിഞ്ഞത്. ചിലയിടത്ത് പൊടിയിറച്ചി എന്ന പേരിലും ഇതു ലഭ്യമാണ്.
ഏതാനും മാസം കന്നുകാലി കച്ചവടക്കാരുടെ സമരം വന്നപ്പോഴാണ് സുനാമി ചില ഹോട്ടലുകാരുടെ രക്ഷയ്‌ക്കെത്തിയത്. അമിതലാഭത്തില്‍ മയങ്ങിയ ഹോട്ടലുടമകളില്‍ പലരും തുടര്‍ന്നും സുനാമി ആശ്രയിക്കാന്‍ തുടങ്ങിയതായാണ് ഈ മേഖലയുമായി അടുത്ത ബന്ധമുള്ളവര്‍ വെളിപ്പെടുത്തുന്നത്. സാധാരണ ബീഫില്‍ കരളിന്റെ അംശം വളരെ കുറച്ചാണ് ഉണ്ടാവുകയെങ്കില്‍ സുനാമി ബീഫില്‍ ധാരാളമായി കരള്‍ കാണപ്പെടും. മാത്രമല്ല ഇതിന് രുചിവ്യത്യാസം ഉണ്ടായിരിക്കുകയും ചെയ്യും. ഹോട്ടലുകളില്‍ നിന്നു ലഭിക്കുന്ന ബീഫില്‍ നല്ല മാസത്തിനു പകരം കൂടുതലായി കരള്‍, ശ്വാസകോശം(പതിര്), ഹൃദയ ഭാഗം എന്നിവയാണു ലഭിക്കുന്നതെങ്കില്‍ അത് കയറ്റുമതി സ്ഥാപനങ്ങള്‍ പുറംതള്ളിയ, പഴക്കംചെന്ന മാംസമാണെന്നു കരുതാമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
ഒന്നോ, രണ്ടോ ഉരുക്കളെ അറുക്കുന്ന നാട്ടിലെ ബീഫ് സ്റ്റാളുകളില്‍ നിന്നു ലഭിക്കുന്ന കരള്‍, ഹൃദയ ഭാഗങ്ങള്‍ എന്നിവയ്ക്ക് പരിധിയുണ്ട്. പക്ഷേ, ചില ഹോട്ടലുകളില്‍ എത്ര വേണമെങ്കിലും ഇത്തരം മാംസമടങ്ങിയ വിഭവങ്ങള്‍ ലഭിക്കും. ശരിയായ ശീതീകരണ സംവിധാനം പോലുമില്ലാതെ ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്ന പൊടിയിറച്ചിയാണ് ഇത്തരത്തില്‍ വിഭവങ്ങളായി മുന്നിലെത്തുന്നത്. എല്ലാ ഹോട്ടലിലും സുനാമി ബീഫ് ഉപയോഗിക്കുന്നില്ലെങ്കിലും പ്രമുഖ പട്ടണങ്ങളിലെ ഏതാനും ഹോട്ടലുകളില്‍ ഇവയുടെ സാന്നിധ്യം ശക്തമാണ്.
Next Story

RELATED STORIES

Share it