കേരളത്തിലേക്കുള്ള വിദേശികളുടെ വരവ് കുറഞ്ഞതായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ കുറവുണ്ടായതായി ടൂറിസം വകുപ്പ്. 2017 ജനുവരി മുതല്‍ സപ്തംബര്‍ വരെയുള്ള കാലയളവില്‍ 4.23 ശതമാനം വിദേശികളാണ് കേരളത്തിലേക്കു വന്നത്. മുന്‍വര്‍ഷം ഇതേ സ്ഥാനത്ത് 5.23 ശതമാനം വിദേശികളാണ് എത്തിയിരുന്നത്.
അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് 2017ല്‍ ഉണ്ടായത്. മുന്‍വര്‍ഷം 6 ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളാണ് എത്തിയിരുന്നതെങ്കില്‍ ഇത്തവണ 11.03 ശതമാനം പേര്‍ കേരളത്തിലെത്തി. ജിഎസ്ടി നടപ്പാക്കിയതു ടൂറിസം വ്യവസായത്തെ വന്‍തോതില്‍ ബാധിച്ചെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ വലിയ ഇടിവാണ് ടൂറിസം രംഗത്തുണ്ടായത്. കേരളത്തില്‍ നടക്കേണ്ടിയിരുന്ന വിവിധ കോണ്‍ഫറന്‍സുകള്‍ നഷ്ടമായി.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പുറത്തുവരുമ്പോ ള്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മദ്യനിരോധനം ടൂറിസ്റ്റുകളുടെ വരവിനെ ബാധിച്ചെന്ന് പറയാനാവില്ല. മദ്യം അന്വേഷിച്ചല്ല വിദേശികള്‍ കേരളത്തിലേക്കു വരുന്നത്. മദ്യം ലഭിക്കുന്നോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തി ല്‍ വിദേശ ടൂറിസ്റ്റുകളുടെ വരവിനെ വിലയിരുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. ടൂറിസം പോളിസിയിലെ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നയം നടപ്പാക്കി 2021ഓടെ ടൂറിസ്റ്റുകളുടെ വരവ് നിലവിലുള്ളതിന്റെ ഇരട്ടിയിലേക്ക് എത്തിക്കുമെന്നുള്ള പ്രഖ്യാപനം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, യുഡിഎഫിന്റെ മദ്യനയമാണ് ടൂറിസം മേഖലയിലെ തിരിച്ചടിക്ക് കാരണമെന്നായിരുന്നു നേരത്തേ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോപിച്ചിരുന്നത്.
Next Story

RELATED STORIES

Share it