Flash News

കേരളത്തിലേക്കുള്ള ബസ് കൊള്ളസംഘം മൈസൂരുവില്‍ തട്ടിയെടുത്തു

കേരളത്തിലേക്കുള്ള ബസ് കൊള്ളസംഘം മൈസൂരുവില്‍ തട്ടിയെടുത്തു
X


കണ്ണൂര്‍ : ബംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മൈസൂരുവിന് സമീപം തടഞ്ഞുനിര്‍ത്തി തട്ടിയെടുത്തു. ഇന്നലെ രാത്രി 10ഓടെ മൈസൂരു സര്‍ക്കിളിലെ കെങ്കേരി രാജരാജേശ്വരി നഗറിലാണ് സംഭവം. കൊള്ളസംഘത്തിലെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട് . ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട കെ എ 01 എജി 636 റൂബിലാമ ബസ്സാണ് അക്രമികള്‍ തട്ടിയെടുത്തത്. വാഹനം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ രണ്ടു ബൈക്കുകളിലെത്തിയ നാലുപേര്‍ ബസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. പോലിസുകാരെന്നു പറഞ്ഞാണ് തടഞ്ഞത്. ഡ്രൈവറെ മര്‍ദിച്ച ശേഷം 40 യാത്രക്കാരുള്ള ബസ് അക്രമികള്‍ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെ ഒരു കെട്ടിടത്തില്‍ യാത്രക്കാരെ ബന്ദിയാക്കി മാരകായുധങ്ങള്‍ കാട്ടി പണം ആവശ്യപ്പെട്ടു. ഇതിനിടെ യാത്രക്കാരില്‍ ഒരാള്‍ സംഭവം പോലിസിനെ ഫോണില്‍ അറിയിച്ചു. സായുധ പോലിസ് സംഘമെത്തി ബസ് വളഞ്ഞാണ് അക്രമികളെ പിടികൂടി യാത്രക്കാരെ മോചിപ്പിച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് ബസ് കണ്ണൂരിലേക്ക് പുറപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മൈസൂരുവിനടുത്ത യെലവാല പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ്സിനുനേരെ ആക്രമണമുണ്ടായിരുന്നു. കേരളത്തിലേക്ക് പുറപ്പെട്ട സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ കൊടുക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് ആയുധങ്ങളുപയോഗിച്ച് ബസ്സിന്റെ ചില്ല് തകര്‍ത്തു. 2017 ആഗസ്ത് 31ന് രാത്രി കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കേരള ആര്‍ടിസി ബസ്സ് ചന്നപ്പട്ടണം പോലിസ് സ്‌റ്റേഷന് സമീപം കത്തികാട്ടി കവര്‍ച്ച നടത്തിയിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് വന്ന ലോറി ശ്രീരംഗപട്ടണയ്ക്ക് സമീപം തടഞ്ഞ് പണം കവര്‍ന്നു. ആയുധങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിനാല്‍ മറ്റു മാര്‍ഗങ്ങളില്ലാതെ ആവശ്യപ്പെടുന്ന പണം കൊടുത്ത സംഭവങ്ങളും നിരവധി. പരാതിപ്പെട്ടിട്ടും കൊള്ളക്കാര്‍ക്കെതിരേ ശക്തമായ പോലിസ് നടപടിയുണ്ടാവുന്നില്ലെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം.
Next Story

RELATED STORIES

Share it