കേരളത്തിലെ വികസന വെല്ലുവിളികള്‍ പരിഹരിക്കാന്‍ കെഡിസ്‌ക് വഴിതെളിക്കണം

തിരുവനന്തപുരം: കേരളത്തിന്റെ വികസന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ കെഡിസ്‌കിന് പങ്കുവഹിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെഡിസ്‌ക്) ഉദ്ഘാടനം കനകക്കുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, ആരോഗ്യപരിപാലനം, കൃഷി, സാമ്പത്തികമേഖലകളില്‍ വളര്‍ച്ചയ്ക്കുവഴിതെളിക്കാനുള്ള ഉത്തരവാദിത്തം എന്നിവ കൗണ്‍സില്‍ ഏറ്റെടുക്കണം. ഇവ സംസ്ഥാനത്തിന്റെ വികാസത്തിന് യോഗ്യമായ പ്രായോഗികതയുള്ള കണ്ടുപിടിത്തങ്ങളായി മാറണം.
ലോക കേരളസഭയില്‍ ആഗോളതലത്തിലെ മലയാളി പ്രതിഭകള്‍ സംഗമിച്ചിരുന്നു. ഇത്തരത്തിലുള്ളവരില്‍ സംസ്ഥാനത്തിന്റെ നിലവാരം ഉയര്‍ത്താനാവുന്ന ആശയങ്ങളും പരിഹാരമാര്‍ഗങ്ങളും നല്‍കാനാവുന്നവരെ കെഡിസ്‌കിന് ഉപയോഗിക്കാനാവണം.
സ്റ്റാര്‍ട്ടപ്പ് മിഷന്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ കെഡിസ്‌കിനൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കണം. സമഗ്രമായ മാറ്റത്തിനും പ്രവര്‍ത്തനശൈലിയില്‍ അഴിച്ചുപണിക്കുമായി കൂടുതല്‍ മാറ്റങ്ങളോടെയാണ് ഇന്നവേഷന്‍ കൗണ്‍സിലിനെ 'കെഡിസ്‌ക്' ആയി മാറ്റിയെടുത്തതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവപ്രതിഭകളെ കണ്ടെത്താനുള്ള യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ചടങ്ങില്‍ കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തി.
യുവാക്കളിലെ നവീന ആശയങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കാന്‍ കനകക്കുന്നില്‍ 40ഓളം വികസനമാതൃകകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it