കേരളത്തിലെ രാഷ്ട്രീയാവസ്ഥ യുഡിഎഫിന് അനുകൂലം: മുനീര്‍

കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയാവസ്ഥ ഐക്യജനാധിപത്യമുന്നണിക്ക് അനുകൂലമാണെന്ന് മന്ത്രി എം കെ മുനീര്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പാക്കാന്‍ സാധിക്കില്ലെന്ന് കരുതിയ പല പദ്ധതികളും സര്‍ക്കാരിന് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. വിഴിഞ്ഞം തുറമുഖം, മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, നൂറുദിവസം കൊണ്ട് നൂറുപാലങ്ങള്‍, കോഴിക്കോട് ബൈപാസ് തുടങ്ങിയവ ഉദാഹരണമാണ്. സാമൂഹികനീതി വകുപ്പിന് ലഭിച്ച 5000 കോടിരൂപ പെന്‍ഷന്‍ നല്‍കുന്നതിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമായി ഉപയോഗിച്ചു കഴിഞ്ഞു. ഇതുവരെ 98 ശതമാനം ചെലവഴിച്ചതായി മന്ത്രി പറഞ്ഞു.
നവ കേരള യാത്രയുടെ തുടക്കത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ പറഞ്ഞ കാര്യങ്ങള്‍ ബൂമറാങ് പോലെ തിരിച്ച് അവര്‍ക്കെതിരേ വന്നു. മദ്യരാജാക്കന്മാരുടേയും പ്രതികളുടേയും വാക്ക് കേട്ട് സര്‍ക്കാരിനെതിരേ തിരിയുമ്പോള്‍ രാഷ്ട്രീയ അപചയമാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും മല്‍സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും പാര്‍ട്ടി പറയുന്നിടത്ത് മല്‍സരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി മതില്‍ കെട്ടാന്‍ 65 കോടി അനുവദിച്ചിരുന്നു. ഇതില്‍ 25 കോടി മാത്രമാണ് ചെലവഴിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. കരിപ്പൂര്‍ വിമാനത്താവളത്തിനും മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിനുമായി 700 കോടിവകയിരുത്തി. സര്‍ക്കാര്‍ മാറിയാലും കോഴിക്കോട് സൈബര്‍പാര്‍ക്ക് പണി പുരോഗമിക്കും. മിഠായിത്തെരുവ് നവീകരണത്തിന് 2.75 കോടി അനുവദിച്ചു. മൂന്നാം ലിംഗക്കാര്‍ക്ക് ലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it