Flash News

കേരളത്തിലെ മതേതര കുളത്തില്‍ അമിത്ഷായുടെ താമര വിരിയില്ല : എം എം ഹസന്‍



തിരുവനന്തപുരം: ബിജെപി എത്ര പണം ഒഴുക്കിയാലും കേരളത്തിലെ മതേതര കുളത്തില്‍ അമിത്ഷായുടെ താമര വിരിയില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനം സംസ്ഥാനത്തെ മതസൗഹാര്‍ദ അന്തരീക്ഷത്തെ തകര്‍ക്കാനേ സഹായിക്കൂ. അമിത്ഷായുടെ ന്യൂനപക്ഷ സ്‌നേഹം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണ്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ ശക്തമാക്കാനും അമിത്ഷാ നടത്തിയ ശ്രമങ്ങള്‍ വര്‍ഗീയ ചേരിതിരിവ് ശക്തമാക്കാനേ ഉപകരിക്കൂ. പണം വാരിവിതറി കേരളത്തില്‍ ബിജെപിയെ ശക്തമാക്കാനുള്ള അണിയറനീക്കങ്ങള്‍ നടത്തിയാണ് അമിത്ഷാ മടങ്ങിയതെന്നും ഹസന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിച്ച് മദ്യലോബിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയെന്നും ഹസന്‍ പറഞ്ഞു. വോട്ടിന് ഷാപ്പ് എന്ന തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. ദേശീയ-സംസ്ഥാന പാതയോരത്തുനിന്നു 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടിെല്ലന്ന സുപ്രിംകോടതി ഉത്തരവ് അട്ടിമറിച്ച് അനുകൂല കോടതിവിധി മദ്യമുതലാളിമാര്‍ നേടിയെടുത്തത് സര്‍ക്കാര്‍ ഒത്താശയോടെയാണ്. ഈ കോടതിവിധി മദ്യമുതലാളിമാര്‍ നേടിയതില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ ചേര്‍ത്തല വരെയുള്ളത് ദേശീയപാത തന്നെയെന്നു പരസ്യമായി പറയുന്ന മന്ത്രിയും സര്‍ക്കാരും ഈ വിധിക്കെതിരേ കോടതിയില്‍ അപ്പീലിനു പോകാതെ കോടതിവിധിയെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിനു വേണ്ടി അപ്പീല്‍ പോവേണ്ട എജി അതിനു തയ്യാറാവുന്നില്ല. ദേശീയപാത അതോറ്റിയുടെയും പൊതുമരാമത്തു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും അഭിപ്രായം കോടതി തേടേണ്ടതായിരുന്നുവെന്നും ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it