കേരളത്തിലെ തെരുവുനായ ശല്യം: പഠിക്കാന്‍ മൂന്നംഗ കമ്മിറ്റി

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ശല്യം സംബന്ധിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചു. കേരള ഹൈക്കോടതി റിട്ട. ജഡ്ജി ജഗത്, കേരള ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍, കേരള നിയമ സെക്രട്ടറി എന്നിവരുള്‍പ്പെടുന്നതാണ് കമ്മിറ്റി.
കേരളത്തിലെ തെരുവുനായകളുടെ വര്‍ധനവും അവ നടത്തുന്ന ആക്രമണവും, നായ ആക്രമണം മൂലമുണ്ടായ മരണം, ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ആശുപത്രികളിലെ മരുന്നു ലഭ്യത, നായയുടെ കടിയേറ്റ പാവപ്പെട്ടവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കുന്നുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അതോടൊപ്പം തെരുവുനായ ആക്രമണത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാനും ജസ്റ്റിസുമാരായ ദീപക് മിശ്ര, കീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിലുള്ള ഹരജിയിലാണ് ഉത്തരവ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്താനും സുപ്രിംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇവരുടെ ചെലവിലേക്കായി 60,000 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. ആവശ്യമായ ജീവനക്കാരെയും വാഹനങ്ങളും നല്‍കണം. സംസ്ഥാനത്തെ എല്ലാ ജില്ലയിലും സഞ്ചരിക്കാനും കമ്മീഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചു.
മൂന്നു മാസത്തിനകം റിപോ ര്‍ട്ട് സമര്‍പ്പിക്കണം. തെരുവുനായ ശല്യം സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപോര്‍ട്ട് സമര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ബസന്ത്, രമേശ് ബാബു, ലിസ് മാത്യു എന്നിവര്‍ കോടതിയെ ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട നിയമമില്ലാതെ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പാവപ്പെട്ട കുടുംബത്തില്‍പ്പെട്ടവര്‍ക്ക് തെരുവുനായ ആക്രമണത്തെത്തുടര്‍ന്ന് ചികില്‍സയ്ക്കായി ധാരാളം പണം ചെലവായതായും കമ്മീഷന്‍ അനിവാര്യമാണെന്നും ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ വി കെ ബിജു പറഞ്ഞു.
തെരുവുനായ ആക്രമണത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോസ്, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് എന്തുകൊണ്ടാണ് ഇതേവരെ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാത്തതെന്ന് ബെഞ്ച് ആരാഞ്ഞിരുന്നു. തെരുവുനായ ആക്രമണക്കേസില്‍ വിചാരണ തുടര്‍ച്ചയായി നടക്കുന്നുണ്ട്, ഇതിന് ഒരു അവസാനം ഉണ്ടാവേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it