kasaragod local

കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക : ബിനോയ് വിശ്വം



കാസര്‍കോട്: കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ത്യയ്ക്ക് മാതൃകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം പറഞ്ഞു. വര്‍ഗീയ ശക്തികളുടെയും മാഫിയകളുടെയും കടന്നാക്രമണത്തിനെതിരെ സിപിഐ കാസര്‍കോട് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ രുപീകരണ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെയല്ല. അങ്ങനെയാകാന്‍ പാടില്ല. പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും ആശ്രയിക്കാന്‍ ഇന്ന് ഇന്ത്യയില്‍ ഇടതുപക്ഷം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷം സദാജാഗ്രത പാലിക്കുന്നത്. ഫാസിസത്തിന്റെ ഇരുട്ടില്‍ നിന്നും ഇന്ത്യക്ക് മുഴുവന്‍ വെളിച്ചം പകരാനുള്ള ഒരു പ്രതീക്ഷയാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍. എന്നാല്‍ കൃഷിക്കാരുടെ പേരുപറഞ്ഞ് കട്ടുമുടിക്കാന്‍ ശ്രമിക്കുന്നവരെ വച്ചുപൊറുപ്പിക്കില്ല. കാസര്‍കോട് ജില്ലയില്‍ അടുത്തകാലത്ത് നാല് കൊലപാതകങ്ങള്‍ നടന്നു. കൊലപാതകത്തിന്റെ പിന്നില്‍ വര്‍ഗീയ-മാഫിയ ശക്തികളാണ്. ഇവിടെ നടന്ന കൊലപാതങ്ങള്‍ മൃഗീയമാണെന്ന് പോലും പറയാനാകില്ല. മൃഗങ്ങള്‍ അങ്ങനെ ചെയ്യാറില്ല. മൃഗങ്ങള്‍ പ്രതിരോധിക്കുന്നതുവേണ്ടിയോ വിശപ്പുമാറ്റുന്നതിനുവേണ്ടിയോ മാത്രമേ അക്രമിക്കാറുള്ളു. എന്നാല്‍ ഇവിടുത്തെ കൊലപാതകം അതി നിഷ്ഠൂരമാണ്. അതിനെതിരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ജനജാഗ്രതാ സദസ്സ് ജനപക്ഷത്ത് നിന്നു ള്ളതാണെന്നും രാത്രിയും പകലും എല്ലാവര്‍ക്കും ഒരുപോലെ സഞ്ചരിക്കാനുള്ള സാതന്ത്ര്യം ഇടതുപക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അതിന് ഈ പരിപാടി പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.  കെ വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ പത്രപ്രവര്‍ത്തകന്‍ സി ഗൗരിദാസന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ബി വി രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, എം അസിനാര്‍, വി രാജന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it