കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായി നാദിറ മെഹ്‌റിന്‍

എം എം അന്‍സാര്‍

കഴക്കൂട്ടം: കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കേരളത്തി ല്‍ ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായി നജീബ് എന്ന നാദിറ മെഹ്‌റിന്‍ പുതുചരിത്രം കുറിക്കുന്നു. കേരള സര്‍വകലാശാലയ്ക്കു കീഴിലെ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ തോന്നക്കല്‍ എജെ കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലാണ് എഐഎസ്എഫ് സ്ഥാനാര്‍ഥിയായി ട്രാന്‍സ്ജെന്‍ഡര്‍ പുതുചരിത്രം കുറിച്ചത്.
മൂന്നാംവര്‍ഷ മാധ്യമവിദ്യാര്‍ഥിയായ നാദിറ തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നതിന്റെ പേരില്‍ ബന്ധുക്കളും കൂടപ്പിറപ്പുകളും ഒറ്റപ്പെടുത്തി അകറ്റിനിര്‍ത്തിയപ്പോള്‍ സഹായിക്കാന്‍ നിരവധി സുമനസ്സുകള്‍ രംഗത്തെത്തി. ഇന്ന് അവരുടെ തണലിലാണ് ഈ 19കാരി പഠനം തുടരുന്നത്. സഹായിക്കാനും സ്‌നേഹംതരാനും ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വലിയൊരു സമൂഹവും ഒപ്പം എജെ കോളജിലെ മുഴുവന്‍ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളും തന്നോടൊപ്പമുണ്ടെന്ന് നാദിറ പറഞ്ഞു.
എഐഎസ്എഫ് പ്രവര്‍ത്തകര്‍ കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മല്‍സരിക്കണമെന്ന അഭ്യര്‍ഥനയുമായി സമീപിച്ചപ്പോള്‍ ഒരുനിമിഷം താന്‍ നിശ്ശബ്ദയായി. സന്തോഷത്താല്‍ കണ്ണുനിറഞ്ഞാണ് താനവരുടെ അഭ്യര്‍ഥന സ്വീകരിച്ചത്. ചരിത്രത്തിലെവിടെയും ഇന്നേവരെ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കോളജ് യൂനിയനില്‍ സ്ഥാനാര്‍ഥിയായിട്ടില്ല എന്നുതന്നെയാണു വിശ്വാസം. അതിനുള്ള ഭാഗ്യം ആദ്യമായി ലഭിച്ചത് തനിക്കാണെന്നും ആത്മവിശ്വാസം തുടിക്കുന്ന വാക്കുകളില്‍ നാദിറ പറഞ്ഞു.
കേരള യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളജുകളിലായി 3000ഓളം ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികളാണു പഠനം തുടരുന്നത്. അവര്‍ക്കുവേണ്ടിയായിരിക്കും തന്റെ മുന്നോട്ടുള്ള യാത്ര. എജെ കോളജിലെ 1200 വിദ്യാര്‍ഥികളില്‍ 1200 പേരും തനിക്ക് വോട്ട് ചെയ്യും. അതും കേരള സര്‍വകലാശാലയില്‍ ഒരു പുതുചരിത്രമാവുമെന്നും നാദിറ പറഞ്ഞു. കേരളത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ക്വാ റിഥം സിബിഒ സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ നാദിറ ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഫാഷന്‍ഷോ ആയ എംഎക്‌സ് മാനവീയം 2018ന്റെ ടൈറ്റില്‍ വിന്നറാണ്.
കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രാന്‍സ് സ്‌കോളര്‍ഷിപ്പിനും ഈ മാധ്യമവിദ്യാര്‍ഥി അര്‍ഹത നേടിയിട്ടുണ്ട്. കോളജിലെ മുഴുവന്‍ പരിപാടികളിലും നാദിറയുടെ ഇടപെടല്‍ ഏറെ നേട്ടംപകരുന്നതാണെന്നും നാദിറ കോളജിന് ഏറെ അഭിമാനമാണെന്നും പ്രിന്‍സിപ്പല്‍ മുഹമ്മദ് കുഞ്ഞ് പറഞ്ഞു.

Next Story

RELATED STORIES

Share it