കേരളത്തിലെ ആദ്യ എംആര്‍സിപി പരീക്ഷാകേന്ദ്രം ആസ്റ്റര്‍ മെഡ്‌സിറ്റിക്ക്

കൊച്ചി: ബ്രിട്ടനിലെ ലോകപ്രശസ്തമായ ദി മെംബര്‍ഷിപ്പ് ഓഫ് റോയല്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ഓഫ് യുനൈറ്റഡ് കിങ്ഡം നടത്തുന്ന (എംആര്‍സിപി) ഡിപ്ലോമ നേടുവാനുള്ള അവസാനഘട്ട യോഗ്യത പരീക്ഷയായ പേസസ് (പ്രാക്ടിക്കല്‍ അസസ്‌മെന്റ് ഓഫ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ സ്‌കില്‍സ്) നടത്തുവാനുള്ള സ്ഥിരം പരീക്ഷാ കേന്ദ്രമായി ആസ്റ്റര്‍ മെഡ്‌സിറ്റി തിരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും ആശുപത്രിയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി.
കൊല്‍ക്കത്തയും ചെന്നൈയുമാണ് മറ്റു രണ്ടു കേന്ദ്രങ്ങള്‍. എംആര്‍സിപി ഡിപ്ലോമ നേടാന്‍ അപേക്ഷിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതിനാലും ഇതുകാരണം അപേക്ഷകര്‍ക്ക് പരീക്ഷയെഴുതാന്‍ മൂന്നുവര്‍ഷം വരെ കാത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിലുമാണ് ഇന്ത്യയില്‍ പുതിയ പരീക്ഷാകേന്ദ്രം തുടങ്ങുവാനായി റോയല്‍ കോളജ് പ്രമുഖ ആശുപത്രികളില്‍നിന്നും അപേക്ഷ സ്വീകരിച്ചത്.
റോയല്‍ കോളജില്‍ നിന്നുമെത്തിയ ഉന്നതതല സംഘം ആശുപത്രി നേരിട്ടു പരിശോധിച്ച് എല്ലാ മാനദണ്ഡങ്ങളും നിറവേറ്റുന്നുണ്ടെന്ന് ഉറപ്പു വരുത്തിയശേഷമാണ് പരീക്ഷാ കേന്ദ്രമാവാനുള്ള അംഗീകാരം ആസ്റ്റര്‍ മെഡ്‌സിറ്റിക്ക് നല്‍കിയത്. ഈമാസം 13,14 തിയ്യതികളില്‍ നടന്ന പേസസ് പാത്ത് ഫൈന്‍ഡര്‍ പരീക്ഷയോടുകൂടിയാണ് എംആര്‍സിപിയുടെ സ്ഥിരം പരീക്ഷാ കേന്ദ്രമായി ആസ്റ്റര്‍ മെഡ് സിറ്റിയെ പ്രഖ്യാപിച്ചത്. പേസസ് പരീക്ഷ 2016 ഫെബ്രുവരി 27,28,29 ദിവസങ്ങളില്‍ ആസ്റ്റര്‍ മെഡ് സിറ്റിയില്‍ വച്ച് നടത്തും. ഈ നേട്ടത്തില്‍ അത്യന്തം സന്തോഷവും അഭിമാനവും ഉണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒയും കേരളത്തിലെ ആസ്റ്റര്‍ ഡിഎം ആശുപത്രികളുടെ ക്ലസ്റ്റര്‍ മേധാവിയുമായ ഡോ. ഹാരിഷ്പിള്ള പറഞ്ഞു. എംആര്‍സിപി എക്‌സാമിനേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ആന്‍ഡ്രു എല്‍ടര്‍, ചെയര്‍മാന്‍ ആന്റ് എക്‌സാമിനര്‍ പേസസ് ഡോ. പോള്‍ ന്യൂമാന്‍, ഗ്രൂപ്പ് സിഎംഒ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡോ. മെഡ്‌സിറ്റി മെഡിക്കല്‍ സര്‍വീസസ് മേധാവി കെ കെ വര്‍മ, ഡോ. വി നാരായണന്‍ ഉണ്ണി പങ്കെടുത്തു.
Next Story

RELATED STORIES

Share it