കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പള്ളി പൊന്നാനിയിലെന്ന് എംജിഎസ്

ഫഖ്‌റുദ്ദീന്‍പൊന്നാനി

കേരളത്തിലെ ആദ്യത്തെ പള്ളി സ്ഥാപിച്ചത് പൊന്നാനിയിലെന്നു പുതിയ കണ്ടെത്തല്‍. പ്രമുഖ ചരിത്രകാരനായ ഡോ. എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം ചരിത്രകാരന്‍മാര്‍ തയ്യാറാക്കുന്ന പൊന്നാനിയുടെ ബൃഹത്തായ ചരിത്രം എന്ന ഗ്രന്ഥത്തിലാണ് പുതിയ നിരീക്ഷണം.കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയെന്നാണ് നിലവിലുള്ള വിശ്വാസം. എന്നാല്‍ ഇതിന് ചരിത്രപരമായി പിന്‍ബലമില്ലെന്നും ആധുനികവും ശാസ്ത്രീയവുമായ ചരിത്ര കണ്ടെത്തലുകള്‍ പ്രകാരം കേരളത്തിലെ ആദ്യത്തെ പള്ളി പൊന്നാനി തോട്ടുങ്ങല്‍ പള്ളിയാണെന്നുമാണ് എം ജി എസ് അവകാശപ്പെടുന്നത്.ആറാം നൂറ്റാണ്ടില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് തന്നെ ചേരമാന്‍ പെരുമാള്‍ മക്കത്ത് പോയി മതം മാറിയെന്ന കണ്ടെത്തലും എം ജി എസ് ചരിത്ര തെളിവുകള്‍ നിരത്തി ചോദ്യംചെയ്യുന്നുണ്ട് ഈ പുസ്തകത്തില്‍. 1,124 ലാണ് ചേരമാന്‍ പെരുമാള്‍ കേരളരാജ്യം നാടുവാഴികള്‍ക്ക് പകുത്തുകൊടുത്ത് മക്കത്ത് പോയി ഇസ്‌ലാം സ്വീകരിച്ചതെന്ന് എം ജി എസ് പുതിയ ചരിത്രഗ്രന്ഥത്തില്‍ പറയുന്നു. ഇതേ കാലയളവില്‍ തന്നെയാണ് പൊന്നാനിയില്‍ മുസ്‌ലിംപള്ളി സ്ഥാപിക്കുന്നതും.തോട്ടുങ്ങല്‍ പള്ളി ഇന്ന് പുതുക്കിപ്പണിത നിലയിലാണ്. 500 വര്‍ഷത്തോളം ജുമുഅ നമസ്‌കാരം മുടങ്ങിക്കിടന്ന ആ പള്ളിയില്‍ ഏഴു വര്‍ഷം മുമ്പാണ് വീണ്ടും ജുമുഅ ആരംഭിച്ചത്. പൊന്നാനിയില്‍ മഖ്ദൂമുമാര്‍ വന്ന് പള്ളി സ്ഥാപിച്ച് മതപഠനം തുടങ്ങിയതോടെയാണ് തോട്ടുങ്ങല്‍ പള്ളിയുടെ പ്രതാപം അസ്തമിച്ചത്. 1124ല്‍ ചേരമാന്‍ മക്കത്ത് പോവുന്നതിനും കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ പൊന്നാനിയില്‍ പുരാതന അറബ് കുടിയേറ്റം നടന്നിരുന്നുവെന്ന് പുതിയ കണ്ടെത്തലുകള്‍ പറയുന്നു. 10ാം നൂറ്റാണ്ടിലായിരുന്നു ഇത്. 12ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കൊടുങ്ങല്ലൂരിലെത്തിയ മാലിക് ദീനാറും സംഘവും വിവിധ ദേശങ്ങളിലേക്ക് മതപ്രബോധകരെ അയച്ചെങ്കിലും പൊന്നാനിയിലേക്ക് വരാതിരുന്നത് ഇവിടെ നേരത്തേതന്നെ വ്യവസ്ഥാപിതമായ ഇസ്‌ലാമിക സമൂഹം രൂപപ്പെട്ടതിനാലാണെന്ന് എം ജി എസ് പറയുന്നു. ഇക്കാര്യം വില്യം ലോഗനും രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലയളവില്‍ പൊന്നാനി തിരുമനശ്ശേരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അറബികളോടൊപ്പം കപ്പല്‍ കയറിവന്ന സൂഫിയായ ഫരീദ് ഔലിയയാണ് ഭാരതപ്പുഴയോട് ചേര്‍ന്ന് തോട്ടുങ്ങല്‍ പള്ളി സ്ഥാപിച്ചതെന്നാണ് ചരിത്രം. നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ പള്ളി പൂര്‍ണമായും തകര്‍ന്നിരുന്നു. പിന്നീട് പുതുക്കിപ്പണിതതാണ് ഇപ്പോഴുള്ളത്.പൊന്നാനിയില്‍ തോട്ടുങ്ങല്‍ പള്ളി സ്ഥാപിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കൊടുങ്ങല്ലൂരിലെ പള്ളി സ്ഥാപിക്കുന്നത്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ മസ്ജിദിനെ ഒരു കാരണവശാലും കേരളത്തിലെ ആദ്യത്തെ പള്ളിയെന്ന് അവകാശപ്പെടാനാവില്ലെന്ന് എം ജി എസ് പറയുന്നു. എം ജി എസിന്റെ പുതിയ കണ്ടെത്തലുകള്‍ ചരിത്രപരമായ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമാവും. ആദ്യ പള്ളി കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളിയാണെന്നും പ്രവാചകന്റെ കാലത്ത് തന്നെ ചേരമാന്‍ പെരുമാള്‍ മക്കത്ത് പോയി എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഡോ. എം ജി എസ് നാരായണന്റെ നേതൃത്വത്തില്‍ പൊന്നാനിയുടെ 1000 വര്‍ഷത്തെ സൂക്ഷ്മചരിത്രമാണ് ഒരുങ്ങുന്നത്. രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ ഈ യജ്ഞത്തില്‍ 20 ഓളം പേരാണ് പങ്കാളികളായത്. പൊന്നാനി പൗര സമൂഹസഭയുടെ കീഴില്‍ പൊന്നാനിയുടെ ബൃഹത്തായ ചരിത്രം ജനുവരിയില്‍  പുറത്തിറങ്ങും.
Next Story

RELATED STORIES

Share it