കേരളത്തിലും ബംഗാളിലും സിപിഎം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോടിയേരി

കൊല്‍ക്കത്ത: കേരളത്തിലും ബംഗാളിലും വരുന്ന തിരഞ്ഞെടുപ്പോടെ സിപിഎം അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സര്‍ക്കാരിനെതിരായ അഴിമതിയാരോപണങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു കോടിയേരിയുടെ പ്രസംഗം. സോളാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളും കോടിയേരി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതിഭരണത്തില്‍ ജനങ്ങള്‍ വലയുകയാണ്. കുപ്രസിദ്ധമായ ബാര്‍ കോഴക്കേസില്‍ കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ധനകാര്യമന്ത്രിയായിരുന്ന കെ എം മാണിക്ക് രാജിവയ്‌ക്കേണ്ടിവന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് സോളാര്‍ കേസില്‍ പ്രതിക്കൂട്ടിലായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ വിജയം നേടാനായപ്പോള്‍ ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്കും കോണ്‍ഗ്രസ്സിന്റെ അഴിമതിഭരണത്തിനും ജനങ്ങള്‍ ശക്തമായ താക്കീത് നല്‍കിയെന്നും കോടിയേരി പറഞ്ഞു. മുന്‍കാല പാര്‍ട്ടി പ്ലീനങ്ങള്‍ക്കുശേഷം സംഭവിച്ച രാഷ്ട്രീയമാറ്റങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് സിപിഎം വീണ്ടും അധികാരത്തിലെത്തുമെന്ന് കോടിയേരി വ്യക്തമാക്കിയത്.
1978ല്‍ സാല്‍കിയയില്‍ നടന്ന പാര്‍ട്ടി പ്ലീനത്തിനുശേഷം കേരളത്തില്‍ ഇ കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പ്ലീനത്തോടെ സിപിഎം അധികാരത്തിലെത്തും. മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷ സിപിഎമ്മും ഇടതുപക്ഷവും മാത്രമാണെന്ന് കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it