കേരളത്തിലും അസമിലും ഭരണം നഷ്ടമായി; കൂട്ടിക്കിഴിച്ചാല്‍ നഷ്ടം കോണ്‍ഗ്രസ്സിന്

കേരളത്തിലും അസമിലും ഭരണം നഷ്ടമായി; കൂട്ടിക്കിഴിച്ചാല്‍ നഷ്ടം കോണ്‍ഗ്രസ്സിന്
X
kerala-assam



ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാവാനും രാജ്യസഭയില്‍ സ്വാധീനം നിലനിര്‍ത്താനുമുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് അഞ്ചിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. അസമിലും കേരളത്തിലും ഭരണം നഷ്ടമായെന്നു മാത്രമല്ല, പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും വേണ്ടത്ര ശോഭിക്കാനുമായില്ല. പുതുച്ചേരിയില്‍ മുന്നേറ്റം നടത്താനായത് മാത്രമാണ് ഏക ആശ്വാസം.
ഫലത്തില്‍ അഞ്ച് ചെറുസംസ്ഥാനങ്ങളിലും കര്‍ണാടകയിലും ഒതുങ്ങി കോണ്‍ഗ്രസ്. നിലവില്‍ ദേശീയ ജനസംഖ്യയുടെ ആറു ശതമാനത്തെ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ കൈപിടിച്ചുയര്‍ത്താനാവുമോ എന്ന ചോദ്യത്തിന് പ്രസക്തി വര്‍ധിക്കുന്നതിനൊപ്പം പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന ചര്‍ച്ചകളും ഇനി സജീവമാവും.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെയും നരേന്ദ്ര മോദിയെയും തടഞ്ഞുനിര്‍ത്താന്‍ ഇനി കോണ്‍ഗ്രസ്സിന് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടി കോണ്‍ഗ്രസ്സിന് തിരിച്ചടി കിട്ടിയാല്‍ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറിന്റെയോ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെയോ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി പരീക്ഷണമാവും ബിജെപിക്കുള്ള ദേശീയ ബദല്‍.
ബിജെപിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് പകരം ശക്തിയാവാന്‍ കോണ്‍ഗ്രസ്സിനാവുന്നില്ലെന്ന തോന്നലാണ് കേരളത്തിലടക്കം ന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും പാര്‍ട്ടിയെ കൈവെടിയാന്‍ കാരണമായി വിലയിരുത്തുന്നത്. ഇത് കേരളത്തില്‍ ഇടതുപക്ഷത്തിന് അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കി. അസമിലാവട്ടെ തരുണ്‍ ഗൊഗോയ് നാലാമൂഴത്തിന് ശ്രമിച്ചതും യുവനിരയെ അവഗണിച്ചതും കോണ്‍ഗ്രസ്സിന് വിനയായി. പാളയത്തില്‍ പട ഒരുങ്ങിയതും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി പക്ഷം ചേരുന്നത് തടയാനും പാര്‍ട്ടിക്കായില്ല. ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായി സഖ്യമുണ്ടാക്കണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും കോണ്‍ഗ്രസ് തയ്യാറായില്ല. അതുകൊണ്ട് തന്നെ ന്യുനപക്ഷ വോട്ടുകള്‍ ഭിന്നിച്ചത് ബിജെപിക്ക് തുണയായി. കോണ്‍ഗ്രസ്സുമായി സഖ്യത്തിന് തയ്യാറാണെന്ന് ബദറുദ്ദീന്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഒറ്റയ്ക്ക് ഭരണം പിടിക്കാനാവുമെന്ന കണക്കു കൂട്ടലിലായിരുന്നു കോണ്‍ഗ്രസ്. മുന്‍കാലങ്ങളില്‍ തരുണ്‍ ഗൊഗോയിക്ക് ഭരണം പിടിക്കാന്‍ എളുപ്പവഴി ഒരുക്കിയിരുന്ന ഹേമന്ത് വിശ്വ ശര്‍മ ബിജെപിയില്‍ ചേര്‍ന്നതും കോണ്‍ഗ്രസ്സിന് തിരിച്ചടിയായി.
Next Story

RELATED STORIES

Share it