Flash News

കേരളത്തിന് കായിക സര്‍വകലാശാല അനുവദിക്കും : കേന്ദ്ര മന്ത്രി



കോഴിക്കോട്: ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിനു കീഴില്‍ ബാലുശ്ശേരി കിനാലൂരില്‍ 8.5 കോടി രൂപ ചെലവില്‍ സ്ഥാപിച്ച 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്- ഉഷാ സ്‌കൂള്‍ സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ് വഴി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഒളിംപ്യന്‍ പി ടി ഉഷ ഇന്ത്യയുടെ അഭിമാനമാണെന്നു പറഞ്ഞ പ്രധാനമന്ത്രി ഉഷ സ്‌കൂളിന് കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ പിന്തുണയും സാധ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു.കേരളത്തിന്റെ കായിക പുരോഗതിയെ പ്രശംസിച്ച നരേന്ദ്ര മോദി കേരളത്തിന്റെ പാരമ്പര്യ കായിക രൂപങ്ങളായ 'കുട്ടിയും കോലും' കളരിയും ചെളി ഫുട്‌ബോളും സംസാരത്തില്‍ എടുത്തുപറഞ്ഞു. കബഡി പോലുള്ള പരമ്പരാഗത കായിക രൂപങ്ങളെ പ്രോല്‍സാഹിപ്പിക്കാനും പെണ്‍കുട്ടികള്‍ക്ക് കായിക മേഖലയില്‍ അവസരങ്ങളും പ്രോല്‍സാഹനവും നല്‍കാനും അദ്ദേഹം ആഹ്വാനം ചെയ്തു. കേന്ദ്ര യുവജനകാര്യ- കായിക മന്ത്രി വിജയ് ഗോയല്‍ പരിപാടിയില്‍ അധ്യക്ഷനായി. 120- 200 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ കേരളത്തിന് കായിക സര്‍വകലാശാല അനുവദിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രമന്ത്രി പരിപാടിയില്‍ ഉറപ്പു നല്‍കി. മണിപ്പൂരില്‍ തുടങ്ങുന്ന കായിക സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി ഉടന്‍ തറക്കല്ലിടുമെന്നും അദ്ദേഹം പറഞ്ഞു.കായിക സര്‍വകലാശാലയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്നും സര്‍വകലാശാല തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ- കായിക മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പത്മശ്രീ ഒളിംപ്യന്‍ പി ടി ഉഷ, എം കെ രാഘവന്‍ എംപി, പുരുഷന്‍ കടലുണ്ടി എംഎല്‍എ, ഒ രാജഗോപാല്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കെഎസ്‌ഐഡിസി എം ഡി ഡോ.എം ബീന,  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി ഐ ബാബു, ബ്ലോക്ക് പ്രസിഡന്റ് വി പ്രതിഭ, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം കമലാക്ഷി, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം, മുന്‍ എംഎല്‍എ വിശ്വന്‍ മാസ്റ്റര്‍, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ഡോ. ഷില്ലര്‍ ജോസ്, ഡോ.ജി കിഷോര്‍, അജന ചന്ദ്രന്‍, ശ്രീകാന്ത്, ഇസ്മായില്‍ കുറുമ്പയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it