കേരളത്തിന് എയിംസ് അനുവദിക്കും: ജെ പി നദ്ദ

ആലപ്പുഴ: കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ പി നദ്ദ പറഞ്ഞു. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളജിന് പ്രധാനമന്ത്രി സ്വാസ്ഥ്യ യോജനയില്‍പ്പെടുത്തി അനുവദിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മരുന്നിന്റെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുനപ്പരിശോധന നടത്തി മരുന്നിന്റെ വില കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആലപ്പുഴയ്ക്ക് ആര്‍സിസിയോ കാന്‍സര്‍ ചികില്‍സയ്ക്കുള്ള പ്രത്യേക സംവിധാനമോ ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്നും ഇതുസംബന്ധിച്ച പദ്ധതി തയ്യാറാക്കി നല്‍കാനും ജെ പി നദ്ദ നിര്‍ദേശിച്ചു.
ഇറക്കുമതിച്ചുങ്കം കൂടിയതിനാല്‍ അവശ്യമരുന്നുകളുടെ വില കൂടുമെന്ന ആശങ്ക ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഉന്നയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളുടെ കാര്യത്തില്‍ കുറവുണ്ടാവില്ലെന്നും ഇക്കാര്യത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിലപാടുകള്‍ പ്രായോഗികമാണെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിലവിലുള്ള ആരോഗ്യമാനകങ്ങള്‍ വച്ചു നോക്കുമ്പോള്‍ കേരളം ലോകനിലവാരത്തിന് ഒപ്പം സഞ്ചരിക്കുന്നുണ്ട്. ശിശുമരണ നിരക്ക് 1990ല്‍ രാജ്യത്ത് 80 ആയിരുന്നത് 2013ല്‍ 40 ആയി കുറഞ്ഞു. കേരളത്തില്‍ ഇത് 12 ആണ്. കെ സി വേണുഗോപാല്‍ എംപി, ജി സുധാകരന്‍ എംഎല്‍എ, ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുനില്‍ ശര്‍മ, എച്ച്എല്‍എല്‍ സിഎംഡി ഡോ. എം അയ്യപ്പന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംല ബീവി, ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it