Flash News

കേരളത്തിന് ഇത് ഉയിര്‍ത്തെഴുന്നേല്‍പ്പ് !

കേരളത്തിന് ഇത് ഉയിര്‍ത്തെഴുന്നേല്‍പ്പ് !
X


കൊല്‍ക്കത്ത:  72ാം സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന് ഈസ്റ്റര്‍ ദിനത്തില്‍ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ തിരശ്ശീല വീഴുമ്പോള്‍ കേരളത്തിന് അത് അക്ഷരാര്‍ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പായി. 14 വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫി കിരീടം നേടുന്നത്.
32 തവണ ചാംപ്യന്‍മാരായ ബംഗാളിനെ കീഴടക്കി കിരീടം ചൂടുമ്പോള്‍ നിരവധി ഫൈനലില്‍ തങ്ങളെ മുട്ടുകുത്തിച്ച ടീമിനെ അവരുടെ തട്ടകത്തില്‍ വച്ച്തന്നെ കേരളം കണക്കുതീര്‍ക്കുകയായിരുന്നു.ഇതില്‍ മുമ്പ്് ഫൈനലില്‍ ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് നിര്‍ഭാഗ്യമാണ് കേരളത്തിനൊപ്പം കൂടിയത്. കാരണം, രണ്ട് ഫൈനലും പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ കിരീടം ബംഗാളിന്റെ അക്കൗണ്ടില്‍ നിറഞ്ഞു.  ആദ്യമായി 1989ല്‍ കേരളവും പശ്ചിമ ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം  1-1 ന്റെ സമനിലയില്‍ അവസാനിച്ചു.  തുടര്‍ന്ന് നിര്‍ണായകമായ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് കേരളത്തെ പരാജയപ്പെടുത്തിയാണ് ബംഗാള്‍ കിരീടം ചൂടിയത്. പിന്നീട് കേരളത്തിന് ബംഗാളിന്റെ അടുത്ത പ്രഹരമേറ്റത് 1994 ലായിരുന്നു. അന്നും പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് മുന്നേറിയ മല്‍സരത്തില്‍ കേരളത്തെ 5-3ന് പരാജയപ്പെടുത്തി ബംഗാള്‍ കിരീടനേട്ടം തുടരുകയായിരുന്നു.
സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ 14ാമത്തെ ഫൈനലായിരുന്നു ഇന്നലത്തേത്.  ഇതില്‍ അഞ്ചുതവണ കിരീടം കേരളത്തിനൊപ്പം നിന്നപ്പോള്‍ എട്ടു തവണ റണ്ണറപ്പുകളുമായി. 1973, 1991, 1992, 2000, 2004 വര്‍ഷങ്ങളിലായിരുന്നു കേരളം ചാംപ്യന്‍മാരായത്.
2017ല്‍ ഗോവയെ 1-0ന് പരാജയപ്പെടുത്തി ചാംപ്യന്‍മാരായ ബംഗാള്‍ 32 കിരീടം അക്കൗണ്ടിലാക്കിയപ്പോള്‍ 12 തവണ റണ്ണറപ്പുമായി. സന്തോഷ് ട്രോഫിയുടെ പ്രഥമ സീസണില്‍ത്തന്നെ കിരീടമുയര്‍ത്തിയ ബംഗാളിന് 1993-94 മുതല്‍ തുടര്‍ച്ചയായി ആറ് തവണ കിരീടം നേടിയ ചരിത്രവുമുണ്ട്.
കേരളം അവസാനമായി ഫൈനലില്‍ പ്രവേശിച്ച 2013ലെ സന്തോഷ് ട്രോഫിയില്‍ സര്‍വീസസിനോട് ഒരൊറ്റ ഗോളിന് പരാജയപ്പെടാനായിരുന്നു കേരളത്തിന്റെ വിധി.
Next Story

RELATED STORIES

Share it