കേരളത്തിന്റെ സ്വപ്‌നപദ്ധതിക്ക് കേന്ദ്ര പിന്തുണ

ന്യൂഡല്‍ഹി: എല്ലാവര്‍ക്കും ഭവനം എന്ന കേരളത്തിന്റെ സ്വപ്‌നപദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സഹായം നല്‍കാമെന്ന് വെങ്കയ്യനായിഡു വ്യക്തമാക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും ഭവനം ലക്ഷ്യമിട്ടുള്ള പദ്ധതിയെക്കുറിച്ചുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ആറു മാസമായി നടപ്പാക്കി വരികയാണ്. ഇതിനുള്ള സഹായം കേന്ദ്രത്തില്‍ നിന്നുണ്ടാവുമെന്നു നേരത്തെ അറിയിച്ചിരുന്നു.  ഇന്നലെ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി വീണ്ടും ഇക്കാര്യം ഉന്നയിക്കുകയായിരുന്നു. 1975ല്‍ പണി ആരംഭിച്ച ഒരുലക്ഷം ഭവനങ്ങളാണുള്ളത്. ഇതില്‍ ഏതാനും വീടുകള്‍ പുനര്‍നിര്‍മിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ മറ്റു വീടുകള്‍ അപകടാവസ്ഥയിലാണ്. ഇതുവരെ പുനര്‍നിര്‍മാണം നടത്തിയിട്ടില്ലാത്ത 50,000 വീടുകളെങ്കിലും അവശേഷിക്കുന്നുണ്ട്.

ഈ വീടുകളെല്ലാം പണിയുന്നതടക്കമുള്ള ബൃഹത്തായ സ്‌കീമാണു സംസ്ഥാനം തയ്യാറാക്കിയിരിക്കുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ പരീക്ഷിച്ച മാര്‍ഗം കേരളത്തില്‍ നടപ്പാക്കുന്ന കാര്യമാണു സംസ്ഥാനസര്‍ക്കാര്‍ പരിശോധിച്ചുവരുന്നത്. സംസ്ഥാനമന്ത്രി എം കെ മുനീറും ചീഫ് സെക്രട്ടറിയും തമിഴ്‌നാട് സന്ദര്‍ശിച്ച് അതിന്റെ പ്രസന്റേഷന്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കാബിനറ്റില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മുന്‍കൂട്ടി തയ്യാറാക്കുന്ന ഇത്തരം ഭവനങ്ങള്‍ക്കുള്ള ഫാക്ടറികള്‍ കേരളത്തില്‍ തുടങ്ങേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Next Story

RELATED STORIES

Share it