Editorial

കേരളത്തിന്റെ ബാര്‍ദൂര സിദ്ധാന്തം

എനിക്ക് തോന്നുന്നത് - എം  ജോണ്‍സണ്‍  റോച്ച്,  വള്ളക്കടവ്
ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഡീലക്‌സ്, ഹെറിറ്റേജ് ബാര്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചത് ടൂറിസം വിപണി ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണത്രേ. ടൂറിസം വികസനമാണ് ലക്ഷ്യമെന്നു സര്‍ക്കാര്‍ പറയുമ്പോഴും ടൂറിസ്റ്റ് മുതലാളിമാര്‍ക്കും മദ്യമുതലാളിമാര്‍ക്കും കൊള്ളലാഭം ഉണ്ടാക്കുകയെന്ന താല്‍പര്യമാണ് ഇതിനു പിന്നിലെന്നു വ്യക്തമാണ്.
ടൂറിസം വികസനത്തിനായി നമ്മുടെ സാംസ്‌കാരിക തനിമയെയും സാമൂഹിക നന്മകളെയും നാം മാറ്റുന്നു. ഇവിടെ വരുന്നവര്‍ക്കു വേണ്ടി നമ്മുടേതായതെല്ലാം മാറ്റുകയും മാറുകയും ചെയ്യുന്നതാണ് വികസനമെന്ന തീരുമാനത്തില്‍ നാം എത്തിയിരിക്കുന്നു. കാടും കായലും കടലോരവും പുഴയും പുല്‍മേടുകളും ജലസ്രോതസ്സുകളുമൊക്കെ കൈയേറി നഷ്ടപ്പെടുത്തുന്ന ഒന്നാണിപ്പോള്‍ ടൂറിസം. നമ്മുടെ ഭക്ഷണവും ഭാഷയും വേഷവുമെല്ലാം വികസനത്തിനു വേണ്ടി നാം മാറ്റുകയാണ്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തെ കൈയൊഴിയുകയല്ല, നമ്മുടെ സംസ്‌കാരത്തിനനുസരിച്ച് ഒരു ടൂറിസം നയത്തിനു രൂപം കൊടുക്കുകയാണ് വേണ്ടത്.
ടൂറിസത്തിന്റെ പേരില്‍ മദ്യം പ്രോല്‍സാഹിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. മലകളും കുന്നുകളും ഇടിച്ചും വയലുകള്‍ നികത്തിയും നാം പ്രകൃതിക്കുമേല്‍ ആഘാതം ഏല്‍പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഭൂമിക്കും സമൂഹത്തിനും സ്വത്വത്തിനും ഊനം തട്ടാതെ അധിനിവേശങ്ങള്‍ അനുവദിക്കാത്ത ടൂറിസമാണ് നമുക്കു വേണ്ടത്. ഇത് കേരള സമൂഹത്തിന്റെ തിരിച്ചറിവിന്റെയും രാഷ്ട്രീയനേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെയും പ്രശ്‌നം കൂടിയാണ്. ആഗോള മൂലധനം ഒഴുകിയെത്തുന്നതാണ് വികസനമെന്ന കാഴ്ചപ്പാടുള്ളവര്‍ക്ക് ഇപ്പറയുന്നത് മനസ്സിലാവാന്‍ തരമില്ല.
ടൂറിസത്തിന്റെ പേരില്‍ നമ്മുടെ സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ബാറുകള്‍ ടൂറിസം വികസനത്തിന്റെയും അഴിമതിയുടെയും പ്രതീകമായിത്തീര്‍ന്നിരിക്കുന്നു. നാം നമ്മെത്തന്നെ ഇല്ലാതാക്കിയിട്ട് ടൂറിസം വികസനത്തിനായി ഹോട്ടല്‍ മുതലാളിമാര്‍ക്കുവേണ്ടി മദ്യശാലകള്‍ തുറന്നുകൊടുക്കുന്നു. കുഞ്ഞുങ്ങള്‍ വിദ്യ അഭ്യസിക്കുന്ന സ്ഥലത്തുനിന്നു 50 മീറ്റര്‍ അകലെ ബാര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി, വിദ്യാലയങ്ങളുടെ അപ്പുറത്തെ മതിലിനകത്ത് മദ്യത്തിന്റെ പേക്കൂത്തുകള്‍ അരങ്ങേറുന്നതിന് അവസരമൊരുക്കുന്നു. ടൂറിസത്തിന്റെ ഫലമായുണ്ടാകുന്ന പ്രകൃതിനാശവും പരിസ്ഥിതി മലിനീകരണവും തലമുറകളെത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. ഫാസ്റ്റ്ഫുഡ് സംസ്‌കാരം മലയാളിക്ക് കരള്‍രോഗവും വൃക്കരോഗവും സമ്മാനിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിക്കുന്നു.
ധനം കൊയ്യാനുള്ള ആര്‍ത്തിയില്‍ പാരിസ്ഥിതികാവബോധം നഷ്ടപ്പെട്ടിട്ട് സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങള്‍ മൊത്തം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നമുക്ക് എന്തൊക്കെ നഷ്ടപ്പെട്ടാലും ജനവിരുദ്ധ വികസനത്തിനുള്ള ഒരു വഴിയും ഒഴിവാക്കാനാവില്ലെന്ന തീരുമാനത്തില്‍ നാം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇത് അപകടകരമായ കാഴ്ചപ്പാടാണ്.
കാശു മുടക്കാന്‍ കഴിയുന്നവനു കൊള്ളലാഭം കൊയ്യാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുന്ന ഒരു ഏജന്റായി സര്‍ക്കാര്‍ മാറുന്നു. അവര്‍ ടൂറിസത്തിന്റെ പേരില്‍ മലയാളികളെ ഇരകളാക്കി അവരുടെ സ്വത്വബോധം നഷ്ടപ്പെടുത്തുന്നു. മുതലാളിത്ത മൗലികവാദം പുലര്‍ത്തുന്ന ഒരു പുത്തന്‍ സാമ്പത്തിക ഭരണകൂടമായി സര്‍ക്കാര്‍ രൂപം പ്രാപിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂളുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും ബാറുകളുടെ ദൂരപരിധി 100 മീറ്ററില്‍ നിന്നു 50 മീറ്ററാക്കി കുറയ്ക്കുന്നതാണോ വികസനത്തിന്റെ പുതിയ കമ്മ്യൂണിസ്റ്റ് ഭാഷ്യം?
Next Story

RELATED STORIES

Share it