കേരളത്തിന്റെ പ്രതീക്ഷ പാളംതെറ്റി

കെ എ സലിം

ന്യൂഡല്‍ഹി: തീര്‍ത്ഥാടനപ്രാധാന്യമുള്ള നഗരങ്ങളിലെ സ്‌റ്റേഷനുകള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ചെങ്ങന്നൂരിനെ ഉള്‍പ്പെടുത്തുകയും തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ അനുവദിക്കുകയും ചെയ്തതൊഴിച്ചാല്‍ റെയില്‍വേ ബജറ്റില്‍ കേരളത്തിന് കാര്യമായ ഒന്നുമില്ല.
പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവ യാഥാര്‍ഥ്യമാക്കാന്‍ നടപടിയുണ്ടാവുമെന്ന പ്രതീക്ഷ പാളംതെറ്റിയത് സംസ്ഥാനത്തിന് തിരിച്ചടിയായി. പുതിയ പാതകളോ ട്രെയിനുകളോ പ്രഖ്യാപിക്കാത്ത ബജറ്റ് പ്രസംഗത്തില്‍ രണ്ടുതവണ മാത്രമാണു മന്ത്രി സുരേഷ്പ്രഭു കേരളത്തിന്റെ പേര് പരാമര്‍ശിച്ചത്. ദൈവത്തിന്റെ സ്വന്തം നാടെന്നു പറഞ്ഞ് മന്ത്രി പ്രസംഗത്തിനിടെ കേരളത്തെ തലോടുകയും ചെയ്തു.
സബര്‍ബന്‍ ട്രെയിന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുക. ഇതിനായി പുതിയ പാതയോ സ്ഥലമെടുപ്പോ വേണ്ടിവരില്ല. പാത ഇരട്ടിപ്പിക്കുന്നതിനു പകരം നിലവിലുള്ളതിന്റെ ശേഷി കൂട്ടിയാല്‍ മതി. ഇതിനായി പുതിയ സിഗ്‌നലിങ് സംവിധാനം ഏര്‍പ്പെടുത്തും.
തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125.56 കിലോമീറ്ററിലാണു സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കുക. 3063.97 കോടിയാണ് പദ്ധതിച്ചെലവ്. 51 ശതമാനം കേരളം കണ്ടെത്തണം. ഇത്തവണ മാസങ്ങള്‍ക്കു മുമ്പുതന്നെ തയ്യാറാക്കിയ പട്ടിക മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇവയ്‌ക്കൊന്നും അര്‍ഹമായ പരിഗണന ലഭിച്ചില്ല.
Next Story

RELATED STORIES

Share it