കേരളത്തിന്റെ പുനര്‍നിര്‍മാണം ചുവപ്പുനാടയില്‍ കുടുങ്ങരുത്

തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു ചുവപ്പുനാടയില്‍ കുടുങ്ങാതെയുള്ള പ്രവര്‍ത്തനമികവാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുനര്‍നിര്‍മാണ പദ്ധതികള്‍ സമയബന്ധിതവും ശാസ്ത്രീയവുമായി നടപ്പാക്കാനാവണമെന്നും ഇതിനായുള്ള നിര്‍വഹണ രീതിയും സ്ഥാപനതല ക്രമീകരണവും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കാലവര്‍ഷക്കെടുതിയില്‍ സംഭവിച്ച നഷ്ടങ്ങള്‍ നികത്തുന്നതിനൊപ്പം പരിസ്ഥിതി സൗഹാര്‍ദപരമായ ഒരു ജീവിതക്രമത്തെ വികസിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. നീതിപൂര്‍വകമായ പുനരധിവാസവും അടിസ്ഥാന സൗകര്യവികസനവും തന്നെയാണ് പ്രധാനമായുള്ളത്. അവയുടെ ദീര്‍ഘകാല നിലനില്‍പ്പ്, അതിനുള്ള മികച്ച സാങ്കേതികവിദ്യ എന്നിവയും പ്രധാനമാണ്. ഇതിനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇനിയും കൂടുതല്‍ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. യുവജനങ്ങള്‍ നൂതന ആശയങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. നിര്‍ദേശങ്ങളും വിവിധ മേഖലയിലെ അനുഭവ പരിചയവും സമന്വയിപ്പിച്ചു പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവും. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനു വിഭിന്നങ്ങളായ പ്രദേശങ്ങളുടെ സവിശേഷതകളെ ഉള്‍ക്കൊണ്ടു കൊണ്ട് പ്രവര്‍ത്തനം നടത്താനാവണം. സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കുട്ടനാട്ടിലെ അതേ സമീപനം മലയോര മേഖലയായ ഇടുക്കിയിലും വയനാട്ടിലും സാധ്യമാവില്ല. സമതല പ്രദേശങ്ങളില്‍ അതിന് അനുയോജ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുകയെന്നതും പ്രധാനമാണ്.
പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തന്നെ തന്ത്രപ്രധാനമായ വലിയ വികസന പദ്ധതികള്‍ നടപ്പാക്കുക എന്നതും പ്രധാനമാണെന്നും കേരളത്തിന്റെ പ്രധാന വ്യവസായ മേഖലയായ എറണാകുളം-കൊച്ചി ഇടനാഴി ശക്തിപ്പെടുത്തുക എന്നത് ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു പ്രധാന മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും സമഗ്ര പശ്ചാത്തല സൗകര്യവികസനത്തിനുള്ള പദ്ധതികളും പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി നടപ്പാക്കും. തീരദേശത്തെ മല്‍സ്യത്തൊഴിലാളികളുടെ സമഗ്ര പുനരധിവാസത്തിനുള്ള പദ്ധതികളും ഇതോടൊപ്പം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.സമൂഹത്തിലെ ഏറ്റവും പിന്നാക്കമായവരെയടക്കം എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ പദ്ധതി നടപ്പാക്കണമെന്നും തീരുമാനിച്ചു. പദ്ധതി നിര്‍വഹണത്തിലെ സുതാര്യത ഉറപ്പാക്കുന്നതിനും ഫണ്ടിങ് ഏജന്‍സികളുടെ വിശ്വാസം ഉയര്‍ത്തുന്നതിനും ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് തേര്‍ഡ് പാര്‍ട്ടി ഓഡിറ്റിങ് നടത്തും.സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുനക്രമീകരണം, വായ്പാ പരിധി ഉയര്‍ത്തല്‍, ദുരന്തനിവാരണത്തിനുള്ള കേന്ദ്ര വിഹിതം, കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതം, ലോകബാങ്ക്, എഡിബി എന്നിവയുടെ സഹായം കൂടാതെ ക്രൗഡ് ഫണ്ടിങിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയാണ് പ്രധാനമായും ധനസമാഹരണത്തിനായി ആശ്രയിക്കാനാവുന്നത്. ജപ്പാന്‍ സഹായം, നബാര്‍ഡ്, ഹഡ്‌കോ സഹായം എന്നിവയും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it