kannur local

കേരളത്തിന്റെ കാവല്‍ക്കാരന്‍ പറയുന്നു; ഇനിയും കിരീടം വരും, പക്ഷേ...

കണ്ണൂര്‍: 14 വര്‍ഷങ്ങള്‍ക്കു ശേഷം കേരളക്കരയിലേക്ക് സന്തോഷ് ട്രോഫിയെത്തിച്ചപ്പോ ള്‍ ഒരു കാവല്‍ക്കാരനെപ്പോലെ ഗോള്‍വല കാത്ത മുഴപ്പിലങ്ങാട് സ്വദേശി വി മിഥുന് ഏറെ പറയാനുണ്ട്. മുന്‍കാല താരങ്ങളും കായികപ്രേമികളുമെല്ലാം ഉന്നയിച്ച ആവശ്യങ്ങള്‍ തന്നെയാണ് മിക്കതും. താരങ്ങള്‍ക്ക് മികച്ച പരിശീലനത്തിനുള്ള ഗ്രൗണ്ടുകളും സൗകര്യങ്ങളുമുണ്ടെങ്കില്‍ കിരീടം ഇനിയും വരുമെന്നു കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്ലെയര്‍ പരിപാടിയില്‍ മിഥുന്‍ പറഞ്ഞു. ഫുട്‌ബോളിന് ഏറെ വേരോട്ടമുള്ള ജന്‍മനാടായ കണ്ണൂരില്‍ പോലും നല്ലൊരു ഗ്രൗണ്ടില്ല. ഒരു കാലത്ത് നിരവധി ടൂര്‍ണമെന്റുകള്‍ ഇവിടെ നടന്നിരുന്നു.
ഇതിന് മാറ്റമുണ്ടാവണം. സ്‌റ്റേഡിയത്തില്‍ ഞാന്‍ പോയിരുന്നു. കളിക്കാര്‍ക്ക് നേരാംവണ്ണം പന്ത് തട്ടാന്‍ പോലുമാവില്ല. വഴുതിവീഴും-മിഥുന്‍ വാചാലനായി. പിതാവിന്റെ വഴിയേയാണ് മിഥുന്റെ യാത്ര. ആദ്യം ഹാഫ് വിങില്‍ കളിച്ച മിഥുന്‍ പിന്നീട് പിതാവ് മുരളിയുടെയും ഗുരുവിന്റെയും നിര്‍ദേശപ്രകാരമാണ് ഗോളിയായത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യം ബൂട്ടണിഞ്ഞത്. മുഴപ്പിലങ്ങാട് കൂര്‍മ്പ ബ്രദേഴ്‌സ് ടീമിലൂടെ തുടങ്ങി കണ്ണൂര്‍ എസ്എന്‍ കോളജ്, കാലിക്കറ്റ് സര്‍വകലാശാല, ഈഗിള്‍ എഫ്‌സി എറണാകുളം ടീമുകള്‍ക്കു വേണ്ടി ഗ്രൗണ്ടിലിറങ്ങി. 2014ല്‍ എസ്ബിടി തിരുവനന്തപുരം ശാഖയില്‍ ജോലി ലഭിച്ചു. കോലാപ്പുര്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും ഓള്‍ ഇന്ത്യ പബ്ലിക് സെക്ടര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും എസ്ബിടിക്കു രണ്ടാംസ്ഥാനം ലഭിച്ചപ്പോള്‍ മിഥുന്റെ കരങ്ങള്‍ കരുത്തേകി.
എസ്എന്‍ കോളജിലുള്ളപ്പോള്‍ ഇന്റര്‍ കോളീജിയറ്റ് മല്‍സരത്തില്‍ മികച്ച ഗോളിയായി രണ്ടുവര്‍ഷം കണ്ണൂര്‍ സര്‍വകലാശാല ടീമിനു വേണ്ടി കളിച്ചു. കേരള പോലിസ് ഫുട്‌ബോള്‍ ടീമിലെ മുന്‍ ഗോള്‍കീപ്പര്‍ കൂടിയാണ് മിഥുന്റെ പിതാവ് വി മുരളി. കോളജ് പഠനം പൂര്‍ത്തിയായപ്പോള്‍ അച്ഛനൊപ്പം മുടങ്ങാതെ ഫുട്‌ബോള്‍ പരിശീലനത്തിനു പോയിരുന്നു. കണ്ണൂര്‍ ജില്ലാ സീനിയര്‍ ഡിവിഷന്‍ ടൂര്‍ണമെന്റില്‍ അച്ഛനുള്‍പ്പെടുന്ന പോലിസ് ടീമിനെതിരേ മിഥുന്‍ കളിച്ചു ജയിച്ചിരുന്നു. കാല്‍പന്തുകളിയില്‍ തനിക്ക് അടിത്തറ പാകിയത് എടക്കാട് എവര്‍ഗ്രീനും സ്‌പോട്ടിങ് ക്ലബ്ബിലെ പരിശീലകന്‍ രഘുവേട്ടനും ആണെന്ന് മിഥുന്‍ ഓര്‍മിക്കുന്നു. കേരളത്തിനുള്ള സന്തോഷ്‌ട്രോഫി വിജയം പരിശീലകന്റെ വിജയമാണ്. ചെറുപ്പക്കാരെയും എല്ലാവരെയും ഒത്തൊരുമിപ്പിച്ചു. ബാംഗാളിന്റെ മണ്ണില്‍ അവരെ കീഴടക്കുകയെന്നത്
ഏറെ അഭിമാനകരമാണ്. ഫൈനലിനേക്കാള്‍ മികച്ച പ്രകടനം നടത്തിയത് മിസോറമിനെതിരേയാണ്.
ജീവിതത്തിലൊരിക്കലും ആ കളി മറക്കാനാവില്ല. ഫൈനലില്‍ നല്ല ആത്മവിശ്വാസത്തോടെയാണ് ഫ്രീകിക്ക് നേരിട്ടത്. സന്തോഷ് ട്രോഫി കളിക്കുമ്പോള്‍ തന്നെ സ്വപ്‌നം കണ്ടിരുന്നു. ഫൈനലിലെത്തുകയും ഫ്രീകിക്കില്‍ പന്ത് സേവ് ചെയ്ത് കിരീടം നേടുകയും ചെയ്യണമെന്ന്. അതിനാല്‍ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പിന്നെ പരിശീലകന്‍ പറഞ്ഞു, വലതു ഭാഗത്തേക്ക് ഡൈവ് ചെയ്യണമെന്ന്. അതുപോലെ ചെയ്തു.
രണ്ടു കിക്കുകള്‍ തടുക്കാനായി. ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കാനാണു താല്‍പര്യം. ബാങ്ക് ജോലിയായതിനാല്‍ കളിക്കാന്‍ അവധി കിട്ടാത്തത് പ്രശ്‌നമാവുന്നുണ്ടെന്നും മിഥുന്‍ പറഞ്ഞു.
ഇളയ സഹോദരന്‍ ഷിനോയ് ദേശീയ അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ മൂന്നാം സ്ഥാനക്കാരായ കണ്ണൂര്‍ സര്‍വകലാശാല ടീം അംഗമാണ്. ഇപ്പോള്‍ തമിഴ്‌നാട് സീനിയര്‍ ഡിവിഷന്‍ ലീഗില്‍ സതേണ്‍ റെയില്‍വേക്കു വേണ്ടി അതിഥിതാരമായി കളിക്കുന്നുണ്ട്. മീറ്റ് ദ പ്ലെയര്‍ പരിപാടിയില്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബിന്റെ സ്‌നേഹോപഹാരവും അദ്ദേഹം കൈമാറി. ഖജാഞ്ചി സിജി ഉലഹന്നാന്‍, വൈസ് പ്രസിഡന്റ് സുപ്രിയ സുധാകര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it