കേരളത്തിന്റെ അടിയന്തര പ്രശ്‌നം

ജമാല്‍ കൊച്ചങ്ങാടി

നോക്കിയിരിക്കെ, കേരളം ഒരു ചന്തയായി മാറിക്കൊണ്ടിരിക്കുന്നു. കച്ചവടക്കാര്‍ അപ്പുറവും ഇപ്പുറവും നിന്ന് ഉപഭോക്താക്കളെ മാടിവിളിക്കുന്നു: എല്ലാം ശരിയാവും ഇങ്ങോട്ടു പോരൂ...
മറുവശത്തുനിന്ന് മറ്റൊരു വിളി: ഒരിക്കല്‍ക്കൂടി രുചിച്ചുനോക്കൂ... ഞങ്ങള്‍ക്ക് രുചിച്ചിട്ടു മതിയാവുന്നില്ല.
രണ്ടാഴ്ചയ്ക്കകം വരാനിരിക്കുന്ന മഹാമഹത്തിനുള്ള വരവേല്‍പാണ്. ഇവിടെ ഉപഭോക്താവ് വെറും ഒരു വോട്ടറാണ്. എങ്കിലും മെയ് 16 കഴിയും വരെ അവന്‍ രാജാവാണ്. അതുവരെ അവന്റെ മുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കേണ്ടത് രാഷ്ട്രീയ വാണിഭക്കാരുടെ ആവശ്യമാണ്.
വലതുമുന്നണി താഴത്തിറങ്ങുമ്പോള്‍, ഇടതുമുന്നണി കയറുന്നു. കാടഞ്ചുകൊല്ലം നാടഞ്ചുകൊല്ലം എന്ന കണക്കില്‍, അയ്യഞ്ചു വര്‍ഷം കൂടുമ്പോഴുള്ള മാമാങ്കം. എഴുപതുകള്‍ തൊട്ട് തുടങ്ങിയതാണിത്. വലതും ഇടതുമായ പാര്‍ട്ടികള്‍ രണ്ടു ചേരികളായി തിരിഞ്ഞ് അധികാരത്തിനുവേണ്ടിയുള്ള വടംവലി. നേരിയ ഭൂരിപക്ഷത്തില്‍ ഭരണസാരഥ്യമേറുന്നവര്‍ക്ക് ഈര്‍ക്കിലി പാര്‍ട്ടികളെയും വ്യക്തികളെയും സമുദായങ്ങളെയുമെല്ലാം സാഹചര്യമനുസരിച്ച് പ്രസാദിപ്പിക്കേണ്ടിവരും. ചെറിയ പാര്‍ട്ടികളുടെ വലുപ്പത്തേക്കാള്‍ പല മടങ്ങാണ് അവരുടെ വിലപേശല്‍ ശക്തി. എല്ലാവരോടും വിട്ടുവീഴ്ച വേണ്ടിവരുന്നു. മന്ത്രിസ്ഥാനങ്ങളില്‍ തിരുകാന്‍ കഴിയാത്തവരെ കോര്‍പറേഷനുകളുണ്ടാക്കി തലപ്പത്ത് പ്രതിഷ്ഠിക്കുന്നു. കക്ഷിരാഷ്ട്രീയം സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റുന്നു. സ്ഥാനമാനങ്ങള്‍ വീതിക്കപ്പെടുന്നു. വിദ്യാലയങ്ങളും ആശുപത്രികളും മെഡിക്കല്‍ കോളജുകളും പങ്കുവയ്ക്കപ്പെടുന്നു. ട്രാന്‍സ്ഫറിനും നിയമനത്തിനും ശുപാര്‍ശകള്‍ക്കും ബിനാമികള്‍ക്കും വേണ്ടിയുള്ള ലോബികള്‍ കച്ചമുറുക്കി തയ്യാറെടുക്കുന്നു. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനുപോലും സ്വന്തം കക്ഷിയുടെ, ഗ്രൂപ്പിന്റെ, ജാതിയുടെ, മതത്തിന്റെ താല്‍പര്യങ്ങള്‍ നോക്കണമെന്നു വരുന്നു. പങ്കുപറ്റല്‍ എന്ന സാമ്പത്തികാടിത്തറയിലാണ് പല തല്‍പര സംഘങ്ങളുടെയും നിലനില്‍പ്പുതന്നെ. നേതാവ് എന്തു വൃത്തികേട് കാണിച്ചാലും അത് ന്യായീകരിക്കേണ്ടത് അണികളുടെ ബാധ്യതയായിത്തീരുന്നു. വിപ്ലവകക്ഷികള്‍ പോലും മതസമുദായങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ അതേ സമുദായക്കാരെ നിര്‍ത്തുന്നത് ഒരു പ്രായോഗിക രാഷ്ട്രീയത്തിന് സെക്കുലറിസം പറ്റില്ലെന്നറിഞ്ഞുകൊണ്ടുതന്നെ. ജനാധിപത്യം ഇവിടെ പണാധിപത്യമായി മാറുന്നു. അഴിമതി അഴിഞ്ഞാടുന്നു. പുറമ്പോക്ക് സ്ഥലങ്ങളും വനഭൂമിയും റിയല്‍ എസ്‌റ്റേറ്റുകാര്‍ക്ക് എഴുതിക്കൊടുക്കുന്നു. മരങ്ങള്‍ മറിച്ചുവില്‍ക്കുന്നു. പുഴകള്‍ മണലൂറ്റിയെടുത്ത് ഊഷരമാക്കുന്നു. കുന്നുകള്‍ ഇടിച്ചുനിരത്തി സമതലമാക്കുന്നു. കോണ്‍ക്രീറ്റ് കാടുകള്‍ നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് പടര്‍ന്നുകയറുന്നു.
എത്രയോ ദശകങ്ങളായി ഈ നാടകത്തിന്റെ ആവര്‍ത്തനങ്ങളല്ലേ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്? ഒരു നാടിന്റെ അടിസ്ഥാനാവശ്യങ്ങള്‍ മുന്‍ഗണനാക്രമമനുസരിച്ച് ഭരണകാലാവധിക്കകം ചെയ്തുതീര്‍ക്കാവുന്നവ പ്രായോഗികമാക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തുടങ്ങിവയ്ക്കുന്നതിനുമാണ് വികസനം എന്നു പറയുന്നത്. പഞ്ചവല്‍സര പദ്ധതികള്‍ വന്നത് അതാവിര്‍ഭവിച്ച കാലത്തെ വികസനസങ്കല്‍പമനുസരിച്ചാണ്. താല്‍ക്കാലികവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കണമെങ്കില്‍ ഈ മുന്‍ഗണനാക്രമം മനസ്സിലാക്കി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള ദൂരക്കാഴ്ചയും സാക്ഷാല്‍ക്കരിക്കാനുള്ള ഇച്ഛാശക്തിയും വേണം. അങ്ങനെ നോക്കുമ്പോള്‍ മലയാളി ഇന്നു നേരിടുന്ന ഏറ്റവും അടിയന്തരപ്രാധാന്യമുള്ള പ്രശ്‌നമെന്താണ്? നമുക്ക് ഇരുമുന്നണികളുടെയും പ്രകടനപത്രികകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിനോക്കാം.
ഭരണമുന്നണിയുടെ മാനിഫെസ്റ്റോയില്‍ പരമ്പരാഗതമായി പറയുന്ന വാഗ്ദാനങ്ങള്‍ തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ്. എല്ലാവര്‍ക്കും ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം. റോട്ടി, കപ്പഡ, മക്കാന്‍. ഇന്ത്യാ മഹാരാജ്യം സ്വതന്ത്രമായ കാലംതൊട്ടുള്ള മുദ്രാവാക്യമല്ലേ ഇത്? ഇത് അടുത്തകാലത്തെപ്പോഴെങ്കിലും സാക്ഷാല്‍ക്കരിക്കപ്പെടുമെന്നു തോന്നുന്നുണ്ടോ? ഒരുപിടി ചോറിനും ഇത്തിരി പയറുപുഴുക്കിനും വേണ്ടിമാത്രം പള്ളിക്കൂടത്തിലെത്താന്‍ നിര്‍ബന്ധിതരാവുന്ന കുഞ്ഞുങ്ങള്‍ എത്രയാണെന്ന് ആരെങ്കിലും കണക്കെടുത്തിട്ടുണ്ടോ?
പിന്നെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സൈക്കിള്‍. കോളജ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞനിരക്കില്‍ ലാപ്‌ടോപ്പ്, പില്‍ഗ്രിം, ഹെല്‍ത്ത്, ഫെസ്റ്റിവല്‍, മെഡിക്കല്‍ എന്നുവേണ്ട എല്ലാവിധത്തിലുള്ള ടൂറിസവും പ്രോല്‍സാഹിപ്പിക്കുമെന്നാണു പറയുന്നത്. ഭൂരഹിതര്‍ക്ക് മൂന്നു സെന്റ് ഭൂമി വീതം നല്‍കുമത്രെ. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ആദിവാസികള്‍ക്ക് ഭൂമി പതിച്ചുകൊടുക്കുമെന്നു പറഞ്ഞിട്ടെന്തായി. അതേസമയം ഭരണമൊഴിയേണ്ടിവരുമെന്നു കണ്ടപ്പോള്‍ തിരക്കിട്ട് സര്‍ക്കാര്‍ ഭൂമി തീറെഴുതിക്കൊടുത്തത് സന്തോഷ് മാധവനെയും വിജയ് മല്യയെയും പോലുള്ളവര്‍ക്കല്ലേ? മന്ത്രിസഭയ്ക്ക് മുഴുവനുമില്ലേ ഈ കടുത്ത അഴിമതിയില്‍ ഉത്തരവാദിത്തം. കര്‍ഷകര്‍ക്കുള്ള പലിശരഹിത വായ്പ ഭരണകാലത്ത് നല്‍കിയിരുന്നെങ്കില്‍ അവരില്‍ പലര്‍ക്കും ആത്മഹത്യ ചെയ്യേണ്ടിവരുമായിരുന്നോ? അസംസ്‌കൃത വസ്തുവായ റബര്‍ കയറ്റിയയക്കുന്നതിനു പകരം അത് ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ക്ക് വാണിജ്യാടിത്തറയിട്ടിരുന്നെങ്കില്‍ എത്രയോ ആളുകള്‍ക്ക് ജോലി കിട്ടുമായിരുന്നു!
600ഓളം വാഗ്ദാനങ്ങളാണ് എല്‍ഡിഎഫ് മുമ്പോട്ടുവയ്ക്കുന്നത്. 25 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്നതാണ് അവയില്‍ ഏറ്റവും പ്രലോഭനീയമായത്. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി തൊഴിലില്ലാപ്പടയുള്ള സംസ്ഥാനമാണ് നമ്മുടേത്. സര്‍ക്കാരിന്റെ ഒത്താശയും ഓശാരവുമില്ലാതെ ഐടി, ഗള്‍ഫ് മേഖലകളില്‍ ചേക്കേറാന്‍ മലയാളി തയ്യാറായിരുന്നില്ലെങ്കില്‍ കാണാമായിരുന്നു സ്ഥിതി. കേരളത്തിനു പുറത്തുപോയാല്‍ മലയാളിയുടെ അച്ചടക്കവും കഠിനാധ്വാനവും കണ്ട് അദ്ഭുതപ്പെട്ടുപോവും. അഭ്യസ്തവിദ്യര്‍പോലും ഗള്‍ഫ് രാജ്യങ്ങളില്‍ എന്തു ജോലി ചെയ്യാനും തയ്യാറാവുന്നു. ഐടി വിദഗ്ധര്‍ കരാറടിസ്ഥാനത്തില്‍ പതിനാറും ഇരുപതും മണിക്കൂര്‍ പണിയെടുക്കുന്നു. എന്നാല്‍, അവന് സ്വന്തം നാട്ടില്‍ മേലനങ്ങി ജോലിചെയ്യാനാവില്ല. വൈറ്റ്‌കോളര്‍ ജോലി വേണം. ഇല്ലെങ്കില്‍ സമരമായി, മുദ്രാവാക്യമായി, വ്യവസായശാലകള്‍ പൂട്ടിക്കലായി.
നിരന്തരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, നിരത്തുകള്‍ കുരുതിക്കളമാക്കുന്ന റോഡപകടങ്ങള്‍ വിഷമദ്യദുരന്തങ്ങള്‍... കേരള മോഡല്‍ എന്ന് പ്രശസ്തമായ ഒരു സംസ്ഥാനത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍. ഈ അവസ്ഥ ഇല്ലാതാക്കുന്നതിനായി മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ എന്തുചെയ്തു? കേരളത്തെ ഒരു ഉപഭോഗ സംസ്ഥാനമാക്കി മാറ്റിയത് ഈ രാഷ്ട്രീയനേതൃത്വം തന്നെയല്ലേ? മറുനാടുകളില്‍നിന്ന് മാരകമായ വിഷംനിറഞ്ഞ ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇറക്കുമതി ചെയ്യേണ്ടിവന്നത് കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പതിച്ചുകൊടുത്തതുകൊണ്ടല്ലേ? നെല്‍കൃഷി ചെയ്യാനുള്ള സ്ഥലം കഴിഞ്ഞ അരനൂറ്റാണ്ടിനകം നാലിലൊന്നായി ചുരുങ്ങിപ്പോയെന്നാണ് റിപോര്‍ട്ട്. ആവശ്യമായ നെല്ലിന്റെ അഞ്ചിലൊന്നു മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കി ആന്ധ്ര ശരണം ഗച്ഛാമി.
വാസ്തവത്തില്‍ വിഷാംശം ഇല്ലാത്ത എന്തെങ്കിലുമൊരു വസ്തു കുടിക്കാനോ തിന്നാനോ ഇവിടെ കിട്ടുന്നുണ്ടോ? അത് ഓരോ പൗരന്റെയും മൗലികാവകാശമല്ലേ? അതുപോലും ഉറപ്പാക്കാന്‍ കഴിയാത്ത, അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത കുറേ ആളുകളെ- അവര്‍ ഏതു പാര്‍ട്ടിക്കാരായാലും മുന്നണിക്കാരായാലും - തിരഞ്ഞെടുത്ത് നിയമസഭയിലേക്കയച്ചിട്ട് എന്തു കാര്യം?
നാഷനല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും മലിനമായ ജലം കിട്ടുന്നത് കേരളത്തിലാണെന്നാണ്. അതേസമയം കുപ്പിവെള്ളം, ഒരു വലിയ വ്യാപാരമായി കുതിച്ചുകൊണ്ടിരിക്കുന്നു. ഏഴുകോടി രൂപയുടെ ബിസിനസ്സാണ് അതു കൈവരിച്ചിരിക്കുന്നത്. ഇതിന്റെയൊക്കെ സുരക്ഷിതത്വം ആര്‍ക്കറിയാം. തംപ്‌സപ്പ്, കോക്ക്, സെവനപ്പ്, മിറിന്‍ഡ, പെപ്‌സി, ഫാന്റ, സ്‌പ്രൈറ്റ്, ഫ്രൂട്ടി, മാസാ തുടങ്ങിയ ശീതളപാനീയങ്ങളിലെല്ലാം കീടനാശിനിയും രാസവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നിയുടെ പ്രവര്‍ത്തനം ഇല്ലാതാക്കുന്ന അലൂമിനിയം ഫോസ്‌ഫേറ്റ് നാളികേരത്തില്‍ കടത്തിവിടുന്നു. മല്‍സ്യം ദീര്‍ഘസമയം 'കേടു'കൂടാതെയിരിക്കാന്‍ ഫോര്‍മലിന്‍ ഉപയോഗിക്കുന്നു. നമ്മുടെ ഏതാണ്ട് എല്ലാ നിത്യോപയോഗവസ്തുക്കളും ഏതെങ്കിലും വിധത്തിലുള്ള മാരകവസ്തുക്കള്‍ കലര്‍ന്നതാണ്. ഐഎസ്‌ഐ ലേബല്‍ ഉള്ള ഭക്ഷ്യവസ്തുക്കളില്‍ 22 ശതമാനവും മായംചേര്‍ന്നതാണെന്നു കണക്കുകള്‍ പറയുന്നു. ഇഷ്ടികപ്പൊടി കലര്‍ത്തിയ മുളകുപൊടിയും ചോക്കുപൊടി ചേര്‍ത്ത ഗോതമ്പുപൊടിയും അള്‍സറിനു കാരണമാവുമ്പോള്‍, പാരഫിന്‍ കലര്‍ന്ന വെളിച്ചെണ്ണ രക്താര്‍ബുദവും കരള്‍രോഗവുമുണ്ടാക്കുന്നു. മൃഗക്കൊഴുപ്പ് കലര്‍ത്തിയ നെയ്യും കാന്‍സറിനു കാരണമാവുന്നു. ആര്‍ജിമോണ്‍ എന്ന എണ്ണ കലര്‍ന്ന നിലക്കടലയെണ്ണ ഹൃദ്രോഗത്തിലേക്കു നയിക്കുന്നു. ഇങ്ങനെ നാം ദിവസേന കഴിക്കുന്ന ഓരോ ഭക്ഷണപദാര്‍ഥത്തിലും കറിപ്പൗഡറിലും എണ്ണയിലും ധാന്യവസ്തുക്കളിലും പച്ചക്കറിയിലും മല്‍സ്യ-മാംസാദികളിലും അടങ്ങിയിരിക്കുന്ന മാരകവസ്തുക്കള്‍ ഇഞ്ചിഞ്ചായുള്ള മരണത്തിലേക്കാണു നയിക്കുന്നത്. മുമ്പൊന്നുമില്ലാത്തവിധം വൃക്കരോഗികളും ഡയാലിസിസ് സെന്ററുകളും പെരുകാന്‍ മറ്റു കാരണങ്ങള്‍ തേടിപ്പോവേണ്ട. ഹൃദോഗവും വൃക്കരോഗവും കാന്‍സറും രക്തസമ്മര്‍ദ്ദവും തുടങ്ങി മിക്ക മാരകരോഗങ്ങളെയും ജീവിതശൈലീ രോഗങ്ങള്‍ എന്നു പറഞ്ഞ് മാറ്റിനിര്‍ത്തുന്നതിനു മുമ്പ് ഈ രോഗങ്ങള്‍ സൃഷ്ടിക്കുന്ന സാമൂഹികാന്തരീക്ഷത്തെ ഇല്ലാതാക്കാന്‍ ഭരണകൂടം എന്തു ചെയ്തു, എന്തു ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്.
(അവസാനിക്കുന്നില്ല.)
Next Story

RELATED STORIES

Share it