Flash News

കേരളത്തിനെതിരേ നടത്തുന്ന പ്രസ്താവനകള്‍ അപലപനീയം



തിരുവനന്തപുരം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ ആര്‍എസ്എസ് നേതാക്കളും കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ നടത്തുന്നതിനെ ശക്തമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ തത്ത്വങ്ങള്‍ മറന്നു കേരളത്തിനെതിരേ നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണെന്നു മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.കേരളത്തിലെ സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുന്നുവെന്ന പ്രസ്താവനയുമായി മോഹന്‍ഭഗവത് രംഗത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറും വിവാദ പ്രസ്താവനയുമായി എത്തിയത്. കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോവാദികളെ പോലെ അക്രമം നടത്തുന്നുവെന്നായിരുന്നു ജാവ്‌ദേക്കറിന്റെ പ്രസ്താവന. ആര്‍എസ്എസിന്റെ അക്രമ-വര്‍ഗീയ രാഷ്ട്രീയം മൂടിവയ്ക്കാനുള്ള ദുര്‍ബലമായ തന്ത്രമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്‌പ്പെടുത്തിക്കളയാമെന്നു സംഘപരിവാരം കരുതേണ്ടതില്ല. സമാധാനം കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു ജാഥാ പ്രഹസനം നടത്തുന്നതിനു പകരം സ്വന്തം അണികളെ അടക്കിനിര്‍ത്തി സമാധാനം നിലനിര്‍ത്താനുള്ള മുന്‍കൈയാണ് കേന്ദ്രമന്ത്രിയില്‍ നിന്നും കേന്ദ്ര ഭരണകക്ഷി നേതൃത്വത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെറ്റായ പ്രചാരവേല തുടര്‍ച്ചയായും സംഘടിതമായും സംഘടിപ്പിക്കുക, തെരുവു നാടകത്തിലെ രംഗം പോലും കേരളത്തിലെ കൊലപാതകമായി പ്രചരിപ്പിക്കാന്‍ ചില മാധ്യമങ്ങളെ ഉപയോഗിക്കുക, അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉയര്‍ത്തി മാധ്യമ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക എന്നിവയാണ് ആര്‍എസ്എസ് ശ്രമങ്ങള്‍. കേരളവും മലയാളികളും നെഞ്ചോട് ചേര്‍ത്തുവച്ച മതനിരപേക്ഷതയും ശരിയായ രാഷ്ട്രീയവും സംഘപരിവാരത്തിനെ എത്രയേറെ അലോസരപ്പെടുത്തുന്നു എന്നതിനു തെളിവാണിത്. ആ അലോസരവും അസ്വസ്ഥതയുമാണ് ജാവ്‌ദേക്കറിന്റെയും മോഹന്‍ ഭഗവതിന്റെയും വാക്കുകളില്‍ പ്രകടമാവുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ നടത്തുന്ന ജാഥയും ഇതിന്റെ പ്രതിഫലനമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Next Story

RELATED STORIES

Share it