Flash News

കേരളത്തിനെതിരേയുള്ള പ്രചാരണം ചെറുക്കാന്‍ മാധ്യമങ്ങള്‍ക്കു സാധിച്ചില്ല: മുഖ്യമന്ത്രി



മലപ്പുറം: കേന്ദ്ര ഭരണകൂടവും ഫാഷിസ്റ്റ് സംഘടനകളും കേരളത്തിനെതിരേ ഉയര്‍ത്തുന്ന തെറ്റായ പ്രചാരണങ്ങളെ ചെറുക്കുന്നതിനു മലയാള മാധ്യമങ്ങള്‍ക്ക് സാധിച്ചില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറത്ത് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം വസ്തുതാവിരുദ്ധ പരാമര്‍ശങ്ങളാണ് കുറച്ചു കാലങ്ങളായി കേരളത്തിനെതിരേ നടന്നത്. ഇത് അസത്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, യഥാര്‍ഥ വസ്തുത രാജ്യത്തെയും ലോകത്തെയും അറിയിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചില്ല. അതേസമയം, ഉത്തരേന്ത്യയില്‍ നിന്നു കേരളത്തെ കുറിച്ചറിയാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഇവിടത്തെ സമാധാനാന്തരീക്ഷത്തെയും വികസന പുരോഗതികളെയും കുറിച്ചു വാര്‍ത്തകള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ആത്മവിമര്‍ശനം നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ശരിയായ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള മാധ്യമപ്രവര്‍ത്തനമാണ് ആദ്യകാലങ്ങളില്‍ നടന്നത്. വികസന പദ്ധതികളെ അവഗണിക്കുകയും വിവാദങ്ങള്‍ക്കു പിറകെ പോവുകയും ചെയ്യുന്ന രീതിയും പുനര്‍ചിന്തയ്ക്കു വിധേയമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കോടതികളില്‍ നിന്നു വാര്‍ത്ത ശേഖരിക്കുന്നതില്‍ നിന്നു മാധ്യമപ്രവര്‍ത്തകരെ തടയരുത് എന്നതാണ് സര്‍ക്കാറിന്റെ നിലപാട്. ഇതു പല പ്രാവശ്യം വ്യക്തമാക്കിയതാണ്. ഇപ്പോഴും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതില്‍ എന്തു നടപടി വേണമെന്നു തീരുമാനിച്ച് അറിയിച്ചാല്‍ അതു നടപ്പാക്കുന്നതിനു സര്‍ക്കാറിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നു പിണറായി വിജയന്‍ അറിയിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി വി അബ്ദുല്‍ വഹാബ് എംപി, കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന സെക്രട്ടറി സി നാരായണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it