കേരളത്തിനു വേണ്ടത് പുതിയ ബദല്‍

കേരളത്തിനു വേണ്ടത് പുതിയ ബദല്‍
X
slug-budgetവികസനരംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കി എന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണനേട്ടമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശവാദം. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും പലതും ആത്മാര്‍ഥമായി നടപ്പാക്കുന്നതിലും സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടായി എന്ന കാര്യത്തില്‍ തര്‍ക്കമില്ലതാനും. അത്യുത്തരദേശത്ത് കണ്ണൂരില്‍ വൈകാതെ വിമാനമിറങ്ങുന്നതു മുതല്‍ തെക്കേയറ്റത്ത് വിഴിഞ്ഞത്ത് സമുദ്രമാര്‍ഗമുള്ള കച്ചവടം ലക്ഷ്യമാക്കി പുതിയ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ തുടങ്ങുന്നതു വരെയുള്ള നേട്ടങ്ങള്‍ നിരവധിയാണ്. ഈ നേട്ടങ്ങളില്‍ പലതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സ്വന്തം പദ്ധതികളാണെന്നു പറയാന്‍ കഴിയില്ല എന്നതു വേറെക്കാര്യം. വികസനരംഗത്തെ സുപ്രധാന പദ്ധതികളില്‍ പലതും ഒരു പതിറ്റാണ്ടോ അതിലധികമോ കാലമായി കേരളത്തില്‍ ചര്‍ച്ചെചയ്യപ്പെടുന്നതാണ്. പലതിനും തുടക്കംകുറിച്ചതും മുന്‍ സര്‍ക്കാരുകളാണ്. ഈ കാലയളവില്‍ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഭരണകൂടങ്ങള്‍ കേരളം ഭരിച്ചിട്ടുമുണ്ട്. ആ നിലയില്‍ വികസനരംഗത്തെ നേട്ടങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയമുന്നണിയുടെ മാത്രം സ്വന്തമാണെന്ന അവകാശവാദത്തില്‍ വലിയ കഴമ്പില്ല.
എന്നാല്‍, അതിനപ്പുറം എന്താണ് ധനകാര്യരംഗത്തെ അവസ്ഥയെന്ന് ചിന്തിക്കുമ്പോള്‍ കൂടിവരുന്ന റവന്യൂ കമ്മിയും സംസ്ഥാനത്തിന് ആഘാതമായിവരുന്ന ധനകമ്മിയും അവഗണിക്കാവുന്ന കാര്യങ്ങളല്ല. റവന്യൂ കമ്മി 10,000 കോടി രൂപയോളം വരുമെന്നാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്. അതേപോലെ വര്‍ധമാനമായ തുകയാണ് ധനകമ്മിയുടെ കാര്യത്തിലും കാണാന്‍ കഴിയുന്നത്. ഈ അവസ്ഥ കേരളത്തിനു താങ്ങാവുന്നതല്ല. കാരണം, ധനകാര്യ ഉത്തരവാദിത്തനിയമം അനുസരിച്ച് കമ്മി മൊത്തം വരുമാനത്തിന്റെ നിശ്ചിതതോതിലും താഴെ കൊണ്ടുവരുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്രത്തില്‍നിന്നുള്ള ധനസഹായം കൃത്യമായി ലഭിക്കുന്നതിനും ഒരു കര്‍ശനമായ ധനകാര്യ മാനേജ്‌മെന്റ് പാലിക്കുന്നത് നിര്‍ബന്ധമാണ്. പക്ഷേ, കമ്മി കുറയ്ക്കുന്നതില്‍ സംസ്ഥാനം കാര്യമായ വിജയങ്ങളൊന്നും നേടിയിട്ടില്ല എന്ന പ്രതീതിയാണ് ബജറ്റ് രേഖകള്‍ നല്‍കുന്നത്.
ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ജലരേഖകള്‍ മാത്രമായി മാറിപ്പോവും എന്ന യാഥാര്‍ഥ്യത്തിലേക്കാണ് കമ്മി സംബന്ധിച്ച് നിലവിലുള്ള ഉല്‍ക്കണ്ഠകള്‍ നമ്മെ നയിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് സംസ്ഥാനത്തിനു ലഭിക്കേണ്ട വിഹിതം പൊതുവില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്നതായാണു കാണുന്നത്. മെച്ചപ്പെട്ട ദേശീയ വരുമാന വളര്‍ച്ചയും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കേന്ദ്ര ഫിനാന്‍സ് കമ്മീഷന്‍ കൂടുതല്‍ ഉയര്‍ന്നതോതില്‍ സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാന്‍ ശുപാര്‍ശ ചെയ്തതും ഇതില്‍ സഹായകരമായിവന്ന ഘടകങ്ങളാണ്. പൊതുവില്‍ ദേശീയ സാമ്പത്തിക വളര്‍ച്ചയിലും പ്രത്യക്ഷ-പരോക്ഷ നികുതിവരുമാനത്തിലും വര്‍ധനയുണ്ടാവുന്നത് ഈയിനത്തില്‍ കേന്ദ്രത്തില്‍നിന്നുള്ള വിഹിതം മെച്ചപ്പെട്ട നിലയില്‍ നിലനിര്‍ത്തുന്നതിനു സഹായകമാവുകയും ചെയ്‌തേക്കാം.
എന്നാല്‍, ധനകാര്യ മാനേജ്‌മെന്റ് രംഗത്ത് എന്താണ് സംസ്ഥാനത്തിന്റെ പൊതുനില എന്ന് സത്യസന്ധമായി പരിശോധിക്കേണ്ടിയിരിക്കുന്നു. നികുതിവരുമാനത്തില്‍ മുന്‍കാലത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാര്യമായ ഇടിവാണ് കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി കാണാന്‍ കഴിയുന്നത്. നികുതിവരുമാനം വര്‍ധിപ്പിക്കുന്നതിനും വെട്ടിപ്പു തടയുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതുതന്നെയായിരിക്കണം അതിനു കാരണം. മുന്‍കാലത്ത് വാണിജ്യനികുതി പിരിവ് ഊര്‍ജിതമാക്കുന്നതിനു ശക്തമായ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയുണ്ടായി. അഴിമതിരഹിത ചെക്‌പോസ്റ്റുകള്‍ എന്ന ഡോ. തോമസ് ഐസക്കിന്റെ പ്രഖ്യാപിത ലക്ഷ്യം ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. മെച്ചപ്പെട്ട നികുതിഘടന ഏര്‍പ്പെടുത്തിയും ചോര്‍ച്ച തടയാനായി നടപടികള്‍ സ്വീകരിച്ചും അഴിമതി ഒഴിവാക്കാനായി കംപ്യൂട്ടര്‍ മുഖേനയുള്ള റിട്ടേണ്‍ ഫയലിങ് സംവിധാനം ഏര്‍പ്പെടുത്തിയും നികുതിവരുമാന രംഗത്ത് കഴിഞ്ഞ സര്‍ക്കാര്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു എന്ന് വരുമാനം സംബന്ധിച്ച ഒരു താരതമ്യ പഠനം വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിലുള്ള അലംഭാവവും അഴിമതിക്ക് കളമൊരുക്കുന്ന പ്രത്യേക ഓര്‍ഡറുകളുടെയും നികുതി ഒഴിവാക്കിക്കൊടുക്കല്‍, പിരിവുപരിധി നീട്ടിക്കൊടുക്കല്‍ തുടങ്ങിയ പദ്ധതിയുടെയും ഒക്കെ ഭാഗമായി സ്ഥിതിഗതികള്‍ മോശമായിവരുകയായിരുന്നു. കെ എം മാണിയുടെ ധനകാര്യ മാനേജ്‌മെന്റിനെ ഉമ്മന്‍ചാണ്ടി തന്റെ ബജറ്റ് പ്രസംഗത്തില്‍ പുകഴ്ത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ കാര്യങ്ങളില്‍ സ്ഥിതി പിന്നോട്ടുപോവുകയാണ് എന്ന വിലയിരുത്തല്‍ ഒഴിവാക്കാനാവുന്നതല്ല.
എന്നാല്‍, നികുതിയേതര മേഖലകളില്‍ വരുമാനം വര്‍ധിച്ചിട്ടുണ്ട്. ലോട്ടറിയും അതുപോലുള്ള ഏര്‍പ്പാടുകളും വന്‍തോതില്‍ വ്യാപിപ്പിച്ചതാണ് ഇതിനു കാരണം. അന്യസംസ്ഥാന ലോട്ടറികളെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ തുരത്തിയതാണ്. പകരം കേരള സംസ്ഥാനത്തിന്റെ സ്വന്തമായ കാരുണ്യ തുടങ്ങിയ പദ്ധതികളിലൂടെ പുതിയ ലോട്ടറികള്‍ ഏര്‍പ്പെടുത്തി. അതില്‍നിന്ന് വന്‍ തുക പിരിച്ചെടുക്കാനും കഴിഞ്ഞു. പക്ഷേ, ഏറ്റവും പാവപ്പെട്ടവരുടെ കീശയിലെ കാശ് പിഴിഞ്ഞെടുക്കുന്ന പരിപാടിയാണ് ലോട്ടറി എന്ന വസ്തുത ആര്‍ക്കും അവഗണിക്കാനാവില്ല. പിരിച്ചെടുക്കുന്ന പണം കാരുണ്യാവശ്യത്തിനു മുടക്കി എന്നതുകൊണ്ടുമാത്രം അത് നേടിയെടുക്കുന്ന രീതി ജുഗുപ്‌സാവഹമാണ് എന്ന യാഥാര്‍ഥ്യം ഇല്ലാതാവുന്നില്ല.
മദ്യത്തില്‍നിന്ന് വില്‍പന നികുതിയായും പ്രത്യേക സെസ്സ് ആയും പിഴിഞ്ഞെടുക്കുന്ന പണമാണ് മറ്റൊരു വലിയ വരുമാനമാര്‍ഗം. ഇതും ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ കീശ പിഴിഞ്ഞെടുക്കുന്ന പദ്ധതി തന്നെയാണ്. ബിവറേജസ് കോര്‍പറേഷന്‍ വഴി മദ്യക്കച്ചവടം സര്‍ക്കാര്‍ കുത്തകയാക്കി നിലനിര്‍ത്തിയിരിക്കുകയാണ്. നേരത്തേ ഹോട്ടലുകളില്‍ ബാറുകള്‍ അനുവദിച്ച് സ്വകാര്യമേഖലയ്ക്കു പരിമിതമായ ഒരു പങ്കാളിത്തം നല്‍കിയിരുന്നു. പക്ഷേ, അതിപ്പോള്‍ അവസാനിപ്പിക്കുകയാണുണ്ടായത്. ഫലം, ഹോട്ടല്‍വ്യവസായത്തിന്റെ വ്യാപകമായ തകര്‍ച്ചയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമ്പത്തികസര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കില്‍ കാര്യമായ ഇടിവുണ്ടായി എന്നാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഹോട്ടല്‍ ബുക്കിങുകളും കോണ്‍ഫറന്‍സുകളും കാര്യമായ ഇടിവു നേരിട്ട അവസരത്തില്‍ സംസ്ഥാനത്ത് പുതിയ ഒരു വ്യാജമദ്യവിപണി ഉയര്‍ന്നുവന്നിരിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന മദ്യത്തിന്റെ ഒഴുക്ക് എത്ര അപാരമാണ് എന്നറിയണമെങ്കില്‍ ഏതെങ്കിലുമൊരു വൈകുന്നേരം കേരളത്തിലെ ഇരുണ്ടുമൂടിയ ഇടവഴികളിലൂടെയോ പാതകളിലൂടെയോ ഒന്നു നടന്നുനോക്കിയാല്‍ മതി.
ബജറ്റില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് മുതല്‍ വിദ്യാഭ്യാസ വായ്പയ്ക്ക് ആശ്വാസം വരെ നിരവധിയാണ് വാഗ്ദാനങ്ങള്‍. തകരുന്ന റബറിന്റെയും മറ്റു കാര്‍ഷിക വാണിജ്യ വിളകളുടെയും കാര്യം പറയുകയും വേണ്ട. പക്ഷേ, ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍കൊണ്ടു പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല കേരളത്തിലെ കാര്‍ഷികമേഖലയിലേത് എന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂട. കാര്‍ഷിക മേഖലയില്‍ സമീപകാലത്തുണ്ടായ ഏറ്റവും കടുത്ത തിരിച്ചടിയാണ് കേരളം ഇപ്പോള്‍ നേരിടുന്നതെന്ന് സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു. മിക്കവാറും എല്ലാ നാണ്യവിളകളും പ്രതിസന്ധിയിലാണ്. ആകെയൊരു പ്രതീക്ഷ കാണാനാവുന്നത് പച്ചക്കറി ഉല്‍പാദന രംഗത്തുണ്ടായ വന്‍ കുതിപ്പാണ്. പക്ഷേ, അത് എതെങ്കിലും ഒരു സര്‍ക്കാരിന്റെ മാത്രം നേട്ടമായി കാണാവുന്നതുമല്ല. കേരളത്തിലെ പ്രതിപക്ഷമായ സിപിഎം അണികള്‍ മുതല്‍ പല മാധ്യമസ്ഥാപനങ്ങള്‍ വരെ പച്ചക്കറി ഉല്‍പാദന പ്രോല്‍സാഹനത്തിനു രംഗത്തുണ്ട്.
ചുരുക്കത്തില്‍ കേരളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും കക്ഷിരാഷ്ട്രീയാതീതമായ ഒരു കാഴ്ചപ്പാടും പദ്ധതിയും നമുക്ക് ആവശ്യമാണ് എന്ന ബോധ്യമാണ് ഇപ്പോഴത്തെ പ്രതിസന്ധി നല്‍കുന്നത്. ബജറ്റ് ചര്‍ച്ച അത്തരമൊരു ദിശയിലേക്കു നീങ്ങുമെങ്കില്‍ അത് ആശ്വാസജനകംതന്നെയായിത്തീരും. $
Next Story

RELATED STORIES

Share it