കേരളം ലക്ഷ്യമിട്ട് മയക്കുമരുന്നു കടത്തുകാര്‍

കൊച്ചി: കേരളം മയക്കുമരുന്നു കടത്തുകാരുടെ ലക്ഷ്യമായി മാറിയിരിക്കുകയാണെന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പിടികൂടിയത് 700 കോടിയുടെ മയക്കുമരുന്നാണെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഈ വര്‍ഷം 500 കോടിയുടെ ഹഷീഷ് ഓയിലും എംഡിഎംഎയും പിടിച്ചിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പാലക്കാട്ട് നിന്നു 40 കോടി രൂപയുടെ ഹഷീഷ് ഓയില്‍ പിടിച്ചിരുന്നു. പിന്നീട് എറണാകുളത്ത് നിന്ന് 35 കോടിയുടെ എംഡിഎംഎ പിടിച്ചു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് നിന്ന് 20 കോടിയുടെ മയക്കുമരുന്നും പിടികൂടി.
ഇതേ രീതിയില്‍ കേരളത്തിലേക്കു മയക്കുമരുന്നുകള്‍ നിരന്തരമായി എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ മയക്കുമരുന്നിന്റെ ആവശ്യക്കാര്‍ ഏറെയായതു കൊണ്ടായിരിക്കാം; അതല്ലെങ്കില്‍ ഇവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും കടത്താനായിരിക്കാമെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി. ഏപ്രിലില്‍ 35 കോടിയുടെ എംഡിഎംഎ പിടിച്ച കേസിലെ മുഖ്യപ്രതി ഗള്‍ഫിലുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. അയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്നും ഋഷിരാജ് സിങ് പറഞ്ഞു.
സംസ്ഥാനത്തു വന്‍തോതില്‍ മയക്കുമരുന്നിന്റെ ഉപയോഗം കൂടിവരികയാണ്. 2014ല്‍ പുതിയ മദ്യനയം വരുന്നതിനു മുമ്പ് 900 കേസുകളായിരുന്നു ഉണ്ടായിരുന്നത്. 2015ല്‍ അത് 1500ഓളം കേസുകളായി ഉയര്‍ന്നു. 2017ല്‍ അത് 3000ത്തിലധികമായി. വിദേശരാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്താനുള്ള ഇടനാഴിയായി കേരളത്തെ മാറ്റാന്‍ രാജ്യാന്തര ലഹരിമാഫിയ ശ്രമിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഓണ്‍ലൈന്‍ വഴി മയക്കുമരുന്നുകള്‍ ലഭ്യമാണെങ്കിലും ഇത്തരം മരുന്നുകള്‍ പലതും വ്യാജമാണെന്നു ഋഷിരാജ് സിങ് പറഞ്ഞു.
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് വില്‍പന വ്യാപകമായതോടെ അവ എത്തിക്കുന്ന കമ്പനികളെ പിടികൂടാനായി നാലു തവണ ഓണ്‍ലൈന്‍ വഴി താന്‍ മരുന്ന് വാങ്ങിയെങ്കിലും ഇവ വ്യാജമായിരുന്നുവെന്നും ഇവയില്‍ മയക്കുമരുന്നിന്റെ അംശം ഇല്ലെന്നു തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നു ഗുളികകളാണെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ചില രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗുളികകളില്‍ മയക്കുമരുന്നില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഉണ്ട്. ഇത്തരം ഗുളികകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ കൊടുക്കാന്‍ മെഡിക്കല്‍ ഷോപ്പുകള്‍ക്ക് അധികാരമില്ല. എന്നാല്‍ ഇതിനു വിരുദ്ധമായി ഇത്തരം ഗുളികകള്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്കു നല്‍കുന്നുണ്ട്്. ഇത്തരത്തില്‍ മരുന്നു നല്‍കിയ 27 മെഡിക്കല്‍ ഷോപ്പുകള്‍ റെയ്ഡ് ചെയ്ത് പൂട്ടിച്ചുവെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Next Story

RELATED STORIES

Share it