Flash News

കേരളം ഫുട്‌ബോള്‍ ലഹരയില്‍; കൊച്ചിയില്‍ നാളെ പന്തുരുളും

കേരളം ഫുട്‌ബോള്‍ ലഹരയില്‍; കൊച്ചിയില്‍ നാളെ പന്തുരുളും
X


നിഖില്‍ എസ് ബാലകൃഷ്ണന്‍


കൊച്ചി: കാത്തിരുപ്പുകള്‍ അവസാനിക്കുന്നു. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കൊച്ചിയിലെ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. ഗ്രൂപ്പ് ഡിയിലെ ആദ്യമല്‍സരത്തില്‍ കരുത്തരായ ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടും. രണ്ടാമത്തെ മല്‍സരത്തില്‍ നൈജറിന് കൊറിയ ആണ് എതിരാളികള്‍. ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന് രാജ്യം വേദിയാകുമെന്ന പ്രഖ്യാപനം രണ്ട് വര്‍ഷം മുമ്പ് ആരവങ്ങളോടെയാണ് കായിക പ്രേമികള്‍ വരവേറ്റത്. പിന്നീട് കാത്തിരിപ്പിന്റെ നാളുകള്‍. വേദി പ്രഖ്യാപിച്ചപ്പോള്‍ മലയാളി കായിക പ്രേമികളെ ആഹഌദത്തില്‍ ആറാടിച്ച് കൊച്ചിക്കും മല്‍സരങ്ങള്‍ അനുവദിച്ചു. ആദ്യം മന്ദഗതിയില്‍ തുടങ്ങിയ ഒരുക്കങ്ങളില്‍ ഫിഫ അസംതൃപ്തി രേഖപ്പെടുത്തിയതോടെ അധികൃതര്‍ ടോപ് ഗിയറിലായി. മല്‍സരങ്ങള്‍ക്ക് നൂറ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലും പരിശീലന മൈതാനങ്ങളിലും ഒരുക്കങ്ങള്‍ കാര്യമായി ആരംഭിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ഒരാഴ്ച്ച മുന്നേ ജോലികള്‍ അവസാനിപ്പിച്ച് സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറി. ഒടുവില്‍ നാളെ കൊച്ചിയില്‍ കൃത്യം അഞ്ച് മണിക്ക് സ്റ്റാര്‍ട്ടിങ് വിസില്‍ മുഴുങ്ങുമ്പോള്‍ കാല്‍പ്പന്തുകളിയുടെ ലോക ഭൂപടത്തില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയവും കേരളവും ഇടംപിടിക്കും. ആദ്യ ദിനത്തിലെ മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ പൂര്‍ണമായും  വിറ്റുകഴിഞ്ഞു. ബാക്കി മല്‍സരങ്ങള്‍ക്ക് നാമമാത്രമായ ടിക്കറ്റുകളാണ് ശേഷിക്കുന്നതെന്ന വാര്‍ത്ത പരന്നതോടെ ഇന്നലെ കലൂര്‍ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റ് സ്വന്തമാക്കുവാനുള്ളവരുടെ ഒഴുക്കായിരുന്നു . മണിക്കൂറുകള്‍ കൗണ്ടറിന് മുന്നില്‍ കാത്ത് നിന്നവരില്‍ ചിലര്‍ അക്ഷമരായി പ്രതികരിച്ചതോടെ നേരിയതോതിതിലുള്ള വാക്കേറ്റങ്ങള്‍ക്കും സ്റ്റേഡിയപരിസരം വേദിയായി. അവസാന നിമിഷം സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി കാണികളുടെ എണ്ണം വെട്ടികുറച്ചതും കളിപ്രേമികള്‍ക്ക് ആശങ്ക സമ്മാനിച്ചു. എങ്കിലും ടിക്കറ്റുകള്‍ സ്വന്തമാക്കിയവര്‍ക്കെല്ലാം മല്‍സരം കാണുവാനുള്ള അവസരമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.  ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ സ്റ്റേഡിയം സര്‍ക്കിളിലേക്ക് പ്രവേശനം അനുവദിക്കു. കനത്ത സുരക്ഷകള്‍ക്ക് നടുവിലാണ് മല്‍സരം നടക്കുന്നത്. മല്‍സരങ്ങള്‍ക്ക് മുമ്പ് ടീമുകള്‍ അവസാനവട്ട പരിശീലനത്തിലാണ്. ഇന്നും ടീമുകള്‍ പരിശീലനത്തിനായി സമയം മാറ്റിവച്ചിട്ടുണ്ട്. രണ്ട് മണിക്കൂര്‍ വീതമാണ് ഓരോ ടീമും പരിശീലനത്തിനായി ചെലവിടുന്നത്. ബാക്കി സമയം മുഴുവനും പൂര്‍ണ വിശ്രമത്തിനായി മാറ്റിവച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it