കേരളം നല്ല വികസനമാതൃക: കാഞ്ച ഐലയ്യ

കോഴിക്കോട്: രാജ്യത്തെ ഏറ്റവും നല്ല വികസനമാതൃക കേരളമാണെന്ന് പ്രമുഖ ദലിത് ചിന്തകന്‍ കാഞ്ച ഐലയ്യ. ഗൂജറാത്താണ് ഏറ്റവും മോശം വികസനമാതൃകയെന്നും അദ്ദേഹം പറഞ്ഞു. ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'ബീങ് എ ദലിത് ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഗൗരീദാസന്‍ നായരുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ ദലിത് രാഷ്ട്രപതിയെയും സുപ്രിംകോടതി ചീഫ്്ജസ്റ്റിസിനെയും രാജ്യത്തിന് സംഭാവന ചെയ്തത് കേരളത്തിലെ മാതൃകാപരമായ വിദ്യാഭ്യാസമാണ്. ഭൂമിയുടെ മേലുള്ള അവകാശങ്ങളേക്കാള്‍ ദലിതുകള്‍ക്കും ആദിവാസികള്‍ക്കും വേണ്ടത് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളാണ്. ഭൂമിയുടെ അവകാശം വാങ്ങിക്കൊടുത്ത് ദലിതരെ വീണ്ടും കര്‍ഷകരാക്കുകയല്ല വേണ്ടത്. മറിച്ച് അധികാരസ്ഥാനവും ഉന്നത ഉദ്യോഗങ്ങളും നേടിയെടുക്കാനും വ്യാപാര വ്യവസായ നടത്തിപ്പിനും പ്രാപ്തരാക്കുകയാണു വേണ്ടത്്. കേരളത്തിലെ ഇടതുപക്ഷ വികസന മാതൃക ബംഗാളിലെ 34 വര്‍ഷത്തെ ഇടതുഭരണത്തേക്കാള്‍ എത്രയോ മെച്ചമാണ്. ലോകത്ത് ഇനി വരാനിരിക്കുന്നതു മുതലാളിത്താനന്തര ക്ഷേമരാഷ്ട്രങ്ങളുടെ ലോകക്രമമാണ്. മാര്‍ക്‌സിസവും അംബേദ്കറിസവും സംയോജിപ്പിച്ചാല്‍ ഇന്ത്യ ചൈനയെപ്പോലെ വികസിത രാജ്യമാവും. ദലിത് ബുദ്ധിജീവികളില്‍ നല്ലൊരു വിഭാഗം ഇതിനുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോഴും അംബേദ്കര്‍ ദര്‍ശനത്തിന്റെ പ്രാധാന്യം മനസ്സിലാവുന്നില്ല. രാജ്യത്തെ ജാതീയത ഉള്‍െപ്പടെയുള്ള വിഷയങ്ങളെ വേണ്ടരീതിയില്‍ വിശകലനം ചെയ്ത് നിലപാട് സ്വീകരിക്കുന്നതില്‍ ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനും പറ്റിയ വീഴ്ചയാണ് ബിജെപിയെ അധികാരത്തിലേറ്റിയത്. ദലിത്, ന്യൂനപക്ഷ വിഷയങ്ങള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഉള്‍പ്പെടെയുള്ള ബിജെപി ഇതര പാര്‍ട്ടികള്‍ ഒട്ടൊക്കെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒബിസി വിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ല. 20 ശതമാനം വോട്ടുള്ള ഒബിസിക്കാരെ കൂടെ നിര്‍ത്താന്‍ ബിജെപി നന്നായി ശ്രമിക്കുന്നുണ്ട്. തങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി ഒബിസിക്കാരനായ ചായവാലയാണെന്ന പ്രചാരണം ബിജെപിക്ക് നന്നായി ഗുണംചെയ്‌തെന്നും കാഞ്ച ഐലയ്യ പറഞ്ഞു.
Next Story

RELATED STORIES

Share it