കേരളം തീവ്ര വലതുപക്ഷത്തേക്കോ?

എന്‍ എം പിയേഴ്‌സണ്‍

നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുസമുദായാംഗങ്ങളെ ഏകോപിപ്പിക്കാന്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജാഥ കാസര്‍കോട് മധൂര്‍ ശ്രീമദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍നിന്നാണ് ആരംഭിച്ചത്. ഫലത്തില്‍ അത് ഹിന്ദുത്വ ഏകീകരണത്തിന്റെ രഥയാത്രയാണ്. ജാതിവാദത്തിന്റെ ഭ്രാന്തിനെ കയറൂരിവിടുന്ന ചടങ്ങ്. ചടങ്ങില്‍ സന്ന്യാസിമാരുടെ നീണ്ടനിരയുണ്ടായിരുന്നു. ഈഴവനെ തൊട്ടാല്‍ അശുദ്ധമാവുമെന്നു കരുതുന്ന പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വര തീര്‍ത്ഥ വരെ പങ്കെടുത്തു.
ഈ ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ നേതാക്കള്‍ ചരിത്രത്തില്‍ ചവിട്ടിയരയ്ക്കപ്പെട്ട ഈഴവരെ മറന്നുകൊണ്ടാണ് നമ്പൂതിരിയുടെയും നായരുടെയും ജാതിമേധാവിത്വത്തിനു വിളക്കു തെളിയിക്കാന്‍ നിന്നുകൊടുക്കുന്നത്. 1806ല്‍ വൈക്കം ക്ഷേത്രത്തിലേക്ക് ആരാധനയ്ക്കായി ഇരുനൂറിലധികം ഈഴവ യുവാക്കള്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത് ചരിത്രം. വൈക്കം ക്ഷേത്രവും കാവും തങ്ങള്‍ക്ക് ആരാധനാസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ഉള്ളതായിരുന്നു. അതിനാല്‍ അവിടേക്ക് ഈഴവര്‍ക്ക് പ്രവേശനം അനുവദിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. തങ്ങള്‍ക്ക് അവകാശപ്പെട്ടത് ബ്രാഹ്മണര്‍ സ്വന്തമാക്കിയതിനെതിരേ അഹിംസാമാര്‍ഗത്തിലുള്ള ഒരു വിമോചനസമരമായിരുന്നു അത്. ഈ നിരായുധരായ ഈഴവ യുവാക്കള്‍ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തിയപ്പോള്‍ വേലുത്തമ്പി ദളവയുടെ കൂലിപ്പട്ടാളം അവരെ വെട്ടിവീഴ്ത്തി. ഇരുനൂറിലധികം വരുന്ന ഈഴവ യുവാക്കള്‍ മുഴുവന്‍ മരിച്ചുവീണു. ഇവരെ കുഴിയെടുത്തു മൂടാനോ, തീയിട്ട് ദഹിപ്പിക്കാനോ ബുദ്ധിമുട്ടായതുകൊണ്ട് തൊട്ടടുത്തുള്ള കുളത്തില്‍ ചവിട്ടിത്താഴ്ത്തി. അതിനുശേഷം വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുണ്ടായിരുന്ന കുളത്തിന് ദളവാക്കുളം എന്ന പേരുവീണു. ഈഴവ യുവാക്കളുടെ കൂട്ടക്കുരുതിയുടെ സ്മാരകമാണ് അത്. നായരും നമ്പൂതിരിയും ചേര്‍ന്നു നടത്തിയ ഈ കിരാതപര്‍വത്തെ മറന്നുകൊണ്ടാണ് ഈഴവ ഉന്നമനത്തിനെന്ന പേരില്‍ സവര്‍ണരുടെ തോളില്‍ കൈയിട്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ യാത്രതിരിച്ചിരിക്കുന്നത്.
ചരിത്രത്തിന്റെ പാഠങ്ങള്‍ പുസ്തകത്തില്‍നിന്ന് ഇറങ്ങിവന്ന് സവര്‍ണാധിപത്യത്തിനു വിളക്കു കാണിക്കുന്ന എസ്എന്‍ഡിപി നേതാക്കള്‍ക്ക് പ്രഹരമേല്‍പിക്കുമെന്ന് നമുക്ക് കരുതാവുന്നതാണ്. എന്നാല്‍, കേരള ജനത അഭിമുഖീകരിക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ ഈഴവജാതിവാദികള്‍ കേരള നിയമസഭയിലേക്ക് ബിജെപിയെ കൂട്ടിക്കൊണ്ടുവരും. അതുകൊണ്ടുതന്നെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ വലിയ വാര്‍ത്ത ബിജെപി അക്കൗണ്ട് തുറന്നു എന്നുതന്നെയാവും.
ഈ രാഷ്ട്രീയസാഹചര്യത്തിലാണ് കേരള ഇടതുപക്ഷത്തിന്റെ നിയോഗമെന്തെന്ന പരിശോധനയ്ക്ക് പ്രസക്തിയുണ്ടാവുന്നത്. കഴിഞ്ഞുപോയ കാല്‍നൂറ്റാണ്ടുകാലം കേരളം കണ്ടുകൊണ്ടിരുന്നത് കേരളത്തിലെ തൊഴിലാളിവര്‍ഗരാഷ്ട്രീയം ദ്രവിച്ചുതീര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയായിരുന്നു. കേരളത്തില്‍ സിപിഐ വളരെ നാളുകള്‍ക്കു മുമ്പുതന്നെ വളര്‍ച്ച മുരടിച്ച് ഒരു ബോണ്‍സായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിക്കഴിഞ്ഞിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു വളര്‍ച്ചാഗ്രാഫ് കാണിച്ചിരുന്ന പാര്‍ട്ടിയാണ് സിപിഎം. പക്ഷേ, കഴിഞ്ഞ കാല്‍നൂറ്റാണ്ടത്തെ അതിന്റെ ചരിത്രം ജീര്‍ണതയുടെ ചരിത്രമാണ്. വി എസ് അച്യുതാനന്ദനില്‍ ആരംഭിച്ച് സിഐടിയു പക്ഷത്തിനെതിരേ ചലിച്ച് തൊഴിലാളിവര്‍ഗനേതാക്കളെ മുഴുവന്‍ വെട്ടിനിരത്തി പിന്നീട് പിണറായി വിജയനിലും വി എസ് അച്യുതാനന്ദനിലുമായി തുടരുന്ന അന്തശ്ഛിദ്രം ആ പാര്‍ട്ടിയെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുകയാണ്.
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിച്ചു. ഈ വിജയം കേരളം ഇടത്തോട്ട് എന്ന നിലയില്‍ ആഘോഷിക്കപ്പെട്ടു. യഥാര്‍ഥത്തില്‍ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്? കേരളം ഇടത്തോട്ടാണോ അതോ വലത്തോട്ടാണോ? ശരിയായ ഒരു വിലയിരുത്തലിലേക്ക് വരുമ്പോള്‍ കേരളം വലത്തോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്നു കാണാവുന്നതാണ്.
2010ല്‍ ബിജെപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയത് 6.26 ശതമാനം വോട്ടായിരുന്നു. അതേസമയം, 2015ല്‍ അത് 13.28 ശതമാനമായി ഉയര്‍ന്നു. വോട്ട് ശതമാനത്തില്‍ ബിജെപി നേടിയ ഈ മുന്നേറ്റം ബിജെപിയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്നുണ്ട്. മുമ്പ് ബിജെപി ഒരു അപ്രസക്ത സാന്നിധ്യം മാത്രമായിരുന്നു. എന്നാലിപ്പോള്‍ അതൊരു പ്രബല ശക്തിയാണ്. കേരളത്തില്‍ അവര്‍ ഒരു മൂന്നാംബദലാണ്.
കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ജീര്‍ണത ബാധിച്ച് ആ രാഷ്ട്രീയം ഇഞ്ചിഞ്ചായി ദ്രവിച്ചുകൊണ്ടിരുന്ന സമയത്ത് കാവിരാഷ്ട്രീയം വളര്‍ന്നുവരുകയായിരുന്നു. മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തിന്റെ ബൃഹദ് ആഖ്യായികാസംവിധാനം തകര്‍ന്നുകൊണ്ടിരുന്നപ്പോള്‍ സംഘപരിവാര രാഷ്ട്രീയം മെല്ലെമെല്ലെ കേരളത്തിന്റെ രാഷ്ട്രീയമനസ്സില്‍ വികസിച്ചുവരുകയായിരുന്നു. ഒരു ഫാഷിസ്റ്റ് സംഘടിതസംവിധാനം ഇവിടെ ക്രമേണ അതിന്റെ അടിത്തറ പാകപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
അതിന്റെ വളര്‍ച്ച ആദ്യം അങ്ങനെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആര്‍എസ്എസിന്റെ ശാഖകളിലും ബാലഗോകുലത്തിന്റെ പഠനശിബിരങ്ങളിലും വിശ്വഹിന്ദുപരിഷത്തിന്റെ ക്ഷേത്രക്കൂട്ടങ്ങളിലും അതു വിത്തുവിതച്ച് വളര്‍ന്നുകൊണ്ടിരുന്നു. സേവാഭാരതിപോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും അതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. അതോടൊപ്പം സവര്‍ണരുടെ അസംതൃപ്തികളെ വളംവച്ച് വലുതാക്കിക്കൊണ്ടുവന്നിരുന്നു. ഈ രീതിയിലുള്ള നീക്കങ്ങള്‍ വഴി ഇന്ത്യയുടെ ഭരണസംവിധാനങ്ങളില്‍ ഹിന്ദുവര്‍ഗീയതയെ അതു നട്ടുനനച്ച് വളര്‍ത്തിക്കൊണ്ടിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥര്‍, ഐപിഎസ് ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ജഡ്ജിമാര്‍, സെക്രട്ടേറിയറ്റ് ജീവനക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങി ജീവിതവ്യവഹാരങ്ങളുടെ ഉന്നത ശ്രേണികളില്‍ ബിജെപിയുടെ രാഷ്ട്രീയ പതാകാവാഹകരെ അത് കുറേശ്ശെ കുറേശ്ശെ പാകപ്പെടുത്തിയെടുത്തുകൊണ്ടിരുന്നു. വ്യാപാരിസമൂഹത്തെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനും അവര്‍ ശ്രദ്ധിച്ചിരുന്നു. വ്യാപാരികള്‍ക്കായി ഒരു ദിനം- വ്യാപാരിദിനം- കൊണ്ടുവരാനും മോദി സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ തയ്യാറായത് തിരിച്ചറിയേണ്ടതാണ്. ചുരുക്കത്തില്‍ വളരെ സൂക്ഷ്മമായ തലങ്ങളില്‍ ആസൂത്രണം ചെയ്ത രീതിശാസ്ത്രം വഴി സംഘപരിവാര രാഷ്ട്രീയം കേരളത്തില്‍ സമസ്തമേഖലകളിലും വേരാഴ്ത്തിക്കഴിഞ്ഞു. കേരളത്തിലെ സരസ്വതീവിദ്യാലയങ്ങള്‍ക്കുണ്ടായ വളര്‍ച്ച മാത്രം പരിശോധിച്ചാല്‍ സംഘപരിവാര രാഷ്ട്രീയം എത്രമാത്രം കേരളീയസമൂഹത്തിന്റെ അടിത്തട്ടില്‍ വേരാഴ്ത്തിയെന്നു തിരിച്ചറിയാവുന്നതാണ്.
ആദ്യം അവര്‍ പിടിമുറുക്കിയത് സമുദായസംഘടനകളിലാണ്. സംഘപരിവാര രാഷ്ട്രീയത്തിന്റെ നേതൃത്വത്തില്‍ സവര്‍ണമേധാവിത്വം ഊട്ടിയുറപ്പിച്ചു. ജീവിതം മുഴുവന്‍ സംഘപരിവാര രാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ തയ്യാറായ സമര്‍പ്പിതരായ രാഷ്ട്രീയ സ്വയംസേവകരില്‍ ബഹുഭൂരിപക്ഷവും തകര്‍ന്ന നായര്‍ തറവാടുകളിലെ അസംതൃപ്തരായ ചെറുപ്പക്കാരായിരുന്നു. തങ്ങളുടെ പൂര്‍വികര്‍ക്ക് നഷ്ടപ്പെട്ട അധികാര പൈതൃകത്തിന്റെ തിരുശേഷിപ്പുകളായിരുന്നു അവരുടെ ലക്ഷ്യം. ആ ലക്ഷ്യം നേടാനുള്ള അചഞ്ചലമായ ആഗ്രഹമാണ് അവരെ സംഘപരിവാരത്തിലെത്തിച്ചത്. അങ്ങനെ രൂപപ്പെടുത്തിയെടുത്ത രാഷ്ട്രീയ സ്വയംസേവകരുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ പിന്നീട് കാലുറപ്പിച്ചത് കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ ആഗ്രഹങ്ങള്‍ ചിറകടിച്ചുയര്‍ന്നുകൊണ്ടിരുന്ന മനസ്സിലേക്കാണ്. കേരളത്തിന്റെ മാറിയ രാഷ്ട്രീയസാഹചര്യങ്ങള്‍ കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തില്‍ വലിയ മാറ്റം സൃഷ്ടിച്ചുകൊണ്ടിരുന്നു. കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തില്‍ മാത്രമല്ല, പരമ്പരാഗത തൊഴിലാളികളുടെ ജീവിതത്തിലാകമാനം തന്നെ അതു വിപ്ലവകരമായ ചലനങ്ങളുണ്ടാക്കി. പരമ്പരാഗത തൊഴിലിടങ്ങള്‍ ഇല്ലാതായിക്കൊണ്ടിരുന്നു. അതിന്റെ ഫലമായുണ്ടായ സാമൂഹികമാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. ദലിത്, പിന്നാക്ക സമൂഹങ്ങളില്‍ വര്‍ഗപരമായ വ്യതിയാനത്തിന്റെ ഒരു കാലംകൂടിയായിരുന്നു ഇത്. വര്‍ഗപരമായ മാറ്റം പ്രധാനമായും സംഭവിച്ചത് താഴേത്തട്ടില്‍ തന്നെയായിരുന്നു. മുകള്‍ത്തട്ടിലും അതു പ്രകടമായിരുന്നു. താഴേത്തട്ടില്‍നിന്ന് മുകളിലേക്കും മുകള്‍ത്തട്ടില്‍നിന്ന് താഴേക്കുമുള്ള ഒരു വര്‍ഗവ്യതിയാനത്തിന് കേരളം സാക്ഷ്യംവഹിച്ചു. അതിന്റെ ഫലം അതിവേഗം രൂപപ്പെട്ട മധ്യവര്‍ഗമായിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ വര്‍ഗഘടന മധ്യവര്‍ഗത്തിന്റേതാണ്. അതായത് കേരളത്തിന്റെ ബഹുഭൂരിപക്ഷവും ഇന്ന് പെറ്റിബൂര്‍ഷ്വാസിയായി മാറിക്കഴിഞ്ഞു.
പെറ്റിബൂര്‍ഷ്വാസിയായി മാറിയ ഒരു സമൂഹത്തിന്റെ താല്‍പര്യങ്ങള്‍ എന്തായിരിക്കുമെന്നും അതിനെ എങ്ങനെയാണ് തൃപ്തിപ്പെടുത്തേണ്ടതെന്നും നന്നായി വായിച്ചറിയാന്‍ സംഘപരിവാരത്തിനു കഴിഞ്ഞു. അതനുസരിച്ചുള്ള ഇടപെടലിന് അവര്‍ തയ്യാറായി. അതിന്റെ തുടര്‍ചലനങ്ങളാണു കേരളത്തിലെ രാഷ്ട്രീയഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത്. 1957ല്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശക്തി കര്‍ഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും ബീഡിത്തൊഴിലാളികളും നെയ്ത്തുതൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും കക്കവാരല്‍ത്തൊഴിലാളികളും കുമ്മായത്തൊഴിലാളികളും മണല്‍വാരല്‍ത്തൊഴിലാളികളും തെങ്ങുകയറ്റത്തൊഴിലാളികളും അലക്കുതൊഴിലാളികളും ഒക്കെയായിരുന്നു. കേരളസമൂഹത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റത്തില്‍ മുന്‍സൂചിപ്പിച്ച തൊഴിലാളിസമൂഹങ്ങള്‍ കേരളത്തില്‍നിന്നു തുടച്ചുമാറ്റപ്പെട്ടു. കര്‍ഷകത്തൊഴിലാളികളുടെ അടിത്തറ പുലയസമുദായത്തിലായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്ക് വംശനാശം സംഭവിച്ചു. കൃഷി നാമമാത്രമായി. അവരില്‍ ബഹുഭൂരിപക്ഷവും വിദ്യാസമ്പന്നരായി. സംവരണം നല്‍കിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് ആ സമുദായത്തിലെ നല്ലൊരു വിഭാഗം ജനത സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി മാറി. ബാക്കിയായവര്‍ ജീവിതത്തിന്റെ മറ്റ് വ്യവഹാരമേഖലകളിലേക്കു വ്യാപിച്ചു. അവര്‍ നിലനിന്നിരുന്ന തൊഴിലിടം കാലിയായി. അവര്‍ പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയവും അവര്‍ക്കു നഷ്ടപ്പെട്ടു. സാമൂഹികഘടനയില്‍ ഉണ്ടായ മാറ്റത്തിനനുസരിച്ചുള്ള അധികാരപദവി ലഭ്യമാക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിനു കഴിഞ്ഞില്ല എന്നതുകൊണ്ട് അവര്‍ അതുവരെ തുടര്‍ന്നുവന്ന രാഷ്ട്രീയസഞ്ചാരം നിര്‍ത്തി. അവരുടെ യാത്ര കോണ്‍ഗ്രസ്സിലേക്കും സംഘപരിവാരത്തിലേക്കുമായി മാറി. ഇടതുപക്ഷത്തെ ഉപേക്ഷിച്ച ആദ്യത്തെ അടിസ്ഥാനവര്‍ഗം കര്‍ഷകത്തൊഴിലാളികളായുള്ള പുലയസമുദായത്തിന്റെ പിന്‍തലമുറക്കാരായിരുന്നു.
പിന്നീട് സംഘപരിവാരം ലക്ഷ്യമിട്ടത് വിശ്വകര്‍മരെയാണ്. വിശ്വകര്‍മരാണ് ഈ ലോകനിര്‍മിതിയുടെ കേന്ദ്രശക്തി എന്ന് അവരെ ബോധ്യപ്പെടുത്തുകയും ലോക തൊഴിലാളിദിനത്തിനു ബദലായി വിശ്വകര്‍മദിനം ആചരിക്കാനും ബിജെപി തയ്യാറായി. അതുവഴി ബിഎംഎസ് എന്ന ബിജെപി നേതൃത്വം കൊടുക്കുന്ന തൊഴിലാളിസംഘടനയ്ക്ക് അവരുടേതായ ഒരു കാവിദിനം നല്‍കി രണ്ടു കാര്യങ്ങളില്‍ വിച്ഛേദം സൃഷ്ടിക്കാന്‍ സംഘപരിവാരത്തിനു കഴിഞ്ഞു. ഒന്ന്, ലോക തൊഴിലാളിപ്രസ്ഥാനത്തിന്റെ രക്തസാക്ഷിത്വദിനാചരണത്തെ റദ്ദുചെയ്യാന്‍ സാധിക്കുക. മറ്റൊന്ന്, ആശാരി, മൂശാരി, തട്ടാന്‍ തുടങ്ങിയ കേരളത്തിലെ പിന്നാക്ക ജനസമൂഹത്തിന്റെ ജാത്യാഭിമാന പ്രതീകമായി വിശ്വകര്‍മദിനത്തെ പൊലിപ്പിച്ചെടുക്കുക.
വിശ്വകര്‍മര്‍ക്കു ശേഷം സംഘപരിവാരത്തിന്റെ ലക്ഷ്യം ധീവരരായിരുന്നു. മല്‍സ്യബന്ധനം നടത്തി ജീവിക്കുന്ന ധീവരസമൂഹം തീരദേശവാസികളാണ്. ഇവരുടെ സഹപ്രവര്‍ത്തകര്‍ വടക്ക് മുസ്‌ലിംകളും തെക്ക് ലാറ്റിന്‍ ക്രിസ്ത്യാനികളുമാണ്. ധീവരരെ പിടിച്ചത് വര്‍ഗീയകലാപങ്ങള്‍ അഴിച്ചുവിട്ടാണ്. മുസ്‌ലിം സമുദായത്തെ ശത്രുപക്ഷത്തു സ്ഥാപിച്ച് നടത്തിയ ആസൂത്രിത കലാപങ്ങളിലൂടെ കുറേശ്ശെ ജാതിധ്രുവീകരണം സാധ്യമാക്കിയെടുത്തു.
ആള്‍ദൈവസാധനയിലൂടെയും ധീവരരെ സംഘപരിവാരം അടിയുറപ്പിച്ചുനിര്‍ത്തി. ഇതിന്റെ കേന്ദ്രം അമൃതപുരിയാണ്. ഒരു ധീവരസമുദായാംഗത്തെ ആള്‍ദൈവമാക്കി; ആശ്രമം നിര്‍മിച്ചു. വിദേശരാജ്യങ്ങളില്‍നിന്ന് സന്ന്യാസത്തിന്റെ കാവിവഴിയിലൂടെ കോടിക്കണക്കിനു രൂപ കുഴല്‍പ്പണമായി ഒഴുകി. അതു വലിയൊരു കോര്‍പറേറ്റ് സാമ്രാജ്യമായി മാറി. അമൃതാനന്ദമയീമഠത്തിന്റെ കീഴില്‍ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും കച്ചവടസംരംഭങ്ങളുമാരംഭിച്ചു. ഈ സ്ഥാപനത്തില്‍ കേരളത്തിലെ പല രാഷ്ട്രീയനേതാക്കളുടെയും മക്കള്‍ പഠിക്കുന്നു. കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ കോര്‍പറേറ്റ് സംവിധാനത്തിന്റെ കേന്ദ്രബിന്ദുവാണ് അമൃതാനന്ദമയീമഠം.
ധീവരര്‍ക്കു പിന്നാലെ സംഘപരിവാരം റാഞ്ചിയത് കുഡുംബികളെയാണ്. ഇവരെയെല്ലാം കൂട്ടത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞെങ്കിലും അധികാരത്തിലേക്കു വഴിതുറക്കാന്‍ കഴിയുന്നില്ലെന്ന കാര്യം ബിജെപിയെ വല്ലാതെ കുഴച്ചു. അതിന്റെ പരിഹാരമന്വേഷിച്ച് അവരെത്തിയത് കണിച്ചുകുളങ്ങരയിലാണ്. അങ്ങനെയാണ് വെള്ളാപ്പള്ളി നടേശന്‍ അതിന്റെ പ്രധാന ടാര്‍ഗറ്റാവുന്നത്.
വളരെ ആസൂത്രിതമായി സംഘപരിവാരശക്തികള്‍ നടത്തിയ നീക്കങ്ങളുടെ പരിണതിയാണ് സമത്വ മുന്നേറ്റ യാത്രയും അതിന്റെ അവസാനത്തില്‍ രൂപപ്പെടുന്ന പുതിയ പാര്‍ട്ടിയും. പുതിയ പാര്‍ട്ടി രൂപപ്പെടുന്നതിലൂടെ പുതിയ കുറേ കാഡര്‍മാര്‍ കേരള രാഷ്ട്രീയഭൂമികയില്‍ നിര്‍മിക്കപ്പെടും. അതെല്ലാം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തെയും പുരോഗമനശക്തികളെയും ദുര്‍ബലപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങളായിരിക്കും. അവര്‍ അധികകാലം കഴിയുന്നതിനു മുമ്പ് കേരളത്തിന്റെ രാഷ്ട്രീയബോധം നിര്‍മിക്കുന്നതില്‍ മുഖ്യ പങ്കാളികളായി മാറും. ഇതാണ് യഥാര്‍ഥത്തില്‍ ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിയുടെ ദീര്‍ഘകാല രാഷ്ട്രീയപദ്ധതി സാക്ഷാല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പുതിയ കേരളത്തിന്റെ സമൂര്‍ത്ത സാഹചര്യം ഏതു പ്രതിലോമ രാഷ്ട്രീയത്തിന്റേതാണ്. 70കളില്‍ നക്‌സല്‍ രാഷ്ട്രീയം കേരളത്തെ ഇടതുപക്ഷ തീവ്രരാഷ്ട്രീയത്തിലേക്കാണു ചലിപ്പിച്ചിരുന്നതെങ്കില്‍ 2015ന്റെ രാഷ്ട്രീയം കേരളത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിലേക്കും സാമ്രാജ്യത്വ ഫാഷിസത്തിലേക്കുമാണ് കൂട്ടിക്കൊണ്ടുപോവുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയത്തിന്റെ പ്രധാന ചാലകശക്തി ജാതിയായിരുന്നു. ഓരോ വാര്‍ഡിലും ആരു ജയിക്കണമെന്ന് ജാതിയാണ് തീരുമാനിച്ചത്. ഇതു തുടരാനാണു സാധ്യത.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ജയിക്കാനുള്ള സാധ്യത വേലിപ്പുറത്തെ തേങ്ങപോലെയാണ്. ഇടതുപക്ഷത്തിനു ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. തിരഞ്ഞെടുപ്പിന്റെ മുമ്പുള്ള രണ്ടുമാസങ്ങളിലെ ദേശീയരാഷ്ട്രീയവും പ്രാദേശികപ്രശ്‌നങ്ങളും വലിയരീതിയില്‍ സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പായിരിക്കും വരുന്നത്. ഇടതുപക്ഷത്തിന്റെ ഫിക്‌സഡ് വോട്ടുകള്‍ ആവിയായി പറന്നുപോയിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇടതുപക്ഷത്തിന്റെ വിജയം ഇടതുപക്ഷമായിരിക്കില്ല നിശ്ചയിക്കുന്നത്. ഇടതുപക്ഷത്തിനു പുറത്തുള്ള ശക്തികളായിരിക്കും അതു നിര്‍ണയിക്കുക. എന്നാല്‍, ഇടതുപക്ഷത്തിന്റെ തോല്‍വി അവര്‍ക്കു തന്നെ നിശ്ചയിക്കാന്‍ കഴിയും. വിഭാഗീയത ആളിക്കത്തുകയും ജനസ്വീകാര്യതയില്ലാത്ത സ്ഥാനാര്‍ഥികള്‍ മല്‍സരിക്കാനെത്തുകയും ചെയ്താല്‍ ഇടതുപക്ഷത്തിന് സ്വന്തം തോല്‍വിയുടെ ജാതകം കുറിക്കാം.

(കടപ്പാട്: ജനശക്തി ഡിസംബര്‍ 1-15) $
Next Story

RELATED STORIES

Share it