Idukki local

കേരളം -തമിഴ്‌നാട് സംയുക്ത സര്‍വേ നിര്‍ത്തിവച്ചു



നെടുങ്കണ്ടം: കമ്പംമെട്ട് ചെക്കുപോസ്റ്റിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി കേരളവും തമിഴ്‌നാടും സംയുക്തമായി നടത്തിവന്ന സര്‍വേ ഇടുക്കി ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മൊഡ്യൂള്‍ കണ്ടെയ്‌നര്‍ സ്ഥാപിക്കാനൊരുങ്ങിയ സ്ഥലം മാത്രം അളന്നു തിട്ടപ്പെടുത്തിയാല്‍ മതിയെന്ന കലക്ടറുടെ നിര്‍ദ്ദേശം ലഭിച്ചതിനാലും ധാരണയ്ക്ക് വിരുദ്ധമായി തമിഴ്‌നാട് സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനാലുമാണ് സര്‍വേയില്‍ നിന്നും റവന്യൂ വിഭാഗം പിന്‍മാറിയത്. ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം മാത്രം സര്‍വേ പുനരാരംഭിക്കാനാണ് തീരുമാനം.സര്‍വ്വേ നടത്തിയതിന്റെ ബാക്കി ഭാഗം തല്‍ക്കാലം സര്‍വേ ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. ഇരു കലക്ടര്‍മാരും ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിച്ച ശേഷം ബാക്കി ഭാഗം അളന്നാല്‍ മതിയെന്നാണ് ഇടുക്കി കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തമിഴ്‌നാടിന്റെ വന്‍ പോലിസ് സന്നാഹമാണ് അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ നേത്യത്വത്തില്‍ സര്‍വേ രേഖകള്‍ പരിശോധിച്ച് കൃത്യമായി അതിര്‍ത്തി അളന്ന് രേഖപ്പെടുത്തി വരികയായിരുന്നു. അതിര്‍ത്തിയില്‍ വ്യത്യാസങ്ങള്‍ കണ്ടതോടെ പട്ടയഭൂമിയിലെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയശേഷം മാത്രമെ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കാന്‍ കഴിയുകയുള്ളു എന്നാണ് ജില്ലാ സര്‍വ്വേ വിഭാഗം അറിയിച്ചത്. എന്നാല്‍ തമിഴ്‌നാട് ഇത് മുഖവിലയ്‌ക്കെടുക്കാതെ കല്ലുകള്‍ സ്ഥാപിച്ചാണ് അളന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സര്‍വ്വേയില്‍ നാലോളം വീടുകള്‍ തമിഴ്‌നാടിന്റെ സ്ഥലത്ത് സ്ഥിതിചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കളിയിക്കല്‍ ചെറിയാന്‍ ജോസഫിന് 1986ല്‍ ലാന്റ് ട്രൈബ്യൂണലില്‍ നിന്നും പട്ടയത്തിന് സമാനമായ ക്രയ സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. കേരളത്തിലെ കര്‍ഷകരുടെ ഭൂമി തമിഴ്‌നാട് അധീനതയിലാകുന്നതോടെ ഇവിടെനിന്നും ഒഴിഞ്ഞുപോകണമോ എന്ന ആശങ്കയിലാണ് ഇവര്‍. അതിര്‍ത്തിയില്‍ സര്‍വ്വേ നടത്തുമ്പോള്‍ അടയാളമായി കമ്പ് സ്ഥാപിക്കുവാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് വിരുദ്ധമായി വനഭൂമി എന്ന് രേഖപ്പെടുത്തിയ സര്‍വ്വേ കല്ലുകളാണ് തമിഴ്‌നാട് സ്ഥാപിച്ചത്. ഇതിനെതുടര്‍ന്നാണ് തല്‍ക്കാലം സംയുക്ത സര്‍വ്വേ നിര്‍ത്തിവയ്ക്കാന്‍ കേരളം തീരുമാനിച്ചത്. തേനി ആര്‍.ഡി.ഒ രവിചന്ദ്രന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ കുമാര്‍, സര്‍വേയര്‍ എ.ഡി ശാന്തി, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തമിഴ്‌നാട് സര്‍വെ നടത്തിയത്. സര്‍വ്വേ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എ എ രാജന്‍, ജില്ലാ സര്‍വ്വേ സൂപ്രണ്ട് അബ്ദുള്‍കലാം, ഹെഡ് സര്‍വ്വേയര്‍ പി എസ് ജയചന്ദ്രന്‍, താലൂക്ക് സര്‍വ്വേയര്‍മാരായ അനുപ് എം.എസ്, ബിനോയി സെബാസ്റ്റ്യന്‍, എ ആന്റണി എന്നിവരാണ് കേരളത്തിന്റെ ഭാഗത്തുനിന്ന്് സര്‍വേയില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it