Flash News

കേരളം ജിഹാദികളുടെ നാടെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു : കോടിയേരി



തിരുവനന്തപുരം:  കേരളം ജിഹാദികളുടെ നാടാണെന്ന് തെളിയിക്കാന്‍ ആര്‍എസ്എസ്- ബിജെപി നേതാക്കളെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസരി സ്മാരക ട്രസ്റ്റും കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് കേരളത്തിനെതിരായ പ്രചാരവേല ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ നടത്തുന്നത്. ഇതിനായി ഇവര്‍ ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ്. പിണറായി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. ഹിന്ദുകള്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്ന പ്രചാരണം കേന്ദ്രതലത്തില്‍ തെറ്റായ സന്ദേശം നല്‍കാനാണ്. എന്നാല്‍, കേരളത്തിലെ ന്യൂനപക്ഷത്തെ സഹായിക്കുന്നതിനൊപ്പം തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കോടിയേരി അറിയിച്ചു. ആട് ഇല കഴിച്ചുപോവുന്ന പോലെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ജനരക്ഷായാത്രയെന്ന് കോടിയേരി പറഞ്ഞു. ഒരുദിവസം കുറച്ചുദൂരം നടക്കും. പിറ്റേദിവസം വിശ്രമം. വീണ്ടും മറ്റെവിടെ നിന്നെങ്കിലും യാത്ര തുടരും. സംസ്ഥാനത്തെ ജാഥകളുടെ ചരിത്രത്തില്‍ തന്നെ ഇത്രയും പരിഹാസ്യമായ യാത്ര ഉണ്ടായിട്ടില്ലെന്നും കോടിയേരി പരിഹസിച്ചു. ബിജെപിയുടെ യാത്ര കേരളത്തില്‍ അക്രമവും അരജാകത്വവും സൃഷ്ടിക്കാനാണ്. ജനരക്ഷാ യാത്ര എന്നല്ല, ജനദ്രോഹ യാത്രയെന്നായിരുന്നു പേരിടേണ്ടിയിരുന്നത്. ബിജെപിയുടെ യാത്രക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളെയാണ് ഇറക്കുന്നത്. ഇവിടുത്തെ നേതാക്കള്‍ക്ക് മുഖം നഷ്ടപ്പെട്ടതിനാലാണ് പുറത്ത് നിന്ന് ആളെ ഇറക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി. ഇ പി ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസുമായി എല്‍ഡിഎഫിന് യാതൊരുവിധത്തിലുള്ള കൂട്ടുകെട്ടും സാധ്യമല്ലെന്നും കോടിയേരി പറഞ്ഞു. മത- സാമുദായിക അടിസ്ഥാനത്തില്‍ രൂപീകരിച്ചിട്ടുള്ള പാര്‍ട്ടികളുമായി കൂട്ടുകൂടാന്‍ പാടില്ലെന്ന് നേരത്തെ തീരുമാനമുള്ളതാണ്.വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാവില്ല. മാണിയുടെ പിന്തുണ ജയപരാജയത്തെ ബാധിക്കാത്ത മണ്ഡലമായതിനാല്‍ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കെ എം മാണി പിന്തുണ പ്രഖ്യാപിച്ചതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it