കേരളം ജപ്പാനുമായി ധാരണാപത്രം ഒപ്പുവച്ചു

ന്യൂഡല്‍ഹി: ചെറുകിട-ഇടത്തരം വ്യവസായ മേഖലകളിലെ ഉല്‍പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കേരളവും ജപ്പാനും വ്യാപാരത്തിലേര്‍പ്പെടുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി കൂട്ടുത്തരവാദിത്തത്തോടെയുള്ള സംരംഭങ്ങള്‍ ഏറ്റെടുക്കും. ഇതിനായി ആവശ്യമെങ്കില്‍ സെമിനാറുകളും യോഗങ്ങളും മറ്റു പരിപാടികളും ജപ്പാനിലോ ഇന്ത്യയിലോ സംഘടിപ്പിക്കാനും ധാരണയുണ്ട്. ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനും ജപ്പാനിലെ മേയേര്‍സ് അസോസിയേഷനെ പ്രതിനിധീകരിച്ച് മസാതക്ക മത്സൂരയും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്.ജപ്പാനിലെ മക്‌സുവെ, യുനേഗോ, ഈസ്മു, യസുകി, സകായി ഇതിനാത്തോ എന്നീ നഗരങ്ങളിലുള്ള മേയേഴ്‌സ് അസോസിയേഷനിലെ അംഗങ്ങളാണ് ധാരണാപത്രം ഒപ്പുവയ്ക്കാനെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അസോസിയേഷന്‍ പ്രതിനിധികള്‍ തലസ്ഥാനത്തെത്തിയത്.  സെക്രട്ടറി ഈസ്റ്റ് എംഇഎ അനില്‍ വാധ്‌വ, ജപ്പാനിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി ദീപ ഗോപാലന്‍ വാധ്‌വ, ഇന്‍കെല്‍ എംഡിയും ഇന്തോ-ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റുമായ ടി ബാലകൃഷ്ണന്‍, സെക്രട്ടറി ജേക്കബ് കോവൂര്‍, ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ പോള്‍ എബ്രഹാം, പ്രദീപ് കെ റാവത്ത് പങ്കെടുത്തു.
Next Story

RELATED STORIES

Share it