kozhikode local

കേരളം ചെകുത്താന്റെ നാട്: അഡ്വ. നൂര്‍ബിനാ റഷീദ്

കോഴിക്കോട്: കുടുംബശ്രീ മാതൃക ലോകം ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ സ്ത്രീകളെ സംബന്ധിച്ച് കേരളം ചെകുത്താന്റെ നാടായി മാറിയെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ.നൂര്‍ബിനാ റഷീദ്. വനിതാ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് വിമണ്‍സ് എംപവര്‍മെന്റ് സൊസൈറ്റി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ- മാറേണ്ട സമൂഹവും വ്യവസ്ഥകളും സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കുടുംബത്തിലും തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച്‌വരുന്ന കാലത്ത് എങ്ങിനെയാണ് സ്ത്രീ സുരക്ഷ സാധ്യമാവുക. നിയമ നിര്‍മാണത്തിലൂടെ മാത്രമേ സ്ത്രീക്ക് നീതി ലഭിക്കൂ എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഗാര്‍ഹിക പീഡന നിയമം പാര്‍ലമെന്റിന് പാസാക്കേണ്ടി വന്നത് ഇങ്ങനെ ഒരു സാഹചര്യത്തിലാണ്. ലക്ഷക്കണക്കിന് സ്ത്രീകള്‍ വീടുകളിലും പൊതു ഇടങ്ങളിലും പീഡനങ്ങള്‍ ഏറ്റുവാങ്ങിയതിനു ശേഷമാണ് ഈ നിയമം നിര്‍മിക്കപ്പെടുന്നത്. ജനപ്രതിനിധി സഭകളില്‍ സ്തീകള്‍ക്ക് 50 ശതമാനം സംവരണം ഉറപ്പാക്കിയതും ഇത്തരത്തിലുള്ള നിയമ നിര്‍മാണത്തിലൂടെയാണ്.
സ്ത്രീക്ക് പൊതുസമൂഹം സ്വമേധയാ സംരക്ഷണം വച്ചുനീട്ടുമെന്ന് ആരും പ്രതീക്ഷിക്കരുത്. ഏറ്റവും കൂടതല്‍ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗം എന്ന നിലയില്‍ സ്ത്രീകളെ പരിഗണിക്കാന്‍ പുരുഷ കേന്ദ്രീകൃത പാര്‍ലമെന്റിനു പോലും കഴിയുന്നില്ലെന്നും നൂര്‍ബിന റഷീദ് പറഞ്ഞു.
കേരളീയ സമൂഹത്തില്‍ സാമ്പത്തിക വിനിയോഗത്തിനുള്ള അധികാരം ലഭിക്കാത്തതാണ് സ്ത്രീ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. സ്ത്രീയുടെ ദാരിദ്ര്യവല്‍ക്കരണമാണ് ആഗോള മൂലധനം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിവേണം സ്ത്രീ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്താനെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
ഡോ. ഖദീജ മുംദാസ്, കെ അജിത, അഡ്വ. പി എം ആതിര, ജഗജീവന്‍ സംസാരിച്ചു. ഡോ. ജെ മല്ലിക മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it