കേരളം കീഴാറ്റൂരിനൊപ്പം

തളിപ്പറമ്പ്: നെല്‍വയലും തണ്ണീര്‍ത്തടവും നികത്തി ദേശീയപാതാ ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടക്കുന്ന കീഴാറ്റൂരില്‍ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മ സമരപ്പന്തല്‍ പുനസ്ഥാപിച്ചു. സര്‍വേ പ്രതിരോധിച്ച ഭൂവുടമകളെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പോലിസ് സാന്നിധ്യത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തീവച്ചു നശിപ്പിച്ച പന്തലിനു തൊട്ടരികിലാണ് പുതിയ സമരപ്പന്തല്‍ ഇന്നലെ രാവിലെ ഉയര്‍ന്നത്.
ഉച്ചയ്ക്കുശേഷം വയല്‍ക്കിളികള്‍ക്കു പിന്തുണയുമായി കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ 'കേരളം കീഴാറ്റൂരിലേക്ക്' എന്ന ബാനറില്‍ ബഹുജന മാര്‍ച്ചും അരങ്ങേറി. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയര്‍ കേന്ദ്രീകരിച്ച് വിവിധ ജില്ലകളില്‍ നിന്നെത്തിയ പരിസ്ഥിതി-പൗരാവകാശ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍, സുരേഷ് ഗോപി എംപി, പി സി ജോര്‍ജ് എംഎല്‍എ, സി ആര്‍ നീലകണ്ഠന്‍, ഗ്രോ വാസു, എന്‍ വേണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉള്‍പ്പെടെ രണ്ടു കിലോമീറ്റര്‍ പ്രകടനമായി സമരഭൂമിയിലെത്തി.
തുടര്‍ന്ന് പൊതുസമ്മേളനം കീഴാറ്റൂര്‍ സമരനായിക നമ്പ്രാടത്ത് ജാനകിയമ്മ ഉദ്ഘാടനം ചെയ്തു. കുടിനീരും മണ്ണും അന്നവും ഇല്ലാതാക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുന്നതു വരെ സമരം തുടരുമെന്ന് ജാനകിയമ്മ വിതുമ്പലോടെ പറഞ്ഞു. വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ സമരപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികസന ഭീകരവാദത്തെ എതിര്‍ത്തുതോല്‍പിക്കുമെന്നും തങ്ങളുടേത് നെല്‍വയലിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്പിമാരുടെ തന്ത്രമാണ് സിപിഎം കീഴാറ്റൂരില്‍ പ്രയോഗിക്കുന്നതെന്ന് വി എം സുധീരന്‍ പറഞ്ഞു. വയല്‍ക്കിളികളുടെ സമരം കാണാന്‍ പോലും പാടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം അണികള്‍ക്കു നല്‍കിയ നിര്‍ദേശം. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും കര്‍ഷകര്‍ക്കായി സമരം ചെയ്യുന്ന പാര്‍ട്ടി ഇവിടെ വയല്‍ നികത്താന്‍ വാശിപിടിക്കുകയാണ്. സമരം ചെയ്യാനുള്ള സ്വന്തം പാര്‍ട്ടിക്കാരുടെ സ്വാതന്ത്ര്യം പോലും പിണറായി സര്‍ക്കാര്‍ നിഷേധിക്കുന്നു. വയല്‍ക്കിളികളല്ല, കടുംപിടിത്തം പിടിക്കുന്ന സര്‍ക്കാരാണ് യഥാര്‍ഥ വികസനവിരോധികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വയല്‍ സംരക്ഷണത്തിനു പോരാടുന്നവരോട് സിപിഎമ്മും സര്‍ക്കാരും മര്യാദ കാട്ടണമെന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. വയല്‍ക്കിളികളെ അടിച്ചൊതുക്കാമെന്നു ധരിക്കേണ്ട. രാഷ്ട്രീയലാഭത്തിനല്ല, മനുഷ്യനന്മയ്ക്കാണു പ്രാധാന്യം നല്‍കേണ്ടത്. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വച്ചുകെട്ടാന്‍ നോക്കേണ്ടെന്നും വിഷയത്തിന്റെ ഗൗരവം ഉടന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it