dwaivarika

കേരളം കാത്തിരിക്കുന്നതാരെ?

കേരളം കാത്തിരിക്കുന്നതാരെ?
X
niyamasaba
ടി വി ഹമീദ്

കേരളം തിരഞ്ഞെടുപ്പ് ആരവങ്ങളിലേക്ക് പതിയെ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. മുന്നണികള്‍ക്കകത്ത് സീറ്റു ചര്‍ച്ചകള്‍ സജീവമായി നടന്നുവരുന്നു. പലരും ഭാഗികമായെങ്കിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയും, സിപിഎം നേതൃത്വം നല്‍കുന്ന ഇടതു ജനാധിപത്യ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നതെങ്കിലും ബിജെപിയും വെള്ളാപ്പള്ളിയുടെ ജെഡിഎസ്‌ജെയുമടങ്ങുന്ന നാഷണല്‍ ഡെമോക്രാറ്റിക്ക് ഫ്രണ്ടും(എന്‍ഡിഎ) എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി  തുടങ്ങിയ നവാഗതരും രംഗത്തുണ്ട്. കാലങ്ങളായി സംസ്ഥാനം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന രണ്ടു മുന്നണികളില്‍ ഒന്നിന്റെ  ഊഴമുറപ്പിക്കാനുള്ള പതിവ് ചടങ്ങുകളിലൊന്നായി ഈ തിരഞ്ഞെടുപ്പും മാറുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപി വര്‍ഷങ്ങളായി നടത്തുന്ന ശ്രമങ്ങള്‍ ഇത്തവണ വിജയിക്കുമോ എന്നതു മാത്രമാണ് പതിവിനു വിപരീതമായി ഉയരുന്ന ഏക ചോദ്യം.
ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികളെകുറിച്ച  നിരീക്ഷണങ്ങളും നിഗമനങ്ങളും വന്നുകൊണ്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ മേല്‍ക്കൈ അസംബ്ലി തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അതുകൊണ്ട് കേരളത്തില്‍ വരാനിരിക്കുന്ന ഭരണം  sdpi commentഇടതുമുന്നണിയുടെതായിരിക്കുമെന്നുമാണ് ഒരു നിരീക്ഷണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍  ഇടതുമുന്നണി വ്യക്തമായ മുന്‍തൂക്കം നേടിയിരുന്നു എന്നത് വാസ്തവമാണ്. 58 ശതമാനം സ്ഥാനങ്ങളും ഇടതുമുന്നണിയാണ് നേടിയത്. ആകെയുള്ള 941  ഗ്രാമ പഞ്ചായത്തുകളില്‍ 549 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 90 എണ്ണത്തിലും 87 മുന്‍സിപ്പാലിറ്റികളില്‍ 43 എണ്ണത്തിലും വിജയിക്കാന്‍ അവര്‍ക്കായി. 365 ഗ്രാമ പഞ്ചായത്തുകളും 61 ബ്ലോക്ക് പഞ്ചായത്തുകളും 2  കോര്‍പറേഷനുകളും 40 മുനിസിപ്പല്‍ വാര്‍ഡുകളുമാണ് യുഡിഎഫിനു ലഭിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കും മുന്നേറ്റം നടത്താനായി. 2010 ല്‍ 6 സ്ഥാനങ്ങള്‍ മാത്രമുണ്ടായിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ 34 സീറ്റുകള്‍ നേടി യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റി രണ്ടാം സ്ഥാനത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. 14 ഗ്രാമപ്പഞ്ചായത്തുകളില്‍ വിജയിക്കാനും പാലക്കാടും കോഴിക്കോടും മുന്നേറ്റം നടത്താനും ബിജെപിക്കായി. ഈ വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനാവുമെന്ന പ്രതീക്ഷ അവരില്‍ സൃഷ്ടിച്ചത്. ഇടത് വലത് മുന്നണികളുടെ തത്വദീക്ഷയില്ലാത്ത നിലപാടുകള്‍ ബിജെപിക്കു അവസരമൊരുക്കിക്കൊടുക്കുമെന്ന ആശങ്കകള്‍ അസ്ഥാനത്തല്ല. എങ്ങിനെയും അധികാരത്തില്‍ തുടരാനുള്ള യുഡിഎഫിന്റെ ശ്രമങ്ങളും ഏതു വഴി സ്വീകരിച്ചും അധികാരം പിടിക്കാന്‍ എല്‍ഡിഎഫ് നടത്തുന്ന നീക്കങ്ങളും ബിജെപിയുമായി ചില രഹസ്യ ധാരണകളിലേക്ക് ഇരു മുന്നണികളെയും എത്തിക്കുമെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ നടക്കുന്നത്‌പോലെ പശുവിന്റെയും ബീഫിന്റെയും പേരില്‍ ഒരു കലാപം സൃഷ്ടിച്ചെടുക്കാന്‍ കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ എളുപ്പമല്ലെന്ന് ബോധ്യമുള്ളതുകൊണ്ട് ഇവിടെ പരിചിതമായ വോട്ടു കച്ചവടത്തിന്റെ സാധ്യതകള്‍ ആരായാന്‍ ബിജെപി ശ്രമിച്ചേക്കുമെന്നുതന്നെ കരുതണം.
അധികാരത്തിലേക്കുള്ള ഊഴം കാത്തുകഴിയുന്ന ഇടതു വലത് മുന്നണികള്‍ തമ്മിലുള്ള അടിസ്ഥാനപരമായ അന്തരമെന്ത് എന്ന ചോദ്യം പ്രസക്തമാണ്. യുഡിഎഫില്‍ അഴിമതി ഒരു സംസ്‌കാരവും ജീവിത ചര്യയുമാണ്. അളവിലും തൂക്കത്തിലും വ്യത്യാസമുണ്ടാകാമെങ്കിലും ലാവ്‌ലിന്‍പോലെ അഴിമതിക്കഥകളില്‍നിന്നു ഇടതുപക്ഷവും മുക്തമല്ല. അധികാരത്തിലെത്തിയാല്‍ ജനങ്ങളെ മറക്കുക എന്നതാണ് ഇരുമുന്നണികളുടെയും മാറ്റമില്ലാത്ത നിലപാട് എന്നതിനാല്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഈ മുന്നണികളില്‍ ഒന്നിനെയും പൊറുപ്പിക്കാന്‍ കഴിയാത്ത ദുരവസ്ഥയിലാണ് ജനങ്ങള്‍. അവരെ സംബന്ധിച്ചടത്തോളം അഞ്ചു വര്‍ഷത്തെ സഹനജീവിതമാണ് ഓരോ മുന്നണിയുടെയും ഭരണകാലം. പൊറുതികേടിന്റെ അഞ്ചാംവര്‍ഷം അധികാരത്തില്‍നിന്നു ചവിട്ടി പുറത്താക്കപ്പെടുന്നവര്‍ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അതേ ആളുകളും അതേ വേഷങ്ങളുമായി, നയനിലപാടുകളില്‍ ഒരു മാറ്റവുമില്ലാതെ വീണ്ടും അധികാരമേറുന്ന രാഷ്ട്രീയ ദുരന്തത്തില്‍നിന്നു കേരളത്തിന്നു ഒരു മോചനം സാധ്യമാവേണ്ടതുണ്ട്.
തങ്ങള്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ വിമര്‍ശകര്‍ കാണുന്നില്ലെന്ന പരിഭവം അധികാര കേന്ദ്രങ്ങളില്‍നിന്നു നാം സാധാരണ കേള്‍ക്കാുറുണ്ട്. തങ്ങള്‍ ചെയ്യുന്ന നന്മകള്‍ ജനങ്ങളോട് തങ്ങള്‍ കാണിക്കുന്ന ഔദാര്യമാണെന്ന ഔധത്യത്തില്‍നിന്നാണ് ഇത്തരം പരിഭവങ്ങള്‍ ഉണ്ടാകുന്നത്. അധികാരമേറിയവരുടെ ഈ 'ഉദാരഭാവം' വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലംവരെ ദൃശ്യമാണ്. ഇതെല്ലാം തങ്ങളുടെ മഹാമനസ്‌ക്കതകൊണ്ടും സാമര്‍ത്ഥ്യംകൊണ്ടുമാണെന്ന് ജനങ്ങളുടെ മുമ്പില്‍ ഭാവിക്കാനാണ് അവര്‍ ശ്രമിക്കാറുള്ളത്. ഈ നല്ല കാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് ജനങ്ങള്‍ അവരെ അധികാരത്തിന്റെ ഒത്തിരി അവസരങ്ങളും ആനുകൂല്യങ്ങളും ആസ്വദിക്കാനാവുന്ന ഒരിടത്തേക്ക് തങ്ങളുടെ നികുതിപ്പണം തന്നു കയറ്റി ഇരുത്തിയിരിക്കുന്നതെന്നും അതിനു യോഗ്യതയും കെല്‍പുമുള്ള ആയിരങ്ങള്‍ നാട്ടില്‍ വേറേയും ഉണ്ടെന്നുമുള്ള കാര്യം അവര്‍ മറക്കുകയാണ്. രാഷ്ട്രീയക്കാരുടെ അഹന്തകളെ വകവെച്ചുകൊടുക്കുന്ന 'കീഴാള ബോധം' സമൂഹത്തില്‍ വേരുറച്ച് പോയിരിക്കുന്നു. അതിനാല്‍ ഭരണകൂട ഔധത്യം പലപ്പോഴും ചോദ്യം ചെയ്യപ്പെടാതെ പോകുകയാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണം അവസാനിക്കുന്നത് അഴിമതിയുടെ ചെളിപുരണ്ട ഒരുകൂട്ടം കഥകള്‍ ബാക്കിവച്ചാണ്. ഒരു വളര്‍ത്തു പൂച്ചയെപോലെ മന്ത്രി മന്ദിരങ്ങളുടെ ഇടനാഴികകളിലും ഭരണ സിരാകേന്ദ്രങ്ങളിലും ചുറ്റിനടന്ന ഒരു സ്ത്രീയുടെ ദയാ ദാക്ഷിണ്യത്തിനു വിധേയമായാണ് യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നത്.  ഭരണകൂടം ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ജനക്ഷേമ പദ്ധതികളോ നടപടികളോ അല്ല ഈ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. അഴിമതിയുടെ വാടയുള്ള കഥകളിലെ നായകരായിരുന്നു മന്ത്രിസഭയിലെ അംഗങ്ങളില്‍ പലരും. മന്ത്രിസഭയിലെ മൂന്നാമനായി ഗണിച്ചിരുന്ന ശ്രീ. കെഎം മാണിക്കു ബാര്‍കോഴയില്‍ കുരുങ്ങി മന്ത്രിസ്ഥാനം രാജിവച്ചൊഴിയേണ്ടിവന്നു. മറ്റു ചിലര്‍ നിയമപരമായ സാങ്കേതികത്വങ്ങളുടെ ദയാവായ്പില്‍ മുടിനാരിഴക്ക് രക്ഷപ്പെട്ടു വരുകയായിരുന്നു. കുത്തകകള്‍ക്കും ഭൂമാഫിയകള്‍ക്കുംവേണ്ടിയുള്ള സേവന സംരംഭമായി  ഭരണകൂടം മാറുന്നതിന്റെ ദൃശ്യവിരുന്നുകള്‍ക്ക് സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞു എന്നതാണ് ഭരണനേട്ടം.
സര്‍ക്കാര്‍ ഏജന്‍സിളകള്‍ പലതും അഴിമതിയുടെ കാവല്‍ ജോലിയാണ് നിര്‍വ്വഹിച്ചത്. മുസ്‌ലിം ലീഗിന്റെ ഒത്താശയോടെ സമുദായത്തിലെ ചെറുപ്പക്കാര്‍ വേട്ടയാടപ്പെട്ടു. വ്യക്തമായ വംശീയ വിവേചനങ്ങള്‍ക്ക് സമുദായം ഇരയായി. യുഎപിഎ പോലുളള കരിനിയമങ്ങള്‍ നിര്‍ബ്ബാധം അവര്‍ക്കെതിരെ പ്രയോഗിക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കായുള്ള പല കേന്ദ്രപദ്ധതികളും മുസ്‌ലിംകള്‍ക്ക് നല്‍കാതെ തടഞ്ഞുവച്ചു.

election comment
കേരളത്തിന്റെ ഭൂപ്രകൃതിയും ആവാസ വ്യവസ്ഥയും തകര്‍ക്കുംവിധം സംസ്ഥാനത്തെ തണ്ണീര്‍ തടങ്ങളും കായലുകളും കുത്തക കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള ശ്രമങ്ങള്‍ ഭരണത്തിന്റെ  അവസാന നാളുകളിലും തുടര്‍ന്നു. കൊട്ടിഘോഷിക്കപ്പെട്ട ഓരോ വികസന മാമാങ്കവും സംസ്ഥാനത്തെ കടക്കെണികളില്‍ പെടുത്തുകയാണെന്ന സത്യം ജനങ്ങളില്‍നിന്നു മറച്ചുവെച്ചു. ഇത്തരമൊരു ഭരണ അശ്ലീലതയ്ക്ക് കൊടിപിടിച്ചവര്‍ ഏതു ധാര്‍മികതയുടെ ബലത്തിലാണ് മറ്റൊരു അഞ്ചു വര്‍ഷംകൂടി ഇരന്നു വാങ്ങാന്‍ വരുന്നത്? ആകെ ചെളിപുരണ്ടിരിക്കുന്നു എന്ന സ്വയം ബോധ്യം ഉമ്മന്‍ചാണ്ടിയുടെ ശരീരഭാഷയില്‍പോലും ഇപ്പോള്‍ നിഴലിക്കുന്നുണ്ട്.
അധികാരത്തിലിരിക്കാനുള്ള ഉടയാടകള്‍ ഒരുക്കി കാത്തിരിക്കുന്ന ഇടതു പക്ഷത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആദര്‍ശപരതയെക്കാള്‍ ജനസൗഹൃദപരമെന്നു വ്യാഖ്യാനിക്കാവുന്ന പ്രായോഗിക വാദമാണ് ഇക്കാലത്ത് കൂടുതല്‍ ലാഭാകരമെന്നു ചിന്തിക്കുന്നവരാണ് ഇപ്പോള്‍ സിപിഎമ്മിന്റെ തലപ്പത്തുള്ളവരില്‍ ഏറിയ പങ്കും. മറിച്ചുള്ള വാര്‍ദ്ധക്യസഹജമായ വിമ്മിട്ടങ്ങളെ അവര്‍ക്ക് കുടഞ്ഞു കളയണമെന്നുണ്ടെങ്കിലും കേന്ദ്ര കമ്മറ്റി ഒരു തടസ്സമായി നില്‍ക്കുന്നു എന്നത് മാത്രമാണ് പ്രശ്‌നം. കൂടുതല്‍ സുരക്ഷിതവും സമര്‍ത്ഥവുമായ വഴികളിലൂടെ മൂലധന ശക്തികളുടെയും കുത്തകകളുടെയും ഇടപെടലുകള്‍ക്ക് സാവകാശം ലഭിക്കുന്ന സാഹചര്യങ്ങളാണ് രൂപപ്പെട്ടു വരുന്നത്. പ്രവര്‍ത്തകരുടെ അധ്വാന ശേഷിയിലും നേതാക്കളുടെ വിയര്‍പ്പുതുള്ളികളിലും ആത്മ സായൂജ്യംകൊണ്ടിരുന്ന പഴയ കാലങ്ങള്‍ പാര്‍ട്ടിപ്രസിദ്ധീകരണങ്ങളുടെ പേജുകള്‍ നിറക്കാനുള്ള പഴങ്കഥകള്‍ മാത്രമായിരിക്കുന്നു. മറ്റേതൊരു ബൂര്‍ഷ്വാ പാര്‍ട്ടിയെയുംപോലെ നേതാക്കള്‍ കൃത്രിമമായി പ്രതിച്ഛായകള്‍ നിര്‍മ്മിച്ചെടുക്കാനുള്ള വെമ്പലിലാണ്. ഭാവി മുഖ്യമന്ത്രിയായി പാര്‍ട്ടി വ്യംഗ്യമായി പറയുന്ന പിണറായി വിജയന്റെ പ്രതിച്ഛായാനിര്‍മ്മിതിയുടെ ചുമതല ഏല്‍പിച്ചിരിക്കുന്നത് രണ്ടു പബ്ലിക് റിലേഷന്‍ കമ്പനികളെയാണെന്ന വിമര്‍ശം ഉയര്‍ന്നിരിക്കുന്നു. ഈയിടെ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിച്ചതും അദ്ദേഹം നടത്തിവരുന്ന പ്രാതല്‍ കൂടിക്കാഴ്ചകളും ഈ കമ്പനികളുടെ മാര്‍ഗ നിര്‍ദേശം അനുസരിച്ചുള്ള നടന വ്യായാമങ്ങള്‍ ആണെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ മനുഷ്യഹൃദയങ്ങളോട് സംവദിക്കുമ്പോള്‍ സ്വാഭാവികമായി വിരിയുന്ന പുഞ്ചിരികള്‍ക്കു പകരം ആരുടെയോ നിര്‍ദേശത്തിനൊത്ത് ഇളിക്കുന്നവരായി നേതാക്കള്‍ മാറുന്നത് നല്ല ലക്ഷണമായി ആരും കാണുന്നില്ല.
ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു മുന്‍തൂക്കം നേടിക്കൊടുത്ത പ്രധാന കാരണങ്ങളില്‍ ഒന്നു ഫാഷിസത്തിനെതിരെ അത് കൈക്കൊണ്ട നിലപാടുകളായിരുന്നു. മത ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ പിന്തുണ ആര്‍ജിക്കാന്‍ ആ നിലപാടുകള്‍ ഇടതുപക്ഷത്തെ സഹായിച്ചിട്ടുണ്ട്. അതേസമയം മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ ഇടതുപക്ഷത്തിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ ഇപ്പോഴും അവ്യക്തതകള്‍ നിറഞ്ഞതും ദുരൂഹവുമാണ്. മുസ്‌ലിം സമൂഹം ഫാഷിസ്റ്റുകളില്‍നിന്നു നേരിടുന്ന പ്രശ്‌നങ്ങളൊക്കെയും അവരുടെ സാംസ്‌കാരികവും മതപരവുമായ സ്വത്വവുമായി ബന്ധപ്പെട്ടതാണ്. ഈ പ്രശ്‌നത്തെ അതിന്റെ തനിമയിലും മൗലികതയിലും സമീപിക്കുന്നതിനു പകരം മുസ്‌ലിം വ്യക്തികളുടെ ഒരു സുരക്ഷാ പ്രശ്‌നമായി ലളിതവല്‍കരിക്കാനാണ് സിപിഎം എപ്പോഴും ശ്രമിച്ചത്. മര്‍ദിതര്‍ക്കും  ഇരകള്‍ക്കും ഒപ്പം ചേര്‍ന്ന് ഫാഷിസത്തെ ചെറുക്കുന്നതിന് പകരം നിങ്ങള്‍ ഞങ്ങളുടെ ചിറകിനുള്ളില്‍ ഒളിച്ചോളൂ എന്ന അവജ്ഞാപൂര്‍ണമായ ഔദാര്യം പ്രകടിപ്പിക്കുന്ന ഒരു പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാന്‍ ആത്മാഭിമാനമുള്ള ഏതു സമൂഹത്തിനാണ് കഴിയുക? ബംഗാളില്‍ ആ ചിറകിനുള്ളിലേക്ക് അഭയം തേടിപ്പോയ മുസ്‌ലിം സമൂഹത്തിന്റെ ദൈന്യം പേറുന്ന മുഖങ്ങള്‍ വാചാലമായി കണ്‍മുമ്പിലിരിക്കെ ഇത്തരം സംരക്ഷണ വാഗ്ദാനങ്ങളുടെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടും. കുത്ബുദ്ധീന്‍ അന്‍സാരി ആഘോഷമാര്‍ന്ന ഒരു പ്രതീകമായി സിപിഎം വേദികളില്‍ നിറയുമ്പോള്‍ മുസ്‌ലിം മനസ്സുകളില്‍ അതുണ്ടാക്കുന്ന വികാരമെന്തെന്നുപോലും തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിയാത്തതിന്നു കാരണം അത് അവരില്‍ നിന്നും അത്ര മാത്രം ദൂരെയാണ് കഴിയുന്നത് എന്നത് കൊണ്ടാണ്.
കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് നാദാപുരംപോലുളള മലയോര മേഖലകളില്‍ ഫാഷിസത്തിനു വേരോട്ടം ലഭിക്കാതെ പോയതിന്റെ കാരണവും പാര്‍ട്ടി സത്യസന്ധമായി പഠിക്കുന്നത് നല്ലതാണ്. പാര്‍ട്ടി ഫാഷിസത്തെ ചെറുത്തതിന്റെ പേരിലല്ല ഫാഷിസം അവിടങ്ങളില്‍ വേരുറക്കാതെ പോയത്. ഫാഷിസത്തിന്റെ ജോലി പാര്‍ട്ടി സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നത്‌കൊണ്ടാണ്. കഴിഞ്ഞ വര്‍ഷം തൂണേരിയിലുണ്ടായ സംഭവങ്ങളില്‍ രഹസ്യമായെങ്കിലും ലജ്ജിക്കാനാവുന്ന ഒരു മനസ്സ്  സിപിഎമ്മിനുണ്ടായതായി ഇതുവരെയും അറിവില്ല. മാത്രമല്ല അത്തരം ഒരവസംകൂടി തരപ്പെട്ടുകിട്ടാന്‍ അണികള്‍ ആവതു ശ്രമിച്ചു വരുന്നതായാണ് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
മേല്‍പറഞ്ഞ മൂന്ന് മുന്നണികള്‍ ചേര്‍ന്ന ത്രികോണ മത്സരവേദിയില്‍ ചെറുതെങ്കിലും വ്യക്തവും ശക്തവുമായ രാഷ്ട്രീയ നിലപാടുകളുള്ള എസ്ഡിപിഐയെ പോലുളള നവാഗതരും നിലയുറപ്പിച്ചിട്ടുണ്ട്. നിരവധി പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണികളോട് ഒറ്റയ്ക്ക് പൊരുതാനിറങ്ങിയ ഇവര്‍ക്ക് ഉടനെ ജയിച്ചു കയറാമെന്ന വ്യാമോഹങ്ങള്‍ ഒന്നുമില്ല. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളും ജനപക്ഷ വാദമുഖങ്ങളും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുമ്പില്‍  വെക്കാനുള്ള ഒരവസരമായാണ് ഈ പാര്‍ട്ടികള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം ഇവരുടെ സാന്നിധ്യം മത്സരരംഗത്തുള്ള ഭീമന്മാരെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ എസ്ഡിപിഐ നേടിയ വോട്ടുകള്‍ കേരളത്തില്‍ ചര്‍ച്ചകയാവുകയുണ്ടായി. ഓരോ തിരഞ്ഞെടുപ്പിലും എസ്ഡിപിഐ അതിന്റെ വോട്ടുനില ഗണ്യമായി മെച്ചപ്പെടുത്തുന്നതായാണ് കാണുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയ പരാജയങ്ങള്‍ക്കിടയില്‍ വലിയ വോട്ടുവ്യത്യാസം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട്തന്നെ എസ്ഡിപിഐ നേടുന്ന വോട്ടുകള്‍ പല മണ്ഡലങ്ങളിലും നിര്‍ണ്ണായകമായിരിക്കും എന്നത് ഈ പാര്‍ട്ടികളുടെ ഉറക്കംകെടുത്തുകയാണ്. 'നിങ്ങള്‍ കാരണം ഫാഷിസം ജയിച്ചു കയറു'മെന്ന വിലാപം അതിന്റെ ഭാഗമാണ്. 'ഞങ്ങള്‍ ഭരിക്കാന്‍ ജനിച്ച വിശിഷ്ട വര്‍ഗങ്ങള്‍, ഞങ്ങളുടെ വോട്ടുകള്‍ ഫാഷിസത്തിനെതിരെ തുലക്കാനുള്ളതല്ല. അത്തരം കുശിനിപ്പണികള്‍ നിങ്ങള്‍ക്കുള്ളതാണെ'ന്നാണ് അതിന്റെ മലയാളം. ഈ തിട്ടൂരങ്ങള്‍ക്ക് എങ്ങിനെ മറുപടി പറയണമെന്ന് രാഷ്ട്രീയ പ്രബുദ്ധതയുള്ള നവാഗതരായ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം.                         ി
Next Story

RELATED STORIES

Share it