കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്; ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍: അണക്കെട്ടുകളില്‍ ജലനിരപ്പ് കുറയുന്നു

തിരുവനന്തപുരം: കൊടുംവേനലില്‍ വെന്തുരുകുന്നതിനു പിന്നാലെ ജലലഭ്യതയിലും കുറവുവന്നതോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. കടുത്ത വേനലില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക് നീങ്ങുന്നതിനിടെ അണക്കെട്ടുകളിലെ ജലനിരപ്പ് ദിനംപ്രതി ഗണ്യമായി കുറയുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വേനലിന്റെ തീവ്രത വര്‍ധിച്ചതോടെ നിലവില്‍ സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപയോഗം 76 ദശലക്ഷം യൂനിറ്റാണ്. എന്നാല്‍, കഴിഞ്ഞദിവസം 78.51 ദശലക്ഷമെന്ന സര്‍വകാല റെക്കോഡിലേക്ക് വൈദ്യുതി ഉപയോഗമെത്തി.
കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പു പ്രകാരം സംസ്ഥാനത്ത് വരാനിരിക്കുന്നത് കടുത്ത വേനലാണ്. അങ്ങനെവന്നാല്‍ ജലലഭ്യത കുറയുകയും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളം എത്തുകയും ചെയ്യും. വരുംദിനങ്ങളില്‍ വൈദ്യുതി ഉപയോഗം പ്രതിദിനം 80 ദശലക്ഷം യൂനിറ്റായി ഉയരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. കഴിഞ്ഞദിവസം ഇതേ കാലയളവില്‍ 70 ദശലക്ഷം യൂനിറ്റ് വൈദ്യുതിയായിരുന്നു സംസ്ഥാനത്തിന്റെ ശരാശരി ഉപയോഗം.
അതേസമയം, സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഓരോദിവസം പിന്നിടുമ്പോഴും ക്രമാതീതമായി കുറയുകയാണ്. 31 ശതമാനം ജലം മാത്രമാണ് അണക്കെട്ടുകളില്‍ ശേഷിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉല്‍പാദനം ഗണ്യമായി കുറച്ചിട്ടും അണക്കെട്ടുകളിലെ ജലനിരപ്പു പിടിച്ചുനിര്‍ത്താനായില്ല. കേരളം ഏറെ ആശ്രയിക്കുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്‍വര്‍ഷത്തേക്കാള്‍ 21.5 അടിയോളം കുറഞ്ഞിട്ടുണ്ടെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കടുത്ത ചൂടില്‍ ദിവസവും അര അടിയോളം വെള്ളം കുറയുന്നതിനാല്‍ സംഭരണശേഷിയുടെ 28 ശതമാനം വെള്ളം മാത്രമാണു ശേഷിക്കുന്നത്. ഈ ജലം ഉപയോഗിച്ച് 40 ദിവസത്തോളം മാത്രമേ വൈദ്യുതി ഉല്‍പാദിപ്പിക്കാനാവൂ. 2405 അടി സംഭരണശേഷിയുള്ള ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2324 അടിയായി കുറഞ്ഞു. ഇത് 2280 അടിയിലേക്ക് എത്തിയാല്‍ വൈദ്യുതോല്‍പാദനം നിര്‍ത്തേണ്ടിവരും. മറ്റുപ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറയുകയാണ്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം ഈവര്‍ഷം പ്രതിദിനം 20 ലക്ഷം യൂനിറ്റോളം കുറവായിരുന്നു. എന്നിട്ടും അണക്കെട്ടുകളിലെ ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതുമില്ല. മൂലമറ്റം പവര്‍ഹൗസില്‍ 9 ദശലക്ഷം യൂനിറ്റില്‍ താഴെ വൈദ്യുതി മാത്രമാണ് ആഴ്ചകളായി ഉല്‍പാദിപ്പിക്കുന്നത്. ഇത് ആകെ ഉല്‍പാദനക്ഷമതയുടെ പകുതിപോലുമില്ല. പ്രതിസന്ധി കണക്കിലെടുത്ത് വൈദ്യുതോല്‍പാദനം കൂട്ടിയാല്‍ ജലനിരപ്പ് അതിവേഗം താഴ്ന്ന് പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും. 1300 ദശലക്ഷം യൂനിറ്റിനടുത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് സംസ്ഥാനത്തെ ജലസംഭരണികളില്‍ ശേഷിക്കുന്നത്.
എന്നാല്‍, ആവശ്യാനുസരണം മഴ പെയ്യാതിരിക്കുകയും പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു തടസ്സം നേരിടുകയും ചെയ്താല്‍ കേരളം ഇരുട്ടിലേക്കു നീങ്ങുമെന്നതില്‍ സംശയമില്ല. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പു കുറഞ്ഞതോടെ കേരളത്തിനൊപ്പം അയല്‍സംസ്ഥാനമായ തമിഴ്‌നാടും ആശങ്കയിലാണ്. നിലവില്‍ ജലനിരപ്പ് 110 അടിയിലെത്തി. ഇതോടെ വൈദ്യുതി ഉല്‍പാദനം നിര്‍ത്തിവച്ച് കുടിക്കാന്‍ ആവശ്യമായ വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോവുന്നത്. ജലനിരപ്പ് 104 അടിയിലെത്തിയാല്‍ കുടിവെള്ളവും തടസ്സപ്പെടും.
Next Story

RELATED STORIES

Share it