Flash News

കേരളം ഇന്ത്യയുടെ ഡിജിറ്റല്‍ പവര്‍ഹൗസ്‌ : കേരളത്തെ വാനോളം പുകഴ്ത്തി രാഷ്ട്രപതി



തിരുവനന്തപുരം: കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസകള്‍ കൊണ്ട് മൂടി വീണ്ടും രാഷ്ട്രപതി. ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ഐടി മേഖലകളില്‍ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ പുരോഗതി ഡിജിറ്റല്‍ ഇന്ത്യയെ അടിസ്ഥാനപ്പെടുത്തിയാവുമെന്ന് പറഞ്ഞ രാഷ്ട്രപതി, ഡിജിറ്റല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യയുടെ പവര്‍ഹൗസ് കേരളമാണെന്നും പറഞ്ഞു. ടെക്‌നോപാര്‍ക്ക് വികസനത്തിന്റെ നാലാംഘട്ടമായ ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമ്പത്തികമായും സാമൂഹികമായും ഒന്നാംസ്ഥാനത്താണ്. വിജ്ഞാനത്തിന്റെ ഉറവിടമാണ് കേരളം. സര്‍ക്കാര്‍ ഡിജിറ്റല്‍ മേഖലയില്‍ ശക്തമായ മുന്നേറ്റമാണ് കേരളം വഹിക്കുന്നത്. ഐടി മേഖലയില്‍ കേരളം കുതിപ്പ് തുടരുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ അഭിനന്ദനീയമാണ്. മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തെ കണ്ടുപഠിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ സമ്പത്ത് എംപി, സി ദിവാകരന്‍ എംഎല്‍എ, ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ഐടി സെക്രട്ടറി എം ശിവശങ്കര്‍, ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍  ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ടാഗോര്‍ ഹാളില്‍ രാഷ്ട്രപതിക്ക് തിരുവനന്തപുരം കോര്‍പറേഷന്‍ പൗരസ്വീകരണം നല്‍കി. ഇന്നു രാവിലെ അദ്ദേഹം എറണാകുളത്തേക്ക് പോവും.
Next Story

RELATED STORIES

Share it