kozhikode local

കേരളം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനം; പ്രഖ്യാപനം നാളെ



കോഴിക്കോട്: ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം കേരളം സാക്ഷാത്കരിച്ചതിന്റെ പ്രഖ്യാപനം നാളെ വൈകീട്ട് 3.30ന് കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൂടിയാണ് പ്രഖ്യാപന ചടങ്ങ് കോഴിക്കോട്ട് സംഘടിപ്പിച്ചത്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി, വൈദ്യുതി എത്താതിരുന്ന ഒന്നര ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി എത്തിക്കുന്നതിനായി 174 കോടി രൂപ മുതല്‍ മുടക്കി വൈദ്യുതി ലൈനുകളും അനുബന്ധ അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലികള്‍ കെഎസ്ഇബി പൂര്‍ത്തീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട്, പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട്, കെഎസ്ഇബിയുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂ ര്‍ത്തീകരിച്ചത്. വീടുകളുടെ വയറിംഗ് പൂര്‍ത്തീകരിക്കുന്നതിന് വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, കെഎസ്ഇബി ജീവനക്കാര്‍, ട്രേഡ് യൂനിയനുകള്‍ എന്നിവ സഹകരിച്ചിട്ടുണ്ട്. ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വൈദ്യുതി സുരക്ഷാ കാമ്പയിന്‍ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇ-ലെറ്റര്‍ പ്രഖ്യാപനം നിര്‍വഹിക്കും. പട്ടിക ജാതി, പട്ടികവര്‍ഗ നിയമ വകുപ്പ് മന്ത്രി എ കെ ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എംപി, എംഎല്‍എമാരായ ഡോ. എം കെ മുനീര്‍, കെ എം മാണി, അനൂപ് ജേക്കബ്, ഒ രാജഗോപാല്‍, ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സംസാരിക്കും.
Next Story

RELATED STORIES

Share it