thrissur local

കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാവും ; ഒരു വര്‍ഷത്തിനകം ഹൈടെക് ക്ലാസ്സുകള്‍ : മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്



ഇരിഞ്ഞാലക്കുട: അടുത്ത അദ്ധ്യയന വര്‍ഷം സംസ്ഥാനത്തെ എട്ട്, ഒമ്പത്, 10, 11, 12 ക്ലാസ്സുകള്‍ ഹൈടെക് ആക്കി മാറ്റുന്നതിന് കിഫ്ബിയില്‍ 400 കോടി രുപ വകയിരുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് റൂം സ്മാര്‍ട്ട് ക്ലാസ്സ് റൂമായി മാറ്റിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രണ്ടു വര്‍ഷത്തിനുളളില്‍ കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമാകും. പൊതു വിദ്യാഭ്യാസം സംരക്ഷിക്കപ്പെട്ടാലേ മതനിരപേക്ഷ ജനാധിപത്യ സമൂഹം വികസിക്കുകയുളളൂ. മാതൃഭാഷയിലുളള പൊതുവിദ്യാഭ്യാസത്തിലൂടെ മാത്രമേ ഇതിനു കഴിയൂ. ജീവതത്തിന്റെ സമസ്ത മേഖലകളിലും ജ്ഞാനമുളളവനേ വിദ്യാസമ്പന്നനാകുകയുളളൂ. കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കാണ് ഈ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ്സില്‍ മലയാളം നിര്‍ബന്ധമാക്കിയത്. പുതിയ പാഠ്യക്രമമനുസരിച്ചുളള അധ്യാപകരുടെ പരിശീലനം പൂര്‍ത്തിയാക്കി. ഇരിങ്ങാലക്കുട ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനം മാതൃകയാണ്. സര്‍ക്കാരിന്റെ നന്ദി വിദ്യാഭ്യാസ മന്ത്രി ഭാരവാഹികളെ അറിയിച്ചു. സ്‌കൂളുകളെ ലോക നിലവാരത്തിലേക്ക് എത്തിക്കുന്നതിന് ജനകീയ പിന്തുണ അഭ്യര്‍ത്ഥിച്ച മന്ത്രി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സഹായവുമായി സര്‍ക്കാര്‍ ഒപ്പം ഉണ്ടാകുമെന്ന ഉറപ്പും നല്‍കിയാണ് പ്രസംഗം അവസാനിപ്പിച്ചത്. പ്രഫ. കെ യു അരുണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമി ഷിജു സൈക്കിള്‍ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ബാഗ്, കുട എന്നിവയുടെ വിതരണവും നിര്‍വഹിച്ചു. മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് ചെയര്‍മാന്‍ എം ആര്‍ ഷാജു പ്രതിഭോത്സവം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ്എസ്എല്‍സി വിജയികള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് ട്രോഫി സമ്മാനിച്ചു. ഡിഇഒ എ കെ അരവിന്ദാക്ഷന്‍, പിടിഎ പ്രസിഡന്റ് പി എം തോമസ്, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ എ ജിനേഷ്, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ്ജ് എ സുധീര്‍, ഇരിങ്ങാലക്കുട ബിആര്‍സി ബി പി ഒ സുരേഷ് ബാബു എന്‍ എസ് സംസാരിച്ചു.
Next Story

RELATED STORIES

Share it