കേന്ദ്ര സാഹിത്യ അക്കാദമിയില്‍ വീണ്ടും രാജി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും നേരെ സംഘപരിവാര പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുമ്പോഴും കേന്ദ്ര സാഹിത്യ അക്കാദമി മൗനം വെടിയാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ സാഹിത്യകാരന്‍മാരുടെ കൂട്ടരാജി. കവിയും ചിന്തകനുമായ കെ സച്ചിദാനന്ദന്‍, കഥാകൃത്ത് പി കെ പാറക്കടവ് എന്നിവര്‍ അക്കാദമി അംഗത്വം രാജിവച്ചതായി അറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ്, ജനറല്‍ കൗണ്‍സില്‍, ഫിനാന്‍സ് കമ്മിറ്റി എന്നിവയില്‍ നിന്നാണ് സച്ചിദാനന്ദന്‍ രാജിവച്ചത്. എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ അക്കാദമി പരാജയപ്പെട്ടെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം സംരക്ഷിക്കുന്നതില്‍ അക്കാദമി പരാജയപ്പെട്ടെന്നു പറയേണ്ടിവന്നതില്‍ തനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദലിതരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുകയും എഴുത്തുകാരും സ്വതന്ത്രബുദ്ധി ജീവികളും വേട്ടയാടപ്പെടുകയും ചെയ്യുന്നു. ഒരു അദൃശ്യമായ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഇതിനോടുള്ള പ്രതിഷേധ സൂചകമായാണ് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം താന്‍ രാജിവെക്കുന്നതെന്ന് പി കെ പാറക്കടവ് കോഴിക്കോട്ട് അറിയിച്ചു.എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ട സമയത്തുതന്നെ താന്‍ അക്കാദമിക്ക് എഴുതിയിരുന്നു. എന്നാല്‍, അക്കാദമി ബംഗളൂരുവില്‍ ഒരു അനുശോചന പരിപാടി സംഘടിപ്പിക്കുക മാത്രമാണ് ചെയ്തത്. ദേശീയതലത്തില്‍ ഒന്നും ചെയ്തില്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് ദേശീയതലത്തില്‍ ഒരു പ്രമേയം പാസാക്കണമെന്ന തന്റെ അഭ്യര്‍ഥന അക്കാദമി നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സല്‍മാന്‍ റുഷ്ദിയുടെ വിവാദ ഗ്രന്ഥം നിരോധിച്ച സമയത്ത് അക്കാദമി പ്രമേയം പാസാക്കിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യകാരിയും ചിന്തകയുമായ സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കുമെന്നു വ്യക്തമാക്കി.  എഴുത്തുകാരിയെന്ന നിലയിലുള്ള തന്റെ കടമയാണ് താന്‍ നിര്‍വഹിക്കുന്നതെന്ന് അവര്‍ തൃശ്ശൂരില്‍ പറഞ്ഞു. അവാര്‍ഡായി ലഭിച്ച 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫ് പറഞ്ഞു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പെടുത്തുന്നതാണ്. എഴുത്തുകാരെ കൊന്നുകളയുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള ജനത്തിന്റെ അവകാശം പോലും നിഷേധിക്കുകയും ചെയ്തു ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരായ പ്രതിഷേധമായാണ് താന്‍ അവാര്‍ഡ് തിരിച്ചേല്‍പ്പിക്കുന്നതെന്ന് സാറ ജോസഫ് പറഞ്ഞു.ദാദ്രി സംഭവത്തില്‍ പ്രധാനമന്ത്രി പാലിച്ച ദിവസങ്ങള്‍ നീണ്ട കുറ്റകരമായ മൗനം നാം ഭയത്തോടെ ശ്രദ്ധയിലെടുക്കേണ്ട ഒന്നാണ്. ഇതിനെതിരെ പ്രതിഷേധിക്കേണ്ടത് എഴുത്തുകാരുള്‍പ്പടെയുള്ള സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ്.  പ്രതിരോധത്തിന്റെ ശക്തമായ ഭാഷ എന്ന നിലയിലാണ് പുരസ്‌ക്കാരം തിരിച്ചുനല്‍കുന്നതെന്നും സാറ ജോസഫ് പറഞ്ഞു. 2003ലാണ് സാറാ ജോസഫിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. അതേസമയം, ലഭിച്ച അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നതില്‍ അര്‍ഥമില്ലെന്ന് എം ടി വാസുദേവന്‍നായര്‍ പറഞ്ഞു.

എഴുത്തുകാരുടെ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണം നല്‍കി പുരസ്‌കാരങ്ങള്‍ വാങ്ങിയവരാകാം അവ തിരിച്ചുനല്‍കുന്നതെന്ന പി വല്‍സലയുടെ പ്രതികരണം ഏറെ വിവാദമായി. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനന്തരവള്‍ നയന്‍താര സെഹ്ഗാള്‍, ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും ഹിന്ദി കവിയുമായ അശോക് വാജ്‌പേയി എന്നിവര്‍ക്കു പുറമേ പ്രമുഖ ഉര്‍ദു നോവലിസ്റ്റ് റഹ്മാന്‍ അബ്ബാസും അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കിയിരുന്നു.
Next Story

RELATED STORIES

Share it